തിരുവനന്തപുരം: കെ എസ് ആർ ടി സിയെ രക്ഷിക്കാൻ സിഎംഡി ബിജു പ്രഭാകർ കൊണ്ടു വന്ന പദ്ധതികളെല്ലാം വിജയമായി. കെ സ്വിഫ്റ്റും ബൈപ്പാസ് റെയ്ഡറുമെല്ലാം അംഗീകരിക്കപ്പെട്ടു. എന്നിട്ടും കെ എസ് ആർ ടി സി മാത്രം രക്ഷപ്പെട്ടില്ല. ഇതിന് കാരണം രൂക്ഷമായ സാമ്പത്തിക ഞെരുക്കമാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയെ കൈവിട്ട് ചെയർമാൻ കം മാനേജിങ് ഡയറക്ടറും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ കൈവിടുന്നത്. ബിജു പ്രഭാകറിനെ തൽസ്ഥാനത്ത് നിന്നും മാറ്റും. സാമ്പത്തികപ്രതിസന്ധിയിൽ നിൽക്കുന്ന കെഎസ്ആർടിസിയെ കൃത്യസമയത്ത് സഹായിക്കാൻ ധനവകുപ്പ് തയാറാകാത്ത സാഹചര്യത്തിൽ ഓണത്തിന് ജീവനക്കാർക്ക് ശമ്പളവും അലവൻസും നൽകുന്നതു സർക്കാരിന് വെല്ലുവിളിയായേക്കും. ഇതു മനസ്സിലാക്കിയാണ് ബിജു പ്രഭാകറിന്റെ മാറാനുള്ള തീരുമാനം.

ഗതാഗതമന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി വി.വേണു എന്നിവരെ കണ്ട് കെഎസ്ആർടിസി സിഎംഡി കസേരയിൽ തുടരാൻ താൽപര്യമില്ലെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബിജു പ്രഭാകർ അവധിയിൽ പോകുമെന്നു സൂചനയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ സിഎംഡിയെ നിയമിക്കും. എന്നാൽ ഉദ്യോഗസ്ഥർക്ക് ആർക്കും ഈ പദവിയോട് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ ആരാകും ഈ പദവിയിൽ എത്തുകയെന്നതാണ് നിർണ്ണായകം. മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം മാത്രമാകും നിർണ്ണായകമാകുക. മുഖ്യമന്ത്രിയുടെ പരീക്ഷണങ്ങളെ കെ എസ് ആർ ടി സിയിലെ യൂണിയനുകൾ തന്നെ അട്ടിമറിച്ചു. ഈ സാഹചര്യത്തിൽ കരുത്തനായ വ്യക്തിയെ സിഎംഡിയാക്കുമെന്ന് സൂചനയുണ്ട്.

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം അനുവദിക്കാത്ത ധനവകുപ്പിന്റെ നടപടിയിൽ കടുത്ത അമർഷവും സിഎംഡി രേഖപ്പെടുത്തി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ബലിയാടാക്കാൻ നീക്കം നടക്കുന്നുവെന്നും പ്രതിസന്ധി മുഴുവൻ ചുമലിൽ വരുമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചു. കെഎസ്ആർടിസിയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി സമൂഹ മാധ്യമം വഴി വിഡിയോ പരമ്പരയ്ക്കും ബിജു പ്രഭാകർ തുടക്കമിട്ടു. അസാധാരണമായ നടപടിയിലൂടെ ഗതാഗതവകുപ്പും ധനവകുപ്പും തമ്മിലെ ഭിന്നതയും പുറത്തു വന്നു.

