- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെഡ് ക്രസന്റ് ആശുപത്രി അമിത ബിൽ ഈടാക്കിയതായി പരാതി
കോഴിക്കോട്: കൈയിലെ ഒടിവിന് ചികിത്സിക്കാനെത്തിയ മധ്യവയസ്‌കയിൽ നിന്ന് ആശുപത്രി അധികൃതർ അമിത ബിൽ ഈടാക്കിയതായി പരാതി. വീണതിനെത്തുടർന്ന് കൈയ്ക്ക് പരിക്കേറ്റ്, ചികത്സക്കെത്തിയ, തന്റെ സഹോദരി മിനി രാജനിൽ നിന്ന്, കോഴിക്കോട് ചുങ്കത്തുള്ള റെഡ് ക്രസന്റ് ആശുപത്രി അധികൃതർ 80,000 ത്തോളം രൂപ വാങ്ങിയതായി കാണിച്ച് കോഴിക്കോട് ഫറോക്ക് ചുങ്കം മാവിലാടത്ത് മുരളീധരനാണ് കേന്ദ്ര ഏജൻസികൾക്കും, സംസ്ഥാന ആരോഗ്യവകുപ്പിനും പരാതി നൽകിയത്.
ഓപ്പറേഷനും ആനുബന്ധ ചെലവുകൾക്കും എന്ന് കാണിച്ചാണ് എഴുപത്തയ്യായിരത്തി അഞ്ഞൂറ്റി ഇരുപത് രൂപ ആശുപത്രി അധികൃതർ വാങ്ങിയിട്ടുള്ളത് എന്ന് ബില്ലിൽ നിന്നു് വ്യക്തമാണ്. ഇതുകൂടാതെ മരുന്നുകൾക്ക് മാത്രമായി അയ്യായിരത്തോളം രൂപ വേറേയും ഈടാക്കിയതായും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.
ഓപറേഷൻ നടത്തിയ സർജ്ജന് 16,000 രൂപ, ഒരുവട്ടം റൂമിൽ വന്ന് പനിയുണ്ടോ എന്നു ചോദിച്ചു പോയ ഡോക്ടർക്ക് 13,000 രൂപ, ഓപറേഷൻ തിയേറ്ററിന്റെ വാടക ഇനത്തിൽ 18,000 രൂപ, അനസ്‌തേഷ്യ ഡോക്ടർക്കും മരുന്നിനുമായി 10,000 രൂപ, ഓർത്തോ ഉപകരണങ്ങളുടെ ചാർജ്ജായി 14,500 രൂപ എന്നിങ്ങനെയാണ് ആശുപത്രി നൽകിയ ബില്ലിലെ ഇനം തിരിച്ചുള്ള കണക്ക്. ഇത് തീർത്തും അന്യായമാണെന്ന് കാണിച്ചാണ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഇൻകംടാക്‌സ്, ,ജിഎസ്റ്റി എന്നീ വിഭാഗങ്ങൾക്കാണ് മുരളീധരൻ പരാതി നൽകിയത്. അതോടൊപ്പം സംസ്ഥാന ഹെൽത്ത് ഡയറക്ടർക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
അടിസ്ഥാനരഹിതമെന്ന് ആശുപത്രി
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് റെഡ് ക്രസന്റ് ഹോസ്പിറ്റലിൽ വാർത്താ കുറിപ്പിൽ അറിയിച്ചു. വാർത്താ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്. -
'റെഡ് ക്രസന്റ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം, അപകടവും ആഘാതവും, കൈ, മൈക്രോ വാസ്‌കുലർ സർജറി, നട്ടെല്ല് ശസ്ത്രക്രിയ ജോയിന്റ് റീപ്ലേസ്‌മെന്റ്, ആർത്രോസ്‌കോപ്പിക് സർജറി എന്നിവ കൈകാര്യം ചെയ്യാൻ കഴിവുള്ള ഏഴ് ഓർത്തോപീഡിക് സർജന്മാരുള്ള ഒരു വിഭാഗമാണ്. രോഗിയുടെ സുരക്ഷയും പരിചരണത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ലാമിനാർ എയർഫ്ലോ, ഹെപ്പാഫിൽറ്റർ മറ്റ് ഉപകരണങ്ങളും ഓർത്തോപീഡിക് ഓപ്പറേഷൻ തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്നു.
ശസ്ത്രക്രിയ - കൈത്തണ്ട ഒടിവിനുള്ള (Fracture Distal End Radius) ഓപ്പൺ റിഡക്ഷൻ ആൻഡ് ഇന്റേണൽ ഫിക്സേഷൻ 12 ജൂൺ 2024. രോഗനിർണയം, ചികിത്സാ പദ്ധതി, നിർദ്ദിഷ്ട ചികിത്സയുടെ ചെലവ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷമാണ് രോഗിയെ പ്രവേശിപ്പിച്ചത്. സമ്മതത്തിന് ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്.
