ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലുടെ വിവാദ നായികയായ ബിന്ദു അമ്മിണി കേരളം വിട്ടു. നിലവിൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളജിലെ ഗസ്റ്റ് ലക്ച്ചറർ ആയിരുന്ന ബിന്ദു പുതിയ തട്ടകമായ തെരഞ്ഞെടുക്കുന്നത് ഡൽഹിയാണ്. ബിന്ദു അമ്മിണി സൂപ്രീംകോടതിയിൽ അഭിഭാഷകയായി എന്റോൾ ചെയ്തു. മുതിർന്ന അഭിഭാഷകൻ മനോജ് സെൽവന്റെ ഓഫിസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ബിന്ദു അമ്മിണി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.നേരത്തെ കേരളം വിടുകയാണെന്ന് ഫേസ്‌ബുക്ക് കുറിപ്പിലൂടെ അവർ അറിയിച്ചിരുന്നു.

ശബിമലയിലെ സ്ത്രീ പ്രവേശനത്തിനുശേഷം അടിക്കടി ബിന്ദു അമ്മിണി ആക്രമിക്കപ്പെടുകയായിരുന്നു. ബസ്സിലും ഓട്ടോയിലും പാർക്കിലും ബീച്ചിലുമൊക്ക, ശബരിമലയിൽ കയറിയതിന്റെ പേരിൽ അവർ പരിഹസിക്കയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ടു. എന്നിട്ടും അവർ ധീരമായി തന്റെ നിലപാടിൽ ഉറച്ചു നിന്നു. എന്നാൽ ഇതിനെല്ലാം കാരണക്കാരായ പിണറായി വിജയൻ സർക്കാറും സിപിഎമ്മുമാവട്ടെ ബിന്ദു അമ്മിണിയെ പുർണ്ണമായി തഴയുകയും ചെയ്തു.

''കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സിപിഎം, സിപിഐ, ലിബറൽ സ്‌പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്. പുതു തലമുറയിൽ പെട്ടവരുടെയും മറ്റും സ്‌നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്.പിന്തുണക്കുന്നവരുടെ സ്‌നേഹം തിരസ്‌കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്‌നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത് ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും'' ബിന്ദു ഫേസ്‌ബുക്കിൽ കുറിച്ചു.

ബിന്ദു അമ്മിണിയുടെ ഫേസ്‌ബുക്ക് കുറിപ്പ്

പ്രിയപെട്ടവരെ ഞാൻ ഇന്നലെ ആണ് ഡൽഹിയിൽ എത്തിയത്. സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് ലീഡിങ് ലോയർ ആയ മനോജ് സെൽവൻ സർ ന്റെ ഓഫീസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

2011 ഫെബ്രുവരിയിൽ വക്കീൽ ആയി കേരള ബാർ കൗൺസിലിൽ എന്റോൾ ചെയ്തെങ്കിലും 2013 ലാണ് ആക്റ്റീവ് പ്രാക്ടീസ് തുടങ്ങിയത്. 2014 മുതൽ കൂടുതൽ ശ്രദ്ധ അദ്ധ്യാപനത്തിൽ ആയിരുന്നു. 2023 മാർച്ച് മാസം വരെ. എന്നാൽ എന്റോൾമെന്റ് നിലനിർത്തുകയും കുറച്ചു മാത്രം പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു.

സ്ഥിരം അദ്ധ്യാപിക അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യുന്നതിന് നിയമ പരമായ തടസ്സം ഒന്നും ഇല്ലായിരുന്നു. എന്നാൽ പ്രേത്യേക സാഹചര്യത്തിൽ കേരളം വിട്ടു പോരാൻ തീരുമാനിക്കുകയും, ഡൽഹിയിൽ എത്തി എന്ത് ചെയ്യും എന്ന് പോലും ഉറപ്പില്ലാതെ ആണ് ഇവിടെ എത്തിയത്.

എന്നാൽ അതിനൊക്കെ ഒരുപാട് മുകളിൽ ആണ് ഞാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. കേരളത്തെക്കാൾ മുകളിലാണ് ഡൽഹി എന്ന് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാൽ ആദിവാസി ദളിത് മുസ്ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമനപരം ആണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല. അത് എന്റെ അനുഭവം കൂടി ആണ്. ഞാൻ ഒരു ഇടതു പക്ഷ ചിന്താഗതിക്കാരി ആയിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. അതിനർത്ഥം ഞാൻ ആന്റി മാർക്‌സിസ്റ്റ് ആണ് എന്നല്ല.

