- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കയ്ക്കും, ബംഗ്ലാദേശിനും, പാക്കിസ്ഥാനും പിന്നാലെ ഭൂട്ടാനും വീഴുന്നു; ഫോറിൻ റിസർവ് കുത്തനെ ഇടിയുന്നു; സാമ്പത്തിക സൂചികയ്ക്ക് പകരം സന്തോഷ സൂചികയുണ്ടാക്കിയ കൊച്ചുരാജ്യത്തിൽ ഇനി കർശന നിയന്ത്രണം; വാഹന ഇറക്കുമതിക്ക് വിലക്ക്; ഉപഭൂഖണ്ഡത്തിൽ പ്രതിസന്ധിയില്ലാതെ തലയുയർത്തി നിൽക്കുന്നത് ഇന്ത്യ മാത്രം!
ഫൈനാഷ്യൽ എപ്പിഡമിക്ക് അഥവാ സാമ്പത്തിക സാംക്രമികരോഗം എന്ന് വിളിക്കുന്ന രീതിയിലേക്ക്, ഇന്ത്യൻ ഉപഭൂഖണ്ഡം മാറുന്നതിന്റെ കൃത്യമായ സൂചനകൾ നൽകിക്കൊണ്ട് മേഖലയിലെ ഒരു രാജ്യം കൂടി തകർച്ചയിലേക്ക്. ശ്രീലങ്കക്കും, പാക്കിസ്ഥാനും, ബംഗ്ലാദേശിനും, പിന്നാലെ ഭൂട്ടാൻ എന്ന സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കുന്ന നാടും സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേരത്തെ ഫോറിൻ റിസർവ് വൻ തോതിൽ ഇടിഞ്ഞുകൊണ്ട് നേപ്പാൾ പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യം പറയാൻ തന്നെയില്ല. അങ്ങനെ വരുമ്പോൾ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാര്യമായ പ്രശ്നമില്ലാതെ പിടിച്ചു നിൽക്കുന്ന ഏക രാജ്യമായി ഭാരതം മാറുകയാണ്.
പക്ഷേ അയൽവാസികൾ എല്ലാം സാമ്പത്തിക കൂഴപ്പത്തിൽ പെടുന്നത് ഇന്ത്യക്കും പ്രശ്നമാണ്. വിദേശനാണ്യശേഖരം കുത്തനെ ഇടിഞ്ഞതിനെ തുടർന്ന്, വാഹന ഇറക്കുമതി നിർത്തിവെക്കുന്നത് അടക്കമുള്ള കർശനമായ നടപടികളാണ് ഭൂട്ടാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂട്ടാനിലേക്കുള്ള വാഹന ഇറക്കുമതി ഏറെയും ഇന്ത്യയിൽ നിന്നാണ്. ബംഗാളിലെ സിലിഗുരിയിൽനിന്നാണ് ഭൂട്ടാനിലേക്കുള്ള സ്പെയർ പാർട്സുകൾ പോലും പോകുന്നത്. ആ വഴിക്ക് നോക്കുമ്പോൾ ഇന്ത്യക്കും നഷ്ടമാണ് ഭൂട്ടാനിലെ പ്രതിസദ്ധി. കോവിഡിന്റെ ഭാഗമായി ടൂറിസം വിപണി തകർന്നതും, യുക്രൈൻ യുദ്ധത്തിന്റെ ഫലമായി എണ്ണ വില ഉയർന്നതുമാണ്, ഭൂട്ടാനെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്.
പ്രാദേശിക വസ്തുക്കൾ ഉപയോഗിക്കുക
കോവിഡ് മൂലം രാജ്യം അടച്ചിടേണ്ടി വന്നതോടെ ഭൂട്ടാന്റെ ടൂറിസം മേഖല പൂർണമായി ഇല്ലാതായി. അതോടൊപ്പം മറ്റ് മേഖലകളും തളർച്ചയിലായതാണ് ഭൂട്ടാൻ ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധി. ഇതിന്റെ ഫലമായി രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടായി. അമേരിക്കൻ ഡോളറും ഇന്ത്യൻ രൂപയും ചേർന്നതാണ് ഭൂട്ടാന്റെ വിദേശനാണ്യ ശേഖരം. ഇത് 2021 ജൂലൈയിൽ 127 കോടി ഡോളർ ആയിരുന്നത് ഇക്കഴിഞ്ഞ ഡിസംബറിൽ 97 കോടി ഡോളർ ആയി കുറഞ്ഞതാണ് ഭൂട്ടാനും ശ്രീലങ്കയുടെ വഴിയേ ആണോ എന്ന സംശയം ഉയർത്തിയത്. ഇതിനുള്ള തിരുത്തൽ നടപടികൾ എന്ന നിലയിലാണ്, ഭൂട്ടാൻ കർശന സാമ്പത്തിക നിയന്ത്രണങ്ങൾ വെച്ചത്.