സർജൻ ഫീസ്
12 വർഷത്തിലേറെ പരിചയമുള്ള ഓർത്തോപീഡിക് സർജനുമായ സീനിയർ ഓർത്തോപീഡിക് സർജനാണ് ഓപ്പറേഷൻ നടത്തിയത്. അദ്ദേഹത്തെ സഹായിക്കാൻ എംഎസ് ഓർത്തോ ഉള്ള പരിചയ സമ്പന്നനായ ഒരു അസിസ്റ്റന്റ് സർജനും ശാസ്ത്രക്രിയയിൽ പങ്കാളിയായിരുന്ന (സർജൻ ചാർജ് 16,000 രൂപയും അസിസ്റ്റിങ് ഓപ്പറേറ്റിങ് ചാർജ് 13,000 രൂപയും)
അനസ്തേഷ്യ ചാർജ്
ഈ ശസ്ത്രക്രിയയ്ക്ക് (ഓപ്പൺ റിഡക്ഷൻ, ഇന്റേണൽ ഫിക്സേഷൻ ഡിസ്റ്റൽ റേഡിയസ്) അനസ്തേഷ്യ ആവശ്യമാണ്. അത് അനസ്തെറ്റിക് മെഡിസിനും ഉപകരണങ്ങളും ഉപയോഗിച്ച് അനസ്തേഷ്യ നൽകുന്നു (5000 രൂപ + 5000 അനസ്തേഷ്യ ഡോക്ടർ ഫീസ്, അനസ്തേഷ്യ ഉപഭോഗവസ്തുക്കൾ, അനസ്തേഷ്യ മരുന്നുകൾ)
ഓപ്പറേഷൻ തിയേറ്റർ ചാർജ്
ഓർത്തോപീഡിക് സർജറി നടത്തുന്നതിന്, ശസ്ത്രക്രിയാ വിദഗ്ദ്ധർ കൂടാതെ ഒരു സ്‌ക്രബ് നഴ്‌സ്, ഒരു ഫ്ലോർ സ്റ്റാഫ്, ഒടി ടെക്‌നീഷ്യൻ, അനസ്‌തേഷ്യ ടെക്‌നീഷ്യൻ എന്നിവ ഒടിയിൽ ആവശ്യമാണെന്ന് പൊതുവായി അറിയാവുന്നതുപോലെ. അണുവിമുക്തമായ തുണിത്തരങ്ങൾ, സ്വയം അലിഞ്ഞു പോകുന്ന തയ്യൽ നൂലുകൾ, ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉള്ള ചാർജ് തുടങ്ങിയവക്കുള്ളതാണ് ഓപ്പറേഷൻ തിയറ്റർ ചാർജ് (18,000 രൂപ) ഉൾപ്പെടുന്നു.
ഇംപ്ലാന്റ് ചാർജ്
ഇംപ്ലാന്റ് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് രോഗിയുമായും ബന്ധുക്കളുമായും ചർച്ച ചെയ്ത ശേഷം ശസ്ത്രക്രിയയ്ക്ക് ടൈറ്റാനിയം ലോക്കിങ് പ്ലേറ്റും സ്‌ക്രൂകളും ഉപയോഗിക്കാൻ കൂട്ടായി തീരുമാനിച്ചു (14,500 രൂപ)
മരുന്ന് ചാർജ്
ഇൻപേഷ്യന്റ് സ്റ്റേ സമയത്ത്, അണുബാധ തടയുന്നതിനുള്ള മരുന്നുകൾ ആവശ്യമാണ്, പോസ്റ്റ് ഓപ്പറേഷൻ, പ്രീ-ഓപ്പറേറ്റീവ് മെഡിസിൻ എന്നിവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രവേശനത്തിന് മുമ്പ് പ്രാഥമിക ശസ്ത്രക്രിയാ വിദഗ്ധൻ തന്നെ രോഗിക്കും ബന്ധുക്കൾക്കും ചികിത്സാ ഓപ്ഷനുകളും ചികിത്സാ നിരക്കുകളും വിശദമായി വിശദീകരിച്ചു. ചികിത്സയ്ക്ക് വേണ്ടിവരുന്ന യഥാർത്ഥ ചെലവാണ് ബില്ലിൽ കാണിച്ച ചികിത്സാ ചെലവ്"- റെഡ്ക്രസന്റ് ആശുപത്രി പി ആർ ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.