- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ ബൈക്കുകൾക്കും സുന്ദരി മോഡലുകൾക്കും ഒപ്പം ഇൻസ്റ്റാ റീലിലെ താരം; ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ഫോളോവേഴ്‌സായി മുപ്പതിനായിരത്തോളം പേരും; റീൽസിൽ നിറഞ്ഞത് ബൈക്ക് അഭ്യാസ പ്രകടനങ്ങളും അതിവേഗതയും; റേസിങ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുമ്പോഴും അരവിന്ദന്റെ ജീവനെടുത്തത് റീൽസിൽ വീഡിയോ ഇടാനായുള്ള ബൈക്കിലെ ചീറിപ്പായൽ തന്നെ
തിരുവനന്തപുരം: കോവളത്ത് കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ കാൽനടയാത്രക്കാരിയും യുവാവും മരിച്ച അപകടത്തിലേക്ക് നയിച്ചത് ബൈക്ക് റേസിങ് അല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. അതേസമയം അമിതവേഗയിലെ ചീറിപ്പായലാണ് അരവിന്ദിന്റെയും കാൽനട യാത്രക്കാരിയുടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നത്. ഇൻസ്റ്റാ റീൽസിയിൽ ബൈക്ക് റേസിങ് വീഡിയോകളും സ്‌റ്റൈലിഷ് ചിത്രങ്ങളും പോസ്റ്റുചെയ്യുന്നതായിരുന്നു അരവിന്ദിന്റെ ഹോബി. ഇത് അദ്ദേഹത്തന്റെ ഇൻസറ്റാ പേജുകളിൽ നിന്നും വ്യക്തമാണ് താനും.
പൊറ്റക്കുഴി സ്വദേശിയായ 25കാരനായ അരവിന്ദിന് സൂപ്പർബൈക്കുകളോട് അടങ്ങാത്ത പ്രണയമായിരുന്നു. ഇത് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ് താനും. പച്ചയും ചുവപ്പും നിറത്തിലുള്ള ബൈക്കുകളുടെ സുന്ദര ചിത്രങ്ങൾ ഇൻസ്റ്റയിൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ മുപ്പതിനായിരത്തോളം ഫോളോവേഴ്‌സും ഉണ്ടായിരുന്നു.
അതിസുന്ദര ബൈക്കിങ് ചിത്രങ്ങളും സ്‌റ്റൈലിഷ് റീൽസും ചെയ്താണ് അരവിന്ദ് തന്റെ പേജിൽ ആളെ കൂട്ടിയതെന്ന് വ്യക്തം. ഈ പേജ് കൈകാര്യം ചെയ്തിരുന്നത് അരവിന്ദാണെങ്കിലും ഒരിക്കലും അരവിന്ദ് തന്റെ മുഖം കാണിച്ചിരുന്നില്ല. ബൈക്കിൽ ചീറിപ്പായുന്ന വീഡിയോകളും ബൈക്ക് അഭ്യാസം നടത്തുന്ന വീഡിയോകളുമെല്ലാം ദ ഗ്രേ ഹോണ്ട് ഇൻസ്റ്റാ പേജിൽ ലഭ്യമാണ്.
ബൈക്ക് അഭ്യാസത്തിനൊപ്പം സ്‌റ്റൈലിഷ് സുന്ദരികളായ മോഡലുകളും അരവിന്ദിന്റെ പേജിൽ നിറഞ്ഞിരുന്നു. ബൈക്കുകളോടുള്ള തന്റെ പ്രണയം മുഴുവൻ അരവിന്ദിന്റെ ഈ ഇൻസ്റ്റാപേജിലുണ്ട്. എംവിഡി ക്ക് മുന്നിൽ പെടുന്ന വീഡിയോ അടക്കം റീൽസിലുണ്ട്. ഹൈവേയിൽ കഴക്കൂട്ടം മുതൽ വിഴിഞ്ഞം വരെയുള്ള ഭാഗങ്ങളിൽ വെച്ചു ഷൂട്ടു ചെയത്് റീൽസ് വീഡീയോകളാണ് പലതും. 142 കിലോമീറ്റർ വേഗതയിൽ അടക്കം പോയതിന്റെ വീഡിയോകളും ലഭ്യമാണ്. ബൈക്ക് റേസിംഗിലൂടെ സൈബറിടത്തിൽ നിരവധി ആരാധകരെ സൃഷ്ടിക്കാൻ അരവിന്ദിന് സാധിച്ചിരുന്നു എന്നു തന്നെയാണ് വ്യക്തമാകുന്ന കാര്യം.
അതേസമയം കോവളത്ത് അപകടം നടന്ന സ്ഥലത്ത് ബൈക്ക് റേസിങ് നടന്നു എന്നതിന് തെളിവില്ലെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ അമിത വേഗതയിലായിരുന്നു ബൈക്ക് വന്നിരുന്നതെന്നും ഇതിനിടെ വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെ എട്ട് മണിയോടെ കോവളം ബൈപ്പാസിൽ തിരുവല്ലത്തിന് അടുത്തു വച്ചായിരുന്നു അപകടം. വീട്ടുജോലി ചെയ്തു ജീവിക്കുന്ന സന്ധ്യ ബൈപ്പാസ് റോഡ് മുറിച്ചു കടക്കുമ്പോഴാണ് അമിത വേഗതയിൽ ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സന്ധ്യ തെറിച്ചു പോയി അടുത്തുള്ള മരത്തിൽകുടുങ്ങി കിടന്നു. ഇവരുടെ കാൽ അറ്റു പോയ നിലയിലായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ അവർക്ക് മരണം സംഭവിച്ചു.
ഇടിച്ച ശേഷം ബൈക്കിൽ നിന്നും തെറിച്ചു പോയ ബൈക്ക് യാത്രികൻ പൊട്ടുക്കുഴി സ്വദേശി അരവിന്ദിനെ റോഡരികിലെ ഓടയിൽ നിന്നാണ് നാട്ടുകാർ കണ്ടെത്തിയത്. ബൈക്ക് ഏതാണ്ട് ഇരുന്നൂറോളം മീറ്ററോളം തെറിച്ചു പോയി വീണു. കഴുത്തിലെ എല്ലൊടിഞ്ഞ നിലയിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അരവിന്ദ് വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
ഇതിന് മുമ്പും കോവളം-തിരുവല്ലം മേഖലയിൽ ബൈക്ക് റേസിംഗിനിടെ അപകടം ഉണ്ടായിട്ടുണ്ട്. പ്രദേശത്ത് ഞായറാഴ്ചകളിൽ യുവാക്കൾ ബൈക്ക് റേസിങ് നടത്തുന്നത് സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇത്തരത്തിൽ റേസിങ് നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കുമെന്നും വാഹനപരിശോധന ശക്തമാക്കുമെന്നും മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