അവശ്യ വസ്തുക്കൾ അല്ലാത്തവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുക, വ്യാപാര കമ്മി കുറയ്ക്കുക, കുറഞ്ഞുകൊണ്ടിരിക്കുന്ന വിദേശനാണ്യ ശേഖരം പിടിച്ചു നിർത്തുക തുടങ്ങിയവയാണ് സാമ്പത്തിക അച്ചടക്ക നടപടികളിലൂടെ ഭൂട്ടാൻ ലക്ഷ്യമിടുന്നത്. ഇതിൽ പ്രധാനം വാഹനങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരിക എന്നതാണ്. ബുൾഡോസർ, ജെസിബി പോലുള്ള ഹെവി എർത്ത്മൂവിങ് വാഹനങ്ങൾ, കാർഷിക വൃത്തിക്കുള്ളവ, 20,000 ഡോളറിൽ താഴെയുള്ള യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവ ഒഴിച്ചുള്ള വാഹനങ്ങളുടെ ഇറക്കുമതി നിർത്തി വയ്ക്കാനാണ് ഇപ്പോൾ തീരുമാനം. ഇതോടൊപ്പം, ടൂറിസവുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ ഇറക്കുമതിക്കും ഇളവുണ്ട്. ആറു മാസത്തിനു ശേഷം രാജ്യത്തിന്റെ ധനസ്ഥിതി പരിശോധിച്ചിട്ട് ഈ നിയന്ത്രണങ്ങൾ നീക്കണോ എന്നു തീരുമാനിക്കും.
കഴിഞ്ഞ വർഷം 8600ഓളം വാഹനങ്ങൾ ഭൂട്ടാൻ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ആദ്യ ആറു മാസത്തിനിടയിൽ 3700 വാഹനങ്ങളും ഇറക്കുമതി ചെയ്തു. 2020ലെ കണക്കനുസരിച്ച് ഭൂട്ടാൻ ഇറക്കുമതി ചെയ്ത വാഹനങ്ങളിൽ 80 ശതമാനവും ഇന്ത്യയിൽ നിന്നും 17 ശതമാനം ജപ്പാനിൽ നിന്നുമാണ്. അതേ സമയം, വാഹന ഇറക്കുമതിയുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വടക്കൻ ബംഗാളിനെ, പ്രത്യേകിച്ച് സിലിഗുഡിയെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നുണ്ട്. ഭൂട്ടാനിലെ വാഹനങ്ങൾക്കുള്ള സ്പെയർപാട്സുകൾ അടക്കമുള്ളവ ഇവിടെ നിന്നാണ് പോവുന്നത്.
അടഞ്ഞ ഇക്കോണമി വില്ലനാവുന്നു
ഇപ്പോഴും പൂർണ്ണമായും തുറന്നിട്ടില്ലാത്ത അടഞ്ഞ ഇക്കോണമിയും ഭൂട്ടാൻ പ്രതിസദ്ധിക്ക് ആക്കും കൂട്ടുന്നു. ശ്രീലങ്കയെപ്പോലെ അവശ്യവസ്തുക്കളുടെ കാര്യത്തിൽ ഇറക്കുമതിയെ മാത്രം ആശ്രയിച്ചു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. കഴിഞ്ഞ ഒരു ദശകമായി മാനുഫാക്ചറിങ് മേഖല ജിഡിപിയിലേക്ക് കാര്യമായി ഒന്നും സംഭാവന ചെയ്യുന്നില്ല. നിർമ്മാണം, ഖനന, വൈദ്യുതി മേഖലകളാണ് വ്യവസായ മേഖലകളിൽ നിന്നുള്ള സംഭാവന നൽകുന്നത്. ഇതിൽ ജലവൈദ്യുത നിർമ്മാണവും ടൂറിസവുമാണ് ഭൂട്ടന്റെ ഏറ്റവും വലിയ വരുമാന മാർഗങ്ങൾ. നിർമ്മാണ, ഖനന, ടൂറിസം