തിരുവനന്തപുരം: കോൺഗ്രസ് അണികളിൽ അവേശം വിതറി മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര'യെ വരവേൽക്കാൻ ഒരുങ്ങി കേരളം. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽനിന്നും ആരംഭിച്ച 'ഭാരത് ജോഡോ യാത്ര'യ്ക്ക് വൻ വരവേൽപ്പ് ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ കെപിസിസി പൂർത്തിയാക്കിക്കഴിഞ്ഞു.

ഞായറാഴ്ച കേരളത്തിൽ പ്രവേശിക്കുന്ന പദയാത്രയെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും കോൺഗ്രസ് സംസ്ഥാന നേതൃത്വം പൂർത്തിയാക്കിക്കഴിഞ്ഞു. വാദ്യമേളം, കേരളീയ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാറശാലയിൽ രാഹുൽ ഗാന്ധിയേയും പദയാത്രികരേയും വരവേൽക്കും. കേരളത്തിൽ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും.

രാവിലെ 7 മുതൽ 10 വരെയും തുടർന്ന് വൈകുന്നേരം നാലു മുതൽ രാത്രി ഏഴു വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റർ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള പദയാത്രയുടെ ഐക്യ സന്ദേശം രാജ്യത്തുടനീളമുള്ള വീടുകളിലെത്തിക്കാനാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്.

'മിലേ കദം, ജൂഡേ വതൻ' എന്നീ മുദ്രാവാക്യങ്ങൾ പങ്കുവയ്ക്കുന്നതും ഒന്നിച്ചു നിൽക്കാം എന്ന ആശയമാണ്. അഞ്ചു മാസം നീളുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് രാഹുൽ നടന്നു തീർക്കുക. അഞ്ചു മാസം നീണ്ടു നിൽക്കുന്ന യാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേർ ഉണ്ടാകും. ഈ യാത്രയിൽ ഉടനീളം ഒരു ഷിപ്പിങ് കണ്ടെയ്‌നറും രാഹുലിനെ പിന്തുടരുന്നുണ്ട്. രാത്രിയിൽ ഷിപ്പിങ് കണ്ടെയ്‌നർ ക്യാബിനിലാണ് രാഹുലിന്റെ ഉറക്കമെന്ന് കോൺഗ്രസ് അറിയിച്ചു.

'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം' എന്ന മുദ്രാവാക്യം ഉയർത്തി എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വലിയ സ്വീകരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ യാത്ര കേരള അതിർത്തിയായ പാറശാല ചേരുവരകോണത്തെത്തും.

സെപ്റ്റംബർ 11-ന് രാവിലെ ഏഴിന് പാറശാലയിൽ നിന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംപി, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, അടൂർ പ്രകാശ്, എം വിൻസന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി, എംപിമാർ എംഎൽഎമാർ, കെപിസിസി, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ചേർന്ന് ജാഥയെ സ്വീകരിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കന്യാകുമാരി മുതൽ യാത്രയെ അനുഗമിക്കുന്നുണ്ട്.

കേരളത്തിൽ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ദേശീയ പാതവഴിയും തുടർന്ന് നിലമ്പൂർവരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളിൽ നിന്നുമുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതൽ 11 വരെയും വൈകുന്നേരം 4 മുതൽ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തിൽ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവരുമായി ജാഥ ക്യാപ്റ്റൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും.

ഭാരത് ജോഡോ യാത്രയിൽ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവർക്കുള്ള താമസം, ഭക്ഷണം ഉൾപ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്ന് പോകുന്ന യാത്ര വിജയിപ്പിക്കാൻ ചിട്ടയായ പ്രവർത്തനമാണ് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ജോഡോ യാത്ര സംസ്ഥാന കോ-ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് കോൺഗ്രസ് അറിയിച്ചു. ഇതിനായി കെപിസിസി സബ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ വിവിധ സബ് കമ്മിറ്റികളുടെ യോഗം ഓൺ ലൈനായി കഴിഞ്ഞ ദിവസം ചേർന്ന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. കെപിസിസി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ സ്വാഗതസംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിൽ 11,12,13,14 തീയതികളിൽ പര്യടനം നടത്തി 14-ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15,16 തീയതികളിൽ കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന യാത്ര 17,18,19,20 തീയതികളിൽ ആലപ്പുഴയിലും 21,22-ന് എറണാകുളം ജില്ലയിലും 23,24,25 തീയതികളിൽ തൃശൂർ ജില്ലയിലും 26-നും 27-ന് ഉച്ചവരെയും പാലക്കാട് ജില്ലയിലും പര്യടനം പൂർത്തിയാക്കും. 28,29-നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കി, തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ വഴി കർണ്ണാടകത്തിൽ പ്രവേശിക്കും.150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30-നു സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും.