പത്തനംതിട്ട: ബാറിലും പുറത്തും പൊരിഞ്ഞ അടി. ടച്ചിങ്സിൽ കൈയിട്ടു വാരിയെന്നു പറഞ്ഞ് തുടങ്ങിയ അടിയാണ് തെരുവുയുദ്ധമായത്. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. കേസെടുക്കാൻ ചെന്ന പൊലീസിനെ അമ്പരപ്പിച്ചു കൊണ്ട് ഒടുവിൽ തമ്മിലടിക്കാർ പ്രശ്നം പറഞ്ഞു തീർത്ത് കോംപ്ലിമെൻസാക്കി!

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ അമല ബാറിനും പുറത്തുമായാണ് കൂട്ടയടി നടന്നത്. തിങ്കളാഴ്ച രാത്രി 9.15നായിരുന്നു സംഭവം. മൂന്നു പേർ വീതമുള്ള രണ്ട് സംഘങ്ങൾ തമ്മിലായിരുന്നു തർക്കം. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുൺ, ശ്യാം എന്നിവർക്കാണ് ക്രൂരമർദനമേറ്റത്.

നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവർ ചേർന്നാണ് ഇവരെ മർദിച്ചത്. മൂന്ന് പേര് അടങ്ങുന്ന രണ്ട് സംഘം അടുത്തടുത്തുള്ള മേശമേൽ ഇരുന്നു മദ്യപിച്ചു. തുടർന്ന് ലഹരി മൂത്തപ്പോൾ മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിലേക്ക് നയിച്ചത്. ബാറിനുള്ളിൽ സംഘം അടിയുണ്ടാക്കിയതോടെ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്താക്കുകയായിരുന്നു. തുടർന്നാണ് പുറത്തു വച്ച് ഇവർ ഏറ്റുമുട്ടിയത്.

ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മർദനമേറ്റ് രണ്ട് യുവാക്കൾ ബോധരഹിതരായി നിലത്തു വീണു. ഹെൽമറ്റ് ഉപയോഗിച്ചുള്ള അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. മൂന്നംഗസംഘത്തിലെ ഒരാൾ നിലത്തുവീണ് കിടക്കുന്ന രണ്ട് യുവാക്കളുടെ തലയിൽ ഹെൽമറ്റ് ഉപയോഗിച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ക്രൂരമായി അടിയേൽക്കുന്നതുകണ്ട്, ചത്തുപോകത്തേയുള്ളൂ എന്ന് ദൃക്സാക്ഷികൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. ആദ്യഘട്ടത്തിൽ കാഴ്ചക്കാരായി നിന്ന നാട്ടുകാർ തന്നെയാണ് ഒരു സംഘത്തെ വിരട്ടിയതിന് ശേഷം ഷൈജു, അരുൺ എന്നിവരെ ആശുപത്രിയിലെത്തിച്ചത്. ശ്യാം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിലെത്തിയെങ്കിലും മദ്യലഹരിയിലുള്ള ഇവർ പൊലീസിനേയും ആശുപത്രി ജീവനക്കാരേയും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ഒടുവിൽ നഷ്ടപരിഹാരം നൽകി ഇരുകൂട്ടരും കേസ് വേണ്ടെന്ന നിലപാടിൽ എത്തുകയായിരുന്നു. ഇതിനിടെ മർദന ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.