- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെർച്വൽ ക്യൂ ബുക്കിങ്ങിൽ വീഴ്ച; ശബരിമലയിൽ വൻഭക്തജന തിരക്ക്; തുടർച്ചയായി 14 മണിക്കൂറോളം ക്യൂവിൽ നിന്ന് തളർന്ന് ഭക്തർ; തിരക്ക് നിയന്ത്രിക്കാനാകാതെ വലഞ്ഞ് പൊലീസും; ദേവസ്വം ബോർഡ് ഭക്തരുടെ ജീവൻ വച്ച് പന്താടുന്നുവെന്ന് ആക്ഷേപം
സന്നിധാനം: ശബരിമലയിൽ വൻ ഭക്തജന തിരക്ക്. പൊലീസിനും പോലും തിരക്ക് നിയന്ത്രിക്കാനാവുന്നില്ല. തുടർച്ചയായി 14 മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ഭക്തർ തളർന്നു. വെർച്ച്വൽ ക്യൂ ബുക്കിങ്ങിൽ വീഴ്ച വന്നുവെന്ന് ഭക്തർ. ദേവസ്വം ബോർഡ് ഭക്തരുടെ ജീവൻ പന്താടുകയാണെന്നും ആക്ഷേപം.
ശനിയാഴ്ച പുലർച്ചെ രണ്ടു മണിക്ക് മല കയറി ദർശനം നടത്താനെത്തിയ ഭക്തർ ശരംകുത്തിയാലിന് സമീപം ക്യൂവിൽ കുടുങ്ങി കിടക്കുകയാണ്. കുട്ടികളും വയോധികരും അടക്കം നിരവധിപേരാണ് ക്യൂവിൽ നിന്നു വലയുന്നത്. ദേവസ്വം ബോർഡിന്റെ വീഴ്ചയാണെന്നാണ് ഭക്തരുടെ ആക്ഷേപം.
അനിയന്ത്രിതമായി ദേവസ്വം ബോർഡ് ബുക്കിങ് സ്വീകരിച്ചതാണ് ഭക്തരെ വലച്ചതെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച ദിവസത്തേക്ക് വെർച്ച്വൽ ക്യൂ ബുക്കിങ്ങ് തൊണ്ണൂറായിരമാണ് സ്വീകരിച്ചത്. കൂടാതെ സ്പോട്ട് ബുക്കിങ്ങ് വേറെയും. ഇതിനിടയിൽ വെള്ളിയാഴ് 7 മണിക്ക് ദർശനത്തിനായെത്തിയ ഭക്തർ മഴമൂലം ദർശനം നടത്താൻ കഴിയാതെ സന്നിധാനത്തിന് സമീപം കുടുങ്ങി. ഇതോടെ ശനിയാഴ്ച പുലർച്ചെ ബുക്കിങ്ങിനെത്തിയവർ കിലോ മീറ്ററുകളോളം പിന്നിലായി ഇതാണ് ഭക്തരെ വലച്ചത്. പൊലീസ് തിരക്ക് നിയന്ത്രിക്കാനാവാതെ വലയുകയാണ്.
അതേസമയം തീർത്ഥാടക തിരക്ക് കണക്കിലെടുത്ത് ശബരിമല സന്നിധാനത്ത് ഭക്തർക്ക് ശയനപ്രദക്ഷിണം നടത്തുന്നതിന് പുതിയ സമയക്രമീകരണം. രാത്രി നടയടച്ച ശേഷം മാത്രമാകും ഇനി മുതൽ ശയനപ്രദക്ഷിണം നടത്താൻ അനുവാദം. തീർത്ഥാടകത്തിരക്കിൽ ശയനപ്രദക്ഷിണം ബുദ്ധിമുട്ടായതിനാലാണ് പുതിയ ക്രമീകരണം. ദിവസവും രാത്രി 11ന് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം തിരുമുറ്റം കഴുകി വൃത്തിയാക്കും. അതിനുശേഷം ഭക്തർക്ക് ശയനപ്രദക്ഷിണം നടത്താം.
തീർത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ച് സഹസ്രകലശ വഴിപാട് ഒഴിവാക്കി. കളഭാഭിഷേകം, പുഷ്പാഭിഷേകം,അഷ്ടാഭിഷേകം എന്നി ചടങ്ങുകൾ മാത്രമേ മകരവിളക്ക് കഴിയും വരെ ഉണ്ടാകു. സഹസ്ര കലശത്തിനു രണ്ടു ദിവസമായിട്ടാണു പൂജ. രണ്ടാം ദിവസം ഉച്ചയ്ക്കാണ് അഭിഷേകം. കലശം പൂജാ സ്ഥലത്തുനിന്നു ശ്രീകോവിലിലേക്കു കൊണ്ടുപോകുന്നതു മുറിച്ചു കടക്കാൻ പാടില്ല. ഇതിനാലാണ് ഒഴിവാക്കിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.