തൃശൂര്‍: ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട നാലംഗ കുടുംബത്തിലെ എല്ലാവരും മരിച്ചു. നാല് പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി സ്വദേശികളായ കബീര്‍ (47), ഭാര്യ റെയ്ഹാന (35), മകള്‍ സൈറ (10), കബീറിന്റെ സഹോദരിയുടെ മകന്‍ സനു (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് ശമ്ശാനം കടവിലായിരുന്നു അപകടം.

റെയ്ഹാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഭാരതപ്പുഴ കാണാനാണ് കുടുംബം എത്തിയതെന്നാണ് വിവരം. കുട്ടികളില്‍ ഒരാള്‍ പുഴയില്‍ വീണതോടെ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ എല്ലാവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.




പുഴയില്‍ ധാരാളം കുഴികള്‍ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ തീരത്ത് ഉണ്ടായിരുന്നില്ല. ഇവര്‍ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും നാട്ടുകാര്‍ പറയുന്നു. വടക്കാഞ്ചേരി, ഷൊര്‍ണൂര്‍ അഗ്നിരക്ഷാ സേനാംഗങ്ങളാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ചെറുതുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇരുട്ടായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.

മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫ‍ർ-ഷഫാന ദമ്പതികളുടെ മകനാണ്. പങ്ങാരപ്പിള്ളി സെന്‍റ് ജോസഫ് എച്ച്എസ്എസ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവിലെ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ, കുട്ടികള്‍ കടവിനോട് ചേര്‍ന്നുള്ള ഭാരതപ്പുഴയടെ തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.