തൃശൂർ: കോർപറേഷന്റെ കീഴിലുള്ള ഗസ്റ്റ് ഹൗസായ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതിന് പിന്നിൽ സിപിഎമ്മിന്റെ പ്രമുഖരായ രണ്ട് കൗൺസിലർമാരെന്ന വാദം ശക്തമായതോടെ പ്രതിസന്ധിയിലായി പാർട്ടി നേതൃത്വം. ഈ നേതാക്കളുമായി ബന്ധമുള്ള കമ്പനിയാണ് ടെൻഡർ നേടിയത്. തൃശൂർ നഗരത്തിന്റെ ഹൃദയ ഭാഗത്താണ് ബിനി ടൂറിസ്റ്റ് ഹോം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിരവധി മുറികളും റെസ്റ്റോറന്റും ബാറും ഉണ്ട്. 40 വർഷം മുമ്പാണ് ബിനിയുടെ പണി കഴിപ്പിച്ചത്. സ്വകാര്യ വ്യക്തികൾക്ക് ടെൻഡർ വിളിച്ച് നിശ്ചിത കാലത്തേക്ക് നടത്താൻ കൊടുക്കുകയാണ് പതിവ്. നിലവിൽ പ്രമുഖ അബ്കാരി വി കെ അശോകനാണ് ബിനി നടത്തിയിരുന്നത്. കാലാവധി കഴിഞ്ഞതോടെയാണ് പുതിയ ടെൻഡർ ക്ഷണിച്ചത്.

ടെൻഡർ ലഭിച്ചവർ തന്നെയാണ് മേയർ പോലും അറിയാതെ കെട്ടിടം പൊളിക്കൽ ആരംഭിച്ചത്. മാധ്യമങ്ങളിലൂടെ വിവരം പുറത്തായതോടെ പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും രംഗത്ത് വന്നതോടെ പൊളിക്കൽ നിർത്തിവയ്ക്കുകയായിരുന്നു. ഇതിനിടെ ടൂറിസ്റ്റ് ഹോമിലെ വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി കൊണ്ടുപോയതായും പറയുന്നു. തൃശൂർ നഗരത്തിൽ കോർപറേഷനും ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവലിന്റെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ടെൻഡർ നേടിയത്. ശക്തൻ ചേംബേഴ്സ് എന്ന കമ്പനിയുടെ പേരിലാണ് ഇവർ ടെൻഡർ നേടിയത്. നവംബർ ഒമ്പത് ആയിരുന്നു ടെൻഡറിന്റെ അവസാന തീയതി. എന്നാൽ ശക്തൻ ചേംബേഴ്സ് രൂപീകരിച്ചത് 2022 ഒക്ടോബർ 26ന് ആണ്.

അതായത് ടെൻഡറിന്റെ രണ്ടാഴ്ച മുമ്പാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. ഇതോടെ ടെൻഡർ നേടിയെടുക്കാൻ വേണ്ടി രൂപീകരിച്ച തട്ടിക്കൂട്ട് കമ്പനിയാണിതെന്ന സംശയം ബലപ്പെട്ടു. വിവാദമായ ഇപ്പോഴത്തെ ടെൻഡറിന് മുമ്പ് അഞ്ച് തവണ ടെൻഡർ വിളിച്ചിരുന്നു. അന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് ടെൻഡർ ഒഴിവാക്കിയത് ശക്തൻ ചേംബേഴ്സിന് നൽകാൻ വേണ്ടിയായിരുന്നുവെന്നും ആരോപണമുണ്ട്. ഇവർ നേരത്തെ ഒരു ടെൻഡറിൽ പങ്കെടുക്കാൻ ശ്രമിച്ചുവെങ്കിലും സമയം വൈകിയതിനാൽ കഴിഞ്ഞില്ല.

ശക്തൻ ചേംബേഴ്സിന് വേണ്ടിയാണ് വീണ്ടും ടെൻഡർ ക്ഷണിച്ചതെന്നും പറയുന്നു. നഗരത്തിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്ന ഷംസുദ്ദീൻ ജനീഷ് എന്ന ജനീഷ് ആണ് ടെൻഡർ നേടിയത്. ഇയാൾ സിപിഎം നേതാക്കളുടെ ബിനാമി ആയതുകൊണ്ടാണ് ടെൻഡർ കിട്ടിയതെന്നും ആരോപണമുണ്ട്. വിവാദമായപ്പോൾ ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചത് അനധികൃതമായാണെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു. ഇതിനെതുടർന്ന് 17ന് ആദ്ദേഹം സ്ഥലം സന്ദർശിക്കുകയും ചെയ്തു. മേയർ സ്ഥലം സന്ദർശിക്കുന്നതിന് തൊട്ട് തലേ ദിവസമാണ് കമ്പനി ടെൻഡർ തുകയായ ഒരു കോടി രൂപ കോർപറേഷനിൽ മുഴുവനായും അടച്ചത്. അതിന് മുമ്പ് വെറും 29 ലക്ഷം മാത്രമാണ് അടച്ചത്. ടെൻഡർ വ്യവസ്ഥ പ്രകാരം മാസം ഏഴര ലക്ഷം രൂപ വീതം 12 മാസത്തെ തുകയായ 91 ലക്ഷവും ജിഎസ്ടിയും അടക്കം ഒരു കോടിയോളം രൂപ അടയ്ക്കണം. എന്നാൽ ടെൻഡർ ലക്ഷിച്ചവർ 29 ലക്ഷം മാത്രമാണ് അടച്ചത്. വിവാദം ഉണ്ടായപ്പോൾ മാത്രമാണ് ബാക്കി തുക അടച്ചത്. അത് മേയർ സ്ഥലം സന്ദർശിച്ചതിന്റെ തലേ ദിവസം നോക്കിയാണ് അടച്ചത്. ഡിമാന്റ് ഡ്രാഫ്റ്റ് വഴിയാണ് പണം അടച്ചതെന്നതിനാൽ തീയതി മാറ്റാൻ കഴിയില്ല.

ശക്തൻ ചേംബേഴ്സിൽ ജനീഷിനെ കൂടാതെ സാജു ഡേവിസ് ചിറ്റിലപ്പിള്ളിയാണ് മറ്റൊരു ഡയറക്ടർ. രേഖകൾ പ്രകാരം 15 ലക്ഷം മൂലധനത്തോടെയാണ് കമ്പനി ആരംഭിച്ചത്. കമ്പനിക്കോ ