കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമനടപടിയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. എം.പിയുടെ പ്രസ്താവനകള്‍ തന്റെ അന്തസ്സിനും പ്രശസ്തിക്കും കളങ്കം വരുത്തുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലാണ് ബിന്ദു അമ്മിണി പരാതി നല്‍കിയിരിക്കുന്നത്.


പൊറോട്ടയും ബീഫും നല്‍കി തന്നെയും രഹ്ന ഫാത്തിമയെയും ശബരിമലയിലെത്തിച്ച പിണറായി സര്‍ക്കാരിന്റെ നടപടി വിശ്വാസത്തെ വികലമാക്കിയെന്നും, അതേ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പും ആളുകളുമാണ് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തിയതെന്നുമായിരുന്നു എന്‍.കെ. പ്രേമചന്ദ്രന്റെ പ്രസ്താവന. എന്നാല്‍, ഈ പരാമര്‍ശം പൂര്‍ണ്ണമായും തെറ്റാണെന്ന് ബിന്ദു അമ്മിണി പരാതിയില്‍ വ്യക്തമാക്കുന്നു. താന്‍ പാലായിലെ ഗസ്റ്റ് ഹൗസിലോ കോട്ടയം പോലീസ് ക്ലബ്ബിലോ പോയിട്ടില്ലെന്നും, തന്റെ പേരിനൊപ്പം മുസ്ലിം വനിതയുടെ പേര് ചേര്‍ക്കണമെന്ന ദുരുദ്ദേശത്തോടെയാണ് രഹ്ന ഫാത്തിമയുടെ പേര് നല്‍കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ തനിക്ക് സോഷ്യല്‍ മീഡിയ വഴിയും മറ്റും വലിയ തോതിലുള്ള അധിക്ഷേപങ്ങളും ആക്രമണങ്ങളും നേരിടേണ്ടി വന്നതായും പരാതിയില്‍ പറയുന്നു.

ഒരു ഷെഡ്യൂള്‍ഡ് കാസ്റ്റില്‍പ്പെട്ടയാളെ കരുതിക്കൂട്ടി അപമാനിക്കാനുള്ള ശ്രമവും എം.പിയുടെ വാക്കുകള്‍ക്കുണ്ടെന്ന് ബിന്ദു അമ്മിണി ആരോപിക്കുന്നു. നിയമബിരുദധാരിയും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട വ്യക്തിയുമായ എം.പി തന്റെ വാക്കുകളുടെ പരിണിതഫലം അറിയാതെയാണ് സംസാരിച്ചതെന്നും, അതിനാല്‍ എം.പിക്കെതിരെ കേസെടുക്കണമെന്നും ബിന്ദു അമ്മിണി ആവശ്യപ്പെട്ടു.

എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പും ഇല്ല എന്ന് മാത്രമല്ല, അദ്ദേഹം സ്വന്തം ഇമേജിനേഷനില്‍ നിന്ന് കൊണ്ടു വന്ന ഒരു 'പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയും എന്ന് രഹ്ന ഫാത്തിമയും പോസ്റ്റിട്ടു.


രഹ്നയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട എന്‍ കെ പ്രേമചന്ദ്രന്‍ സാറിന്റെ ഒരു പ്രസ്താവന ശ്രദ്ധയില്‍ പെട്ടു.

എന്റെ അറിവില്‍ അദ്ദേഹം ഒരു UDF ഘടകകക്ഷി ആണ്. എന്നാലും പ്രസ്താവന വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടെ search ചെയ്തു നോക്കി ഇനി എനിക്ക് തെറ്റുപറ്റിയതാണോ അതോ അദ്ദേഹം മറ്റേതെങ്കിലും മുന്നണികളുടെ ഘടകകക്ഷി ആണോ എന്ന്. തെറ്റിയിട്ടില്ല എന്നു മനസിലായി. അതുകൊണ്ട് മാത്രം ഒരു മറുപടി അനിവാര്യം ആണെന്ന് തോന്നി.

എന്‍ കെ പ്രേമചന്ദ്രന്‍ സര്‍ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പും ഇല്ല എന്ന് മാത്രമല്ല, അദ്ദേഹം സ്വന്തം ഇമേജിനേഷനില്‍ നിന്ന് കൊണ്ടു വന്ന ഒരു 'പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയും.'

ബഹുമാനപ്പെട്ട പ്രേമചന്ദ്രന്‍ സര്‍, താങ്കളുടെ സത്യം തൊട്ടുതീണ്ടാത്ത ഈ imagination, കേരളത്തില്‍ വിലപ്പോകുമെന്ന് എനിക്ക് തോന്നുന്നില്ല.

ഇനി ചില കാര്യങ്ങള്‍ പറയാം:-

ഞാന്‍ ബിന്ദു അമ്മിണിചേച്ചിക്ക് ഒപ്പം ശബരിമല കയറി എന്നത് ആണ് ആദ്യത്തെ ആരോപണം.

സുപ്രീം കോടതി വിധിവന്നതിനു ശേഷം, 2018 October 19 ന് ആണ് ഞാന്‍ ശബരിമലയില്‍ കയറാന്‍ ശ്രമിക്കുന്നത്. 18 ആം പടിക്ക് താഴെ വരെ എത്തിയെങ്കിലും. കുഞ്ഞു കുട്ടികളെ നിലത്തു കിടത്തി പ്രതിഷേധിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ പിന്മാറിയത്.