ഒരു കമ്മ്യൂണിസ്റ്റ്കാരി ആയി ഇരിക്കുന്നത് സിപിഎം എന്നോട് എന്ത് സമീപനം സ്വീകരിച്ചു എന്നത് അടിസ്ഥാനപ്പെടുത്തി അല്ല. ഇപ്പോഴും കേരളത്തിൽ സിപിഎം നെ പിന്തുണക്കുന്ന ആളാണ് ഞാൻ. ഞാൻ പാർട്ടി മെമ്പർ അല്ല. എനിക്ക് ശരി അല്ല എന്ന് തോന്നുന്ന കാര്യങ്ങൾ പറയാൻ അവകാശം ഉള്ള ഒരു ഇന്ത്യൻ പൗരയാണ്. എന്നെ ആക്രമിക്കുന്നവരുടെ ഒപ്പം മാർക്‌സിസ്റ്റ് സൈബർ പോരാളികളും ഉണ്ട്. ഞാൻ എന്റെ ശരികൾക്കൊപ്പം ആണ്. തെറ്റാണ് എന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്താൻ സന്നദ്ധയുമാണ്. എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രം ആണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്.

കേരളത്തിൽ എന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സിപിഎം, സിപിഐ, ലിബറൽ സ്‌പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ് തുടങ്ങി എല്ലാവരും ഉണ്ട്. പാർട്ടികൾക്ക് അതീതമായി ചിന്തിക്കുന്നവരുടെയും, ലിബറൽ സ്‌പേസിൽ തന്നെ ഉള്ള ചിലരുടെയും പുതു തലമുറയിൽ പെട്ടവരുടെയും മറ്റും സ്‌നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ്.

പിന്തുണക്കുന്നവരുടെ സ്‌നേഹം തിരസ്‌കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്‌നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യും. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിലെ ജോലിക്കുള്ള ഇന്റർവ്യൂവിനു പങ്കെടുക്കാം എന്ന് വിചാരിച്ചിരുന്നതാണ്. ഒന്നും ശരി ആയില്ല എങ്കിൽ തിരിച്ചു വീണ്ടും പഴയ ജോലി തുടരേണ്ടതായി വന്നേക്കുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ അവിചാരിതമായ കാരണങ്ങളാൽ ഇന്റർവ്യൂവിനു പങ്കെടുക്കാൻ കഴിഞ്ഞില്ല.

പക്ഷേ മെയ് 15 നു തൃശൂർ ഗവണ്മെന്റ് ലോ കോളേജിൽ ഇന്റർവ്യൂ ഉണ്ടായിരുന്നു. പങ്കെടുക്കേണ്ട എന്ന് ഉറച്ച തീരുമാനം എടുത്തു. കേരളം വിട്ട് പോകുന്നു എന്ന് തീരുമാനം എടുത്തപ്പോൾ വിദേശത്തുള്ള സ്റ്റുഡന്റസ്, സുഹൃത്തുക്കളിൽ ചിലർ അവിടെ എത്താൻ പറഞ്ഞിരുന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ച ഒരു ഓഫർ ആയിരുന്നില്ല അത്. ഏപ്രിൽ മാസത്തിൽ തന്നെ ദളിത് ടൈംസ് എന്ന മാധ്യമത്തിൽ ഞാൻ ജോയിൻ ചെയ്തിരുന്നു. ശമ്പളം ഇല്ല എങ്കിലും അക്കോമഡേഷൻ ലഭിച്ചിരുന്നു. മറ്റ് ഒരുപാട് പിന്തുണയും.

ഞാൻ വക്കീൽ എന്ന നിലയിൽ പ്രൊഫഷൻ ശരിക്കും തുടങ്ങുന്നതെ ഉള്ളൂ. ഇതുവരെ നിയമ ഉപദേശം ആണ് കൂടുതൽ നൽകിയിരുന്നത്. കുറച്ചു കേസുകൾ നടത്തിയിട്ടുമുണ്ട്. പ്രിയ സുഹൃത്തായ adv. Jayakrishnan U പ്രൊഫഷനിൽ പിടിച്ചു നിൽക്കാൻ പിന്തുണച്ചിട്ടുണ്ട്. ഇത് വരെ ഉള്ള എന്റെ എക്‌സ്പീരിയൻസ്‌ന് ഒരുപാട് മുകളിൽ ആണ് ഇനിയുള്ള നാളുകൾ.

ആ വഴിയിലേക്ക് എത്താൻ ഒരുപാട് ശ്രമിക്കേണ്ടത് ഉണ്ട് എന്ന് മനസ്സിലാക്കി കൊണ്ട് ഞാൻ ഡൽഹിയിൽ എന്റെ അഭിഭാഷക വൃത്തി തുടങ്ങുന്നു. തുടക്കം മാത്രം പിന്തുണക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിൽ നിന്നും സ്‌നേഹം.