മേഖലകൾ കോവിഡ് വന്നതോടെ പൂർണമായി നിന്നു പോയി. ഇത് രാജ്യത്തെ ആഭ്യന്തര ബിസിനസുകളെയും ഗുരുതരമായി ബാധിച്ചു, നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. ഈ പ്രതിസന്ധിയിലും ഭൂട്ടാൻ പിടിച്ചു നിന്നത് ഇന്ത്യയിൽ നിന്നടക്കമുള്ള ഇറക്കുമതിയിലൂടെയായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം മുഴുവൻ ഇറക്കുമതി ചെയ്തതിനേക്കാൾ കൂടുതലാണ് ഈ വർഷത്തെ ആറു മാസം മാത്രം ഇറക്കുമതി ചെയ്ത വസ്തുക്കളുടെ മൂല്യമെന്ന് രാജ്യത്തിന്റെ ധനമന്ത്രി നാമ്ഗെയ് ഷെറിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതാണ് ഇറക്കുമതി കൂടാൻ കാരണം. 2020-ൽ ആകെ ഇറക്കുമതി 6663 കോടി എൻഗുൽത്രം (ഭൂട്ടാൻ കറൻസി എൻയു) ആയിരുന്നത് 20121ൽ 9022 കോടി എൻയു ആയി വർധിച്ചു. ഈ സമയത്തെ വ്യാപാരക്കമ്മിയാകട്ടെ 1800 കോടി എൻഗുൽത്രമിൽ നിന്ന് 3200 കോടി ആയി കൂടുകയും ചെയ്തു.
ഭൂട്ടാനിൽ ഏകദേശം 60,000ത്തിനു മേൽ ഇന്ത്യക്കാർ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യൻ ബാങ്കുകളുടെ ബ്രാഞ്ചുകളും എടിഎമ്മുകളുമൊക്കെയുള്ള സ്ഥലം. ജനങ്ങൾ ഇന്ത്യൻ രൂപയിൽ വിനിമയം നടത്താൻ ഇഷ്ടപ്പെടുന്നു. എങ്കിലും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം 80ലെത്തിയത് ഭൂട്ടാൻ സമ്പദ്വ്യവസ്ഥയ്ക്കും തിരിച്ചടിയായി. അതോടൊപ്പം ഭൂട്ടാൻ കറൻസിയെ അപേക്ഷിച്ച് ഡോളർ നിരക്ക് കൂടിയത് ഇന്ധന വർധനവിനും കാരണമായി. മാത്രമല്ല, രാജ്യത്തിന്റെ കടം തിരിച്ചടവിനെയും ഇത് ബാധിച്ചു.
ഭൂട്ടാൻ ജിഡിപിയുടെ ആറു ശതമാനം ടൂറിസത്തിൽ നിന്നുള്ള വരുമാനമാണ്. കോവിഡിനെ തുടർന്ന് അടച്ചിട്ട ശേഷം സെപ്റ്റംബർ 23ന് ടൂറിസം മേഖല വീണ്ടും തുറക്കുകയാണ്. അത്കൊണ്ട് പതുക്കെയാണെങ്കിലും കയറിവരാം എന്ന പ്രതീക്ഷ ഭൂട്ടാൻ നൽകുന്നുണ്ട്. സമാധാനത്തിന്റയും സന്തോഷത്തിന്റെയും നാടായാണ് പൊതുവെ ഭൂട്ടാനെ വിലയിരുത്താറുള്ളത്. സമ്പദ്വ്യവസ്ഥ അളക്കാൻ മൊത്ത ആഭ്യന്തര ഉൽപ്പാദനം എന്ന ജിഡിപിക്ക് പകരം നങ്ങളുടെ സംതൃപ്തിയുടെ സൂചികയായ മൊത്ത സന്തോഷ സൂചിക നടപ്പാക്കിയ രാജ്യം. 70 ശതമാനവും വനത്താൽ നിറഞ്ഞ പരിസ്ഥിതി മലിനീകരണം ഏറെ കുറഞ്ഞ രാജ്യം. പക്ഷേ സാമ്പത്തിക പ്രതിസന്ധി ഈ നാടിന്റെ സമാധാനം കൊടുത്തുമോ എന്നാണ് ആശങ്ക.
