- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മിശ്രവിവാഹത്തിന് പിന്നാലെ ജീവിതം തകർന്നു; എന്റെ മരണത്തിന് ഉത്തരവാദികൾ അച്ഛനും അമ്മയും; അഞ്ച് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല, എനിക്ക് ഉറങ്ങണം; വീഡിയോയിൽ പൊട്ടിക്കരഞ്ഞ് ബിഗ് ബോസ് താരം; ആരാധകർ കടുത്ത ആശങ്കയിൽ

മുംബൈ: അന്യമതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരിൽ കുടുംബാംഗങ്ങൾ മാനസികമായി പീഡിപ്പിക്കുകയാണെന്ന് യൂട്യൂബറും ബിഗ് ബോസ് താരവുമായ അനുരാഗ് ഡോഭാൽ. "അവസാനത്തെ സന്ദേശം" എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനുരാഗ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. കടുത്ത വിഷാദത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ആത്മഹത്യാ സൂചന നൽകിക്കൊണ്ടുമാണ് താരം രംഗത്തെത്തിയത്. ഇത് താരത്തിന്റെ ആരാധകരെയും സുഹൃത്തുക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി തന്റെ ജീവിതം ആകെ മാറിമറിഞ്ഞെന്നും ഇത്തരമൊരു തകർച്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അനുരാഗ് വീഡിയോയിൽ പറയുന്നു. "എന്റെ മരണത്തിന് ഉത്തരവാദികൾ എന്റെ അമ്മയും അച്ഛനും സഹോദരനുമായിരിക്കും. എനിക്കിനി ഒന്നും ചെയ്യാനില്ല, കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരുപക്ഷേ വീഡിയോ പോസ്റ്റ് ചെയ്തശേഷം ഞാൻ അപ്രത്യക്ഷനായേക്കാം. എനിക്ക് ഉറങ്ങണം. അഞ്ച് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എന്റെ മനസ് മരവിച്ചിരിക്കുകയാണ്," അനുരാഗ് വെളിപ്പെടുത്തി. തങ്ങൾക്ക് സന്തോഷമില്ലെങ്കിൽ അനുരാഗിനെയും സന്തോഷിക്കാൻ വിടില്ലെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് പുറത്താക്കിയതായും ബന്ധുക്കളുടെ മുന്നിൽ കാലുപിടിച്ച് മാപ്പ് പറയാൻ നിർബന്ധിച്ചതായും താരം ആരോപിച്ചു.
വർഷങ്ങളോളം സോഷ്യൽ മീഡിയയിലൂടെ സംസാരിച്ച് പ്രണയത്തിലായ അനുരാഗും റിതികയും കഴിഞ്ഞ വർഷം മേയിലായിരുന്നു വിവാഹിതരായത്. എന്നാൽ മിശ്രവിവാഹമായതിനാൽ അനുരാഗിന്റെ കുടുംബം റിതികയുമായുള്ള ബന്ധത്തെ അംഗീകരിച്ചിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബറിൽ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് അനുരാഗ് അറിയിച്ചിരുന്നു. എന്നാൽ നിലവിൽ റിതിക തന്നെ ഉപേക്ഷിച്ചു പോയെന്നും താൻ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും അനുരാഗ് വീഡിയോയിൽ വെളിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ അനുരാഗിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ മാനസിക പിന്തുണ നൽകണമെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉടനീളം ആവശ്യം ഉയരുന്നത്.


