കോഴിക്കോട്: സർക്കാർ സംഘത്തിനൊപ്പം കൃഷിപഠിക്കാൻ പോയി ഇസ്രയേലിൽ മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിരിച്ചെത്തി. എല്ലാവരോടും മാപ്പു പറഞ്ഞാണ് ബിജു കുര്യൻ കരിപ്പൂരിൽ എത്തിയത്. ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ ഇത് ബിജ ുകുര്യൻ തള്ളിക്കളഞ്ഞു. ആരും തന്നെ അന്വേഷിച്ചു വന്നില്ല. താൻ സ്വയം മടങ്ങുകയായിരുന്നു. സഹോദരനാണ് വിമാന ടിക്കറ്റ് എടുത്തു തന്നതെന്നും ബിജു കുര്യൻ പറയുന്നു.

ഇസ്രയേൽ പൊലീസാണ് ബിജു കുര്യനെ കണ്ടെത്തിയതെന്നാണ് ഇസ്രയേലിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നവീൻ റാണ കൃഷ്ണയെ ഇന്റർപോൾ അറിയിച്ചത്. വീസ കാലവാധിയുള്ളതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാത്തതെന്നും ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ബിജുവിനെ കേരളത്തിലെക്ക് തിരിച്ചയച്ചെന്ന് ഇന്ത്യൻ അംബാസിഡർ ഇൻ ചർജ് രാജീവ് ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറി ബി.അശോകിനെയും അറിയിച്ചു. ഇതോടെയാണ് ബിജു സമ്മർദ്ദത്തെ തുടർന്നാണ് തിരിച്ചെത്തിയതെന്ന വിലയിരുത്തലിന് കാരണം. ഇത് ബിജു കുര്യൻ തള്ളുകയാണ്.

രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറഞ്ഞു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും ബിജു പറയുന്നു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക ആയിരുന്നു ലക്ഷ്യം. ഇത് സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാഞ്ഞത്. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചശേഷം ബന്ധുക്കൾക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു.

പുലർച്ചെ നാലുമണിയോടെയാണ് ബിജു കുര്യൻ എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലുമണിക്കുള്ള വിമാനത്തിൽ ടെൽ അവീവിൽനിന്നു തിരിച്ച ബിജു പുലർച്ചെ 4ന് കോഴിക്കോടെത്തി. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരൻ അറിയിച്ചുവെന്ന് കൃഷിമന്ത്രി പി.പ്രസാദ് സ്ഥിരീകരിച്ചിരുന്നു. െബത്ലഹേം കാണാനാണു സംഘത്തിൽനിന്നു പോയതെന്നു സഹോരൻ ബെന്നിയും പറഞ്ഞു. ഇതാണ് ബിജു കുര്യനും പറയുന്നത്.

നയതന്ത്രതലത്തിൽ സർക്കാർ സമ്മർദം ശക്തമാക്കിയതോടെയാണ് ഇസ്രയേലിൽ മുങ്ങിയ ബിജുവിനു നാട്ടിലേക്കു തിരിക്കേണ്ടി വന്നത് എന്ന സൂചനയുണ്ട്. ബിജുവിനു സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്നു മലയാളികൾക്ക് അവിടുത്തെ ഇന്ത്യൻ എംബസി നൽകിയ സന്ദേശവും ബിജുവിന് തിരിച്ചടിയായി. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരൻ ബെന്നി കൃഷി മന്ത്രി പി. പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു.

ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടർനടപടികൾ ഒഴിവാക്കാനായാണ് എന്ന് റിപ്പോർട്ടുണ്ട്. വീസ കാലാവധിയുള്ളതിനാൽ ബിജുവിനെതിരെ ഇസ്രയേലിൽ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടിയുണ്ടാകരുതെന്ന് സഹോദരൻ കൃഷിമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്നാൽ എന്തുകൊണ്ട് അപ്രത്യക്ഷനായെന്ന വിശദീകരണം ബിജു സർക്കാരിന് നൽകേണ്ടി വരും. ഇത് തീർത്ഥാടനം തന്നെയാകും. അതുകൊണ്ട് തന്നെ നടപടിയുണ്ടാകില്ല.

കൃഷി രീതികൾ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തിൽ കേരളാ സർക്കാരിന്റെ 27 പേരടങ്ങുന്ന കർഷക സംഘം ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. സന്ദർശന വേളയിൽ കബിജു കുര്യനെ കർഷകൻ സംഘത്തിൽ നിന്നും കാണാതായി. പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന്തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു.

ഇതേ തുടർന്ന് ബിജു കുര്യനില്ലാതെ കർഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിന്റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സർക്കാർ ഇന്ത്യൻ എംബസി വഴി ആവശ്യപ്പെട്ടു. ഇതാണ് ബിജു കുര്യനെ വലച്ചതെന്നാണ് നിഗമനം.