അതിജീവിച്ചത് വധശ്രമം വരെ

ശബരിമല സ്ത്രീ പ്രവേശനത്തിനുശേഷം ചെറുതും വലുതുമായ നിരവധി ആക്രമണങ്ങളിലൂടെയാണ് ബിന്ദു അമ്മിണി കടന്നുപോയത്. 2019 നവംബർ 26 നു കൊച്ചി പൊലീസ് കമ്മിഷണർ ഓഫീസ് വളപ്പിലാണ് ബിന്ദു അമ്മിണിക്കെതിരെ ഹിന്ദുത്വ നേതാവായ ശ്രീനാഥ് മുളക് സ്പ്രേ അടിച്ചത്. ഈ കേസിൽ എറണാകുളത്തെ ബിജെപി നേതാവ് സി ജി രാജഗോപാൽ, ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് എന്നിവർക്കെതിരെയും പരാതി ഉണ്ടായിരുന്നു.

കർഷകസമരത്തിൽ പങ്കെടുക്കുന്ന ബിന്ദു അമ്മിണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് അശ്ലീലപരാമർശം നടത്തിയത് ബിജെപി വക്തവായ സന്ദീപ് വാര്യരുടെ പിതാവായ ഗോവിന്ദവാര്യരുടെ അക്കൗണ്ടിൽ നിന്നായിരുന്നു. ശക്തമായ വിമർശനമുയർന്നതിനെ തുടർന്നാണ്് പോസ്റ്റ് പിൻവലിച്ച് പ്രൊഫൈൽ ലോക്ക് ചെയ്തത്. 2021 സെപ്റ്റംബർ 20ന് ഒരു ബസ്സിലെ രാഖി കെട്ടിയ ഡ്രൈവർ വാഹനം സ്റ്റോപ്പിൽ നിർത്താതെയും തെറി വിളിച്ചും അധിക്ഷേപിച്ചതായി ബിന്ദു അമ്മിണി പരാതി നൽകി. ഈ സംഭവത്തിൽ ഐപിസി 509 പ്രകാരം കേസ് പൊലീസ് കേസ് എടുത്തു. 2021 ഡിസംബറിൽ രാത്രി ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്താൻ നോക്കി. തൊട്ടടുത്ത ദിവസം വീണ്ടും കോഴിക്കോട് ആളുകൾക്ക് മുന്നിൽ വച്ച് ബിന്ദു അമ്മിണിയെ മോഹൻദാസ് എന്നൊരാൾ ആക്രമിച്ചു.

ബിന്ദുവിന്റെ മോർഫ് ചെയ്ത അശ്ളീല വീഡിയോ ദൃശ്യങ്ങളും പ്രചരിക്കപ്പെട്ടു. എന്നാൽ ഇതിനെല്ലാം എതിരെ ശക്തമായ പ്രതികരിച്ചുകൊണ്ടാണ് ബിന്ദു രംഗത്ത് എത്തിയത്. ''എന്റേതെന്ന പേരിൽ നിങ്ങൾ മോർഫ് ചെയ്ത അശ്ലീല വിഡിയോകൾ പ്രചരിപ്പിക്കുമ്പോൾ ഞാൻ തൂങ്ങി ചാകുമെന്നാണോ കരുതിയത്. സംഘ പരിവാറിനെതിരെ അവസാന ശ്വാസംവരെ പോരാടും. ബിജെപിയുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്‌കാര ശൂന്യതയ്ക്ക് തെളിവാണ് ഇത്. നിങ്ങൾ പകർന്നു കൊടുത്ത വർഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികൾ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുകയാണ്''- ബിന്ദു അമ്മിണി ഒരിക്കൽ ഫേസ്‌ബുക്കിൽ കുറിച്ചത് അങ്ങനെയാണ്. എത്ര ആക്രമണം ഉണ്ടായിട്ടും തന്റെ നിലപാട് അവർ അണുവിട തിരുത്തിയില്ല.

ദലിത് - ആദിവാസി ആകീറ്റിവിസ്റ്റ്

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ബിന്ദു അമ്മിണി ദളിത് സമുദായാംഗമാണ്. ആദിവാസി-സ്ത്രീ-ദളിത് അവകാശങ്ങൾക്ക് വേണ്ടിയാണ് ബിന്ദു എന്നും നിലകൊണ്ടിരുന്നത്. കാതോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ബിന്ദു നക്‌സലിസത്തിൽ ആകൃഷ്ടയായത്. ഒരു സമരത്തിന്റെ പേരിൽ ജയിലിലും ആയിട്ടുണ്ട്. സിപിഐഎംഎല്ലിനൊപ്പം നിലയുറപ്പിച്ച ബിന്ദു ജീവിതപങ്കാളിയെ കണ്ടെത്തിയതും അവിടെ നിന്നുതന്നെ. ഹരിഹരനെ. എന്നാൽ, പത്തുവർഷം മുമ്പ് പാർട്ടിയോട് പിണങ്ങി രാഷ്ട്രീയ പ്രവർത്തനത്തിന് വിരാമമിട്ടു. നിയമജോലിയിൽ പ്രവേശിച്ചു.