തലയുയർത്തി നിൽക്കുന്നത് ഇന്ത്യ മാത്രം
ആഗോള വ്യാപകമായ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ ലോകത്ത് യുക്രൈൻ യുദ്ധത്തോടെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അതിനൊപ്പം മോശം ഫിനാൻസ് പ്ലാനിങ്ങ് കൂടി ആയതോടെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഒട്ടുമിക്ക രാജ്യങ്ങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒരു ചായക്ക് 240 രൂപയും ഒരു പാക്കറ്റ് പാലിന് 1000 രൂപയുമായി ആകെ തകർന്ന് തരിപ്പണമായി ശ്രീലങ്കയിൽ ജനം പ്രസിഡന്റിന്റ കൊട്ടാരം വരെ കൈയേറിയത് നാം കണ്ടതാണ്. സമാനമായ അവസ്ഥയിലൂടെയാണ് പാക്കിസ്ഥാനും കടന്നുപോകുന്നത്. വിലക്കയറ്റം 110 ശതമാനം ആയ പാക്കിസ്ഥാൻ ആകെ പാപ്പരായി ഐഎംഎഫിന്റെ സഹായത്തിനായി കേഴുകയാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ പുരാവസ്തുക്കൾ തൊട്ട് മൃഗശാലയിലെ സിംഹങ്ങളെ വരെ വിൽക്കേണ്ട ഗതികേടിലാണ് ജിന്നയുടെ വിശുദ്ധനാട് ഇപ്പോൾ. തൊട്ടടുത്തുള്ള നേപ്പാളിന്റെ അവസ്ഥയും ദയനീയമാണ്. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെ കാര്യവും തഥൈവ.
ലോകത്ത് എറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യയെയാണ് എഡിബി കണക്കാക്കിയിരുന്നത്. പക്ഷേ തൊട്ടുപിന്നിൽ ബംഗ്ലാദേശ് ഉണ്ടായിരുന്നു.ഒരു ദശാബ്ദത്തിലേറെ ആറ് ശതമാനം വാർഷിക വളർച്ചയുണ്ടാക്കി ബംഗ്ലാദേശ് ലോകത്തെ ഞെട്ടിച്ചു. ഇക്കണക്കിന് പോവുകയാണെങ്കിൽ 2041ഓടെ ബംഗ്ലാദേശ് പുർണ്ണമായും ഒരു വികസിത രാജ്യമായി മാറുമെന്നും പല സാമ്പത്തിക വിദഗ്ധരും വിലയിരുത്തിയിരുന്നു. പക്ഷേ ഇപ്പോൾ ഫോറിൻ റിസർവ് ഇടിഞ്ഞ്, ബംഗ്ലാദേശും പ്രതിസന്ധിയിലായി. ഏഷ്യൻ കടുവകൾ ആവും എന്ന് കരുതിയ ഈ രാജ്യത്ത് വൈദ്യുതിക്കും ഇന്ധനത്തിനും വേണ്ടി ജനം തെരുവിൽ ഇറങ്ങിയിരിക്കയാണ്. ഇവിടെ വൈദ്യുതി ഉപയോഗം കുറക്കുന്നതിനായി, ആഴ്ചയിൽ സ്‌കൂളുകളുടെ അവധി രണ്ട് ദിവസമാക്കിയിട്ടുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം ഒരു മണിക്കൂർ കുറയ്ക്കുകയും ചെയ്തു. ഇപ്പോൾ ഏറ്റവും ഒടുവിലായി പ്രാദേശിക ബാങ്കുകൾ തകരുന്നതിന്റെയും, റിയൽ എസ്റ്റേറ്റ- കൺസ്ട്രക്ഷൻ കമ്പനികൾ പാപ്പരാവുന്നിന്റെ വാർത്തകളാണ് ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈനയിൽനിന്ന് കേൾക്കുന്നത്.
പക്ഷേ അപ്പോഴും ശതകോടികളുടെ കടവും ബാധ്യതകളും ഉണ്ടെങ്കിലും പിടിച്ചു നിൽക്കുന്നത് ഇന്ത്യയാണ്. കോവിഡ് കാലത്തെ പ്രതിസന്ധിയും രാജ്യം പതുക്കെ മറികടന്നു. ഇപ്പോൾ 642 ബില്ല്യൻ യുഎസ് ഡോളർ ആണ് ഇന്ത്യയുടെ ഫോറിൻ റിസർവ്. പക്ഷേ എണ്ണ വിലവർധമൂലം ഉള്ള പ്രതിന്ധികൾ ഉണ്ടെങ്കിലും ഭാരതം പിടിച്ചു നിൽക്കുനനുണ്ട്. മാത്രമല്ല, ഭൂട്ടാനും, ലങ്കയും, നേപ്പാളും അടക്കമുള്ള രാജ്യങ്ങൾ സഹായത്തിനായി ഉറ്റുനോക്കുന്നതും ഇന്ത്യയെ തന്നെയാണ്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