രണ്ടാമത്തെ ആരോപണം, ഞാനും ബിന്ദു അമ്മിണി ചേച്ചിയും ആരൊക്കെയോ വാങ്ങി തന്ന പൊറോട്ടയും Beef ഉം കഴിച്ചിട്ടാണ് ശബരിമല കയറാന്‍ വന്നത് എന്നാണ്.

ഞാന്‍ മല കയറാന്‍ ശ്രമിക്കുന്നത് 2018 October 19 നും, ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 January 2 നും ആണ്. 2018 November 27 ന് ഞാന്‍ അറസ്റ്റില്‍ ആവുകയും, December 14 നു ഞാന്‍ പുറത്തിറങ്ങുമ്പോള്‍ എന്റെ bail conditions, പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്നും, സമാനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുത് എന്നുമാണ്. തന്മൂലം ഞാന്‍ ജനുവരി 2 നു പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാല്‍ ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നില്‍ക്കാന്‍ പോലും കഴിയില്ല എന്നത് പകല്‍പോലെ വ്യക്തമാണ്.

മൂന്നാമത്തെ ആരോപണം, കേരള സര്‍ക്കാര്‍ ആണ് പ്രത്യേകിച്ച് പിണറായി സഖാവ് ആണ് എന്നെ മല കയറാന്‍ കൊണ്ടുവന്നത് എന്നാണ്. നിങ്ങള്‍ ഒരു കാര്യം മനസിലാക്കണം, മല കയറുന്നതിനു മുന്‍പോ, ശേഷമോ എന്റെ ജീവിതത്തിലുടനീളം ഒരു രാഷ്ട്രിയ പാര്‍ട്ടിയില്‍ നിന്നോ, രാഷ്ട്രിയക്കാരില്‍ നിന്നോ, മതസഘടനകളില്‍ നിന്നോ ഞാന്‍ യാതൊരുവിധ സഹായവും സ്വീകരിച്ചിട്ടില്ല.

മാത്രമല്ല, ഞാന്‍ മല കയറിയതിന് രണ്ടു കാരണങ്ങളുണ്ട്.

ഒന്നാമത്: എനിക്ക് ശബരിമലയില്‍ പോകാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ശബരിമല മാത്രമല്ല ക്ഷേത്രങ്ങളോട് എനിക്ക് വളരെ ഇഷ്ടവും അടുപ്പവും ഉണ്ട്, പക്ഷെ എന്നും അതിനു വിലങ്ങുതടി ആയത് എന്റെ 'പേരാണ്'.

രണ്ടാമത്: കോടതി വിധി വന്നപ്പോള്‍, ചില ആചാരസംരക്ഷകര്‍ വെല്ലുവിളിക്കുന്നത് കണ്ടു 'ധൈര്യമുള്ള സ്ത്രീകളുണ്ടെങ്കില്‍ ഒന്ന് മലകയറി കാണിക്കു എന്ന് '.

ധൈര്യമുള്ള സ്ത്രീകളുണ്ട്, പക്ഷെ എന്റെ ധൈര്യം ആ ചുട്ടു പൊള്ളുന്ന വെയിലില്‍ നിലത്തു കിടത്തിയ കുട്ടികളുടെ മുന്നില്‍ മാത്രമാണ് ചോര്‍ന്നു പോയത്, ഇല്ലെങ്കില്‍ ഞാന്‍ തീര്‍ച്ചയായും കയറിയേനേ....!

പിന്നെ വിശ്വാസികളോടാണ്, ഞാന്‍ മലകയറുന്നതുള്ള ആചാരങ്ങള്‍ എനിക്കറിയാവുന്ന പോലെ പൂര്‍ണ്ണമായി പാലിച്ചു തന്നെയാണ് മല കയറിയത്. അതുകൊണ്ട് തന്നെ അതിന്റെ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

എന്തൊക്കെയാണ് ആ അനുഗ്രഹങ്ങളും, ഐശ്വര്യങ്ങളും എന്ന് എന്റെ രണ്ടാമതെ പുസ്തകത്തില്‍ വ്യക്തമാക്കുന്നതുമാണ്.



പൊറോട്ടയും ബീഫും നല്‍കി രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണിയെയും ശബരിമലയില്‍ എത്തിച്ചത് പിണറായി സര്‍ക്കാറാണ് എന്നായിരുന്നു പ്രേമചന്ദ്രന്റെ ആരോപണം. പരാമര്‍ശം വിവാദമായതോടെ പ്രേമചന്ദ്രന്‍ വിശദീകരണവുമായി രംഗത്തെത്തി. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇത് ആദ്യം ഉന്നയിച്ചത് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അകമ്പടിയോടെയാണ് രഹ്ന ഫാത്തിമ മലയിലേക്കെത്തിയത്. കോട്ടയത്ത് പൊലീസ് ക്ലബ്ബില്‍വച്ച് ഇവര്‍ക്ക് പൊറോട്ടയും ബീഫും വാങ്ങിനല്‍കി. കോണ്‍ഗ്രസ് നേതാക്കളും ഇതേ വിഷയം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്കെതിരെ മാത്രം സിപിഎം സൈബര്‍ ആക്രമണം നടത്തുകയാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചിരുന്നു.