കനക ദുർഗക്കൊപ്പം, സർക്കാറിന്റെ പിന്തുണയോടെ ശബരിലമലയിൽ പ്രവേശിച്ചതിന്ബിന്ദു അമ്മിണിക്ക് ഇപ്പോഴും കുറ്റബോധമില്ല. സ്ത്രീ വിവേചനം അവസാനിപ്പിക്കുന്നതിനും ശാക്തീകരണത്തിനും അത്തരം നടപടികൾ അനിവാര്യമാണെന്നാണ് അവർ പറയുന്നത്. ഒപ്പം മലകയറിയ കനകദുർഗക്കും പിന്നീടുള്ള ജീവിതം സുഖകരമായിരുന്നില്ല. അവർ വീട്ടിൽനിന്ന് പുറത്താക്കപ്പെട്ടു. ഭർത്താവ് ഉപേക്ഷിച്ചു. മാസങ്ങൾക്ക് മുമ്പ് ,സാമൂഹിക പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയെ കനക ദുർഗ വിവാഹം കഴിച്ചു. ആ സമയത്ത് ബിന്ദു നേരത്തെ വിളയോടിയുടെ പേരിൽ ഉണ്ടായിരുന്ന സ്ത്രീ പീഡന ആരോപണങ്ങൾ ചൂണ്ടിക്കാട്ടി ബിന്ദു അമ്മിണി പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ ദിവസം കേരളം വിടുന്നത് സ്ഥിരീകരിച്ച് പോസ്റ്റിട്ട ബിന്ദുഅമ്മിണി, ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് കയറിവരാനുള്ള ഇടമായ ഷീ പോയിന്റ് എന്ന തന്റെ സ്വപ്നം ഉപക്ഷേിച്ചല്ല കേരളം വിടുന്നത് എന്നും വ്യക്മാക്കുന്നുണ്ട്.

''ഷീ പോയിന്റ് എന്ന എന്റെ സ്വപ്നം ഉപേക്ഷിച്ചിട്ടല്ല ഞാൻ കേരളം വിടുന്നത്. ഒറ്റപ്പെട്ടുപോയ സ്ത്രീകൾക്ക് കയറിവരാൻ ഒരിടം സൂക്ഷിച്ചിട്ടാണ് ഞാൻ കേരളം വിടുന്നത്.എന്റെ സ്വപ്നങ്ങൾ ഇതിനെ ചുറ്റിപ്പറ്റി തന്നെ ഉണ്ട്.പത്തു ലക്ഷം രൂപയിൽ മൂന്ന് ലക്ഷം മാത്രമാണ് കൊടുത്തിട്ടുള്ളത്. അതിൽ ഒരു ലക്ഷം ക്രൌഡ് ഫണ്ടിങ്ങിലൂടെ ലഭിച്ചതാണ്.ഇത് കൂടാതെ ഒന്നര ലക്ഷം രൂപയോളം ഷീ പോയിന്റിൽ മുടക്കിയിട്ടുണ്ട്. ഇനിയും 7 ലക്ഷം കൊടുത്തു തീർക്കാൻ ഉണ്ട്. അതിന് വേണ്ടി കൂടി മെച്ചപ്പെട്ട ജോലി അത്യാവശ്യവുമാണ്. ഇന്ദുമേനോൻ എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്ത് 500 നടുത്തു ബുക്കുകൾ ഷീപോയിന്റ്നു വേണ്ടി ശേഖരിച്ചു നൽകിയിരുന്നു.

ഇവിടെ വരുന്ന സ്ത്രീകൾക്ക് സ്വന്തം ഇടമായി കണ്ടു പരിമിതമായ സൗകര്യങ്ങളിൽ നിൽക്കാവുന്നതാണ്. സ്വന്തം വീട് പോലെ.ലൈബ്രറി കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ബുക്കുകൾ നൽകാൻ താല്പര്യ മുള്ളവർക്ക് നൽകാവുന്നതാണ്.ഒരു അലമാര കൂടി അത്യാവശ്യമാണ്.വയനാട് മില്ലുമുക്കിനടുത്തു സ്ഥിതി ചെയ്യുന്ന ഷീ പോയിന്റിൽ സമയം ചെലവിടുകയും പ്രവർത്തനങ്ങളിൽ സഹകരിക്കാൻ താല്പര്യമുള്ളവർക്ക് സ്വാഗതം.''- പോസ്റ്റിൽ ബിന്ദു ചൂണ്ടിക്കാട്ടുന്നു.