ധനവകുപ്പ് പണം നൽകിയില്ലെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നിട്ടും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ തന്റെ വസതിയിലേക്കു നടന്ന മാർച്ചും ബിജു പ്രഭാകർ പരാതിയായി ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ചീഫ് സെക്രട്ടറി ഉറപ്പു നൽകി. ഒരു വിഭാഗം ജീവനക്കാർക്കെതിരെ ഗുരുതരമായ ആരോപണമാണ് ബിജു പ്രഭാകർ വിഡിയോയിൽ ഉന്നയിക്കുന്നത്. കെഎസ്ആർടിസിയിൽ വരുമാന വർധനയ്ക്കുൾപ്പെടെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിൽനിന്നു പിന്തിരിപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു വിഭാഗം ജീവനക്കാർ ആരോപണമുയർത്തി തന്നെ പുറത്താക്കുന്നതിന് നീക്കം നടത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശമ്പളവും പെൻഷനും പ്രതിസന്ധിയിലായത് ധനവകുപ്പിലെ സ്‌പെഷൽ സെക്രട്ടറിയുണ്ടാക്കിയ സാങ്കേതികക്കുരുക്കു മൂലമാണെന്നാണ് ഗതാഗതവകുപ്പിന്റെ ആരോപണം. ജൂൺ, ജൂലൈ മാസങ്ങളിലായി 142 കോടി രൂപയാണ് പെൻഷൻ കുടിശിക. ഇതും ധനവകുപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. 'ഒരു വിഭാഗം ജീവനക്കാർ എന്നെ അഴിമതിക്കാരനാക്കാൻ ശ്രമം നടത്തി. ചിലർ എന്തും പറയാമെന്ന തലത്തിലേക്ക് എത്തി. എന്റെ അച്ഛനെ (മുന്മന്ത്രി തച്ചടി പ്രഭാകരൻ) മോശക്കാരനാക്കി ബസുകളിൽ പോസ്റ്റർ പതിച്ചു. അവർക്കെതിരെ ഞാൻ നടപടി എടുത്തില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടിയുമായി പോയില്ല.' ബിജു പ്രഭാകർ ആരോപിക്കുന്നു.

കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ ധനവകുപ്പിനെ കുറ്റപ്പെടുത്തിയുള്ള നീക്കത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആന്റണി രാജുവിനും സിഎംഡി ബിജു പ്രഭാകർ നൽകുന്നത് കയ്യടി. സ്ഥാനമേറ്റെടുക്കുമ്പോൾ സ്ഥാപനത്തെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നതായി വിഡിയോ പരമ്പരയുടെ ആദ്യഭാഗത്തിൽ അദ്ദേഹം വെളിപ്പെടുത്തി. 2020 മുതൽ പ്രഫഷനൽ സമീപനത്തോടെ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വിഡിയോയിൽ പറയുന്നു. സ്ഥാപനം നന്നാകണമെങ്കിൽ അതിൽ പ്രവർത്തിക്കുന്ന എല്ലാവരും പണിയെടുക്കണം. ഇപ്പോൾ നന്നായില്ലെങ്കിൽ പിന്നീടൊരിക്കലും കെഎസ്ആർടിസി നന്നാകില്ല. വരുമാനമുണ്ടായിട്ടും ശമ്പളം നൽകുന്നില്ലെന്ന പ്രചാരണം തെറ്റാണ്. വരുമാനത്തിന് അനുസൃതമായി ജീവനക്കാർക്കു ശമ്പളം നൽകുന്നത് കെഎസ്ആർടിസിക്ക് ശ്രമകരമായ ജോലിയാണെന്നും അദ്ദേഹം കണക്കുകൾ നിരത്തി വ്യക്തമാക്കി.

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കുകയെന്നത് ധനവകുപ്പിന്റെ പരിഗണനയിൽ ഏറ്റവും അവസാനമാണെന്ന പരാതിയാണ് ഗതാഗതവകുപ്പിനുള്ളത്. മുഖ്യമന്ത്രി ഓരോ പ്രാവശ്യവും ശമ്പളം അഞ്ചിന് മുൻപ് വിതരണം ചെയ്യാൻ ധനവകുപ്പിനോട് നിർദ്ദേശിക്കുമെങ്കിലും ധനവകുപ്പ് ഇതു പാലിക്കാത്തത് മനഃപൂർവമാണെന്നാണ് ഗതാഗതവകുപ്പിന്റെ ആരോപണം. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തൊഴിലാളി യൂണിയനുകൾക്ക് പണം ഔദ്യോഗികമായി പിടിച്ചു നൽകുന്ന നടപടിക്കെതിരെ ബിജു പ്രഭാകറിന്റെ നീക്കം ചർച്ചയായിട്ടുണ്ട്. ഐഎൻടിയുസി, ടിഡിഎഫ് ഫണ്ടിലേക്ക് ആറായിരത്തോളം ജീവനക്കാരിൽ നിന്നാണ് മാസം 150 രൂപ വച്ച് പിരിച്ചു നൽകുന്നതായി അദ്ദേഹത്തിനു പരാതി ലഭിച്ചു.

ഇതു കുറച്ചുള്ള ശമ്പളമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്. മാസം 10 ലക്ഷത്തോളം രൂപയാണ് സംഘടനയുടെ അക്കൗണ്ടിലേക്ക് ഈയിനത്തിൽ ലഭിക്കുന്നത്. ഇതിനു തടയിടാനാണ് സിഎംഡി ഉത്തരവിട്ടത്.