പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റ്. റിമാൻഡ് കാലാവധി കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഇരയുമായി ഒളിച്ചോട്ടം. ഒടുവിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ പെൺകുട്ടിയുടെ ഇഷ്ടപ്രകാരം പ്രതിക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ നവംബർ 10 ന് പത്തനംതിട്ട വനിതാ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മാരക ട്വിസ്റ്റുണ്ടായിരിക്കുന്നത്.

ഇലവുംതിട്ട അയത്തിൽ മംഗലശ്ശേരിൽ വീട്ടിൽ അരവിന്ദിനെ (37) ആണ് പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ കഴിഞ്ഞ വർഷം ഫെബ്രുവരി അവസാനം വരെ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനത്തിന് വിധേയയാക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടർന്നും നിരന്തരമായി പീഡിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.ആർ. ലീലാമ്മ അരവിന്ദിനെ അറസ്റ്റ് ചെയ്തത്.

ഇതുസംബന്ധിച്ച് കുട്ടിയുടെ മൊഴിപ്രകാരം വ്യാഴാഴ്ചയാണ് കേസെടുത്തത്. ടിപ്പർ ഡ്രൈവറായ പ്രതിക്ക് ഭാര്യയുമായി കുടുംബപ്രശ്നങ്ങൾ നിലവിലുണ്ടായിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്ന അരവിന്ദ് പുറത്തിറങ്ങിയിട്ട് ഒരാഴ്ചയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ചയാണ് അരവിന്ദും പെൺകുട്ടിയുമായി ഒളിച്ചോടിയത്. പെൺകുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം തിരോധാനക്കേസ് ഇലവുംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തു. പിന്നാലെ സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ അരവിന്ദിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറയുകയും വിട്ടയയ്ക്കുകയുമായിരുന്നു.

നിലവിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത സമയത്ത് പീഡിപ്പിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ മുൻപ് അറസ്റ്റ് ചെയ്തിരുന്നത്.