തിരുവനന്തപുരം: ബാർകോഴ കേസ് കേരളത്തിൽ വീണ്ടും സജീവമാക്കി ചർച്ചയാക്കുന്ന വിധത്തിലാണ് വീണ്ടും ഇടപെടൽ കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കോകടി ഉത്തരവിട്ടാൽ ബാർകോഴ കേസ് അന്വേഷിക്കാമെന്ന് സിബിഐ അറിയിച്ചതോടെ ഇനി കോടതിയിലേക്കാണ് ഉറ്റുനോക്കുന്നത്. കൊച്ചി സിബിഐ യൂണിറ്റിലെ എസ്‌പി എ ഷിയാസാണ് സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്.

രമേശ് ചെന്നിത്തല, വി എസ്. ശിവകുമാർ, കെ. ബാബു, ജോസ് കെ മാണി എന്നിവർക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. ഇതോടെ കോൺഗ്രസ് നേതാക്കൾക്ക് നേരെ കേന്ദ്രസർക്കാറിന് വീണ്ടുമൊരു വടിയാകുമോ എന്ന ആശങ്കയും ശക്തമായിരിക്കുന്നു. അതേസമയം ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സിബിഐ നിലപാടിലെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ് രംഗത്തു വന്നു. താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു. സിബിഐ അന്വേഷിക്കട്ടെ. യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല. മരണം വരെ ഉറച്ചു നിൽക്കും.കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി. പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്.ശക്തരായ ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടു. ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കിയെന്ും ബിജു രമേശ് പറഞ്ഞു.

വിജിലൻസിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ? കേരള കോൺഗ്രസിന്റെ രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായാണ് കേസ് സെറ്റിൽ ആയത്.കേസ് നടക്കുമ്പോൾ മാണി ഇടത് മുന്നണിയിൽ പോകും എന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു.ബാർ കോഴക്കേസ് വലിയ മാറ്റം ഉണ്ടാക്കിയെന്നും ബിജു രമേശ് പറഞ്ഞു. ബാർകോഴക്കേസിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തൃശൂർ സ്വദേശി പിഎൽ ജേക്കബ് രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടായിരത്തി പതിനാലിൽ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുള്‌പ്പെടയുള്ള നേതാക്കൾക്ക് കോഴ നൽകിയെന്ന ബാർ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലായിരുന്നു പരാതിക്കാധാരം.

ഇതിനുള്ള മറുപടിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങി. ബാർ ലൈസൻസ് പുതുക്കാൻ അന്നത്തെ എക്‌സൈസ് മന്ത്രി കെ ബാബുവിനും ഒരു കോടി നൽകി. രമേശ് ചെന്നിത്തലക്ക് ഒരു കോടിയുും, വി എസ് ശിവകുമാറിന് ഇരുപത്തിയഞ്ച് ലക്ഷവും കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചതായി സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.

സർക്കാർ പ്രഖ്യാപിച്ച അന്വേഷണം മുഖ്യമന്ത്രി തന്നെ ഇടപെട്ട് തടസപ്പെടുത്തിയെന്ന മറ്റൊരാരോപണം ഉണ്ടെന്നും സത്യവാങ്മൂലം പറയുന്നു. കേസിൽ കഴിഞ്ഞ വർഷം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാർ കോഴകേസിൽ സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. വിജലൻസ ്അന്വേഷണം നടന്ന പശ്ചാത്തലത്തിലായിരുന്നു കോടതി അന്ന് നിലപാട് സ്വീകരിച്ചത്. കോഴയിൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന് നേരത്തെ സിബിഐ ഹൈക്കോടതിയേയും അറിയിച്ചിരുന്നു.

418 ബാറുകൾ തുറക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിന് ആധാരം. 2015-ൽ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും, ലൈസൻസ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നു. രണ്ട് ഘഡുക്കളായി ഈ തുക എക്സൈസ് മന്ത്രിയുടെ ഓഫീസിൽ വെച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.

ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, ആരോഗ്യമന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് 25 ലക്ഷം രൂപയും എക്സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020-ൽ ബിജു വെളിപ്പെടുത്തിയിരുന്നു. സിബിഐ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇത് പരാമർശിച്ചിട്ടുള്ളത്.