- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ നടപ്പന്തൽ ഒഴിച്ചിട്ടു; തീർത്ഥാടകർ ബാരിക്കേഡിൽ നിന്ന് വലഞ്ഞു; മണിക്കൂറുകൾ നീണ്ട ക്യൂവിനിടെ കുഴഞ്ഞു വീണത് നിരവധിപ്പേർ; ശബരിമല സന്നിധാനത്ത് പൊലീസിന്റെ മണ്ടൻ പരിഷ്കാരം മൂലം തിരക്ക് നിയന്ത്രണം പാളി
ശബരിമല: സന്നിധാനത്ത് പൊലീസിന്റെ മണ്ടൻ പരിഷ്കാരം മൂലം കനത്ത തിരക്ക്. ഒരു കാരണവുമില്ലാതെ ഇന്നലെ രാത്രി നട അടച്ചതു മുതൽ ഇന്ന് പുലർച്ചെ തുറക്കുന്നതു വരെ വലിയ നടപ്പന്തൽ ഒഴിച്ചിട്ടതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. ഒമ്പതു മണിക്കൂറോളം ക്യൂവിൽ നിന്നവർ പലരും കുഴഞ്ഞു വീണു. വെള്ളിയാഴ്ച രാത്രിയിലെ മണ്ടൻ പരിഷ്കാരം ഇന്നും നിയന്ത്രിക്കാനാവാത്ത തിരക്കിന് കാരണമായി. ബാരിക്കേഡിനുള്ളിൽ നിന്ന് മടുത്തവർ വനത്തിലേക്ക് ചാടി അതു വഴി നിലവിലുള്ള ക്യൂവിലേക്ക് വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചത് വിഷയത്തിന്റെ ഗൗരവം വർധിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ തുടക്കമിട്ട പ്രശ്നങ്ങൾ വഷളായത് ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്. പമ്പയിൽ വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കെത്തിയ തീർത്ഥാടകർ സന്നിധാനത്ത് എത്തിച്ചേർന്നപ്പോൾ ഒമ്പത് മണിക്കൂറോളം വൈകിയിരുന്നു. തീർത്ഥാടകരുടെ നീണ്ട നിര ശരംകുത്തിയും പിന്നീട്ട് നീങ്ങിയിട്ടും വലിയ നടപ്പന്തലിലേക്ക് ആളെ കടത്തി വിട്ടില്ല. ഇതോടെ പെട്ടു പോയത് കുത്തനെ കയറ്റവും ഇറക്കവുമുള്ള ഭാഗത്ത് ക്യൂ നിന്നവരാണ്. പ്രായഭേദമന്യേ ഇവിടെ നിന്നവർ ദുരിതത്തിലായി. ഒരിഞ്ചു പോലും ക്യൂ അനങ്ങിയില്ല. തീർത്ഥാടകർ ക്ഷീണിതരായി. ഇതോടെ ബാരിക്കേഡിൽ നിന്ന് പുറത്തിറങ്ങിയവർ യു ടേൺ മുതൽ കെഎസ്ഇ ബി വരെ തടിച്ചു കൂടി നിന്നു. ദർശനം കഴിഞ്ഞ് തീർത്ഥാടകർ മടങ്ങുന്ന പാതയിലായിരുന്നു ഇവരുടെ നിൽപ്പ്. ഇത് തിക്കും തിരക്കമുണ്ടാകാൻ കാരണമായി. തിരക്ക് അധികരിച്ചിട്ടും ഈ ഭാഗത്തേക്ക് ഉന്നത പൊലീസുദ്യോഗസ്ഥരൊന്നും തന്നെ തിരിഞ്ഞു നോക്കിയില്ല. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് നോക്കി നിൽക്കേണ്ടി വന്നു.
ഇന്ന് ഉച്ചയ്ക്കും തിരക്ക് നിയന്ത്രണം പാളി. ശരംകുത്തിയിലെ ബാരിക്കേഡിൽ ക്യൂ നിന്ന് മടുത്തവർ ഊർന്നിറങ്ങി വനത്തിനുള്ളിലൂടെ ചന്ദ്രാനന്ദൻ റോഡിലെത്തി. ഇവിടെ ക്യൂ നിൽക്കുന്നവരുടെ ഇടയിലേക്ക് ഇവർ തള്ളിക്കയറാ ൻ ശ്രമിച്ചത് തിക്കും തിരക്കിനുമിടയാക്കി. വളരെക്കുറച്ച് പൊലീസുകാർ മാത്രമാണ് ഇവിടെ തിരക്ക് നിയന്ത്രണത്തിന് ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി വലിയ നടപ്പന്തൽ കാലിയാക്കിയിട്ടത് ആരുടെ പരിഷ്കാരമാണെന്നത് മാത്രം വ്യക്തമല്ല. ക്യൂവിനുള്ളിലെ തിക്കും തിരക്കും കാരണം ദുരന്തം ഉണ്ടാകാതിരുന്നത് ഭാഗ്യമാണെന്ന് വേണം കരുതാൻ.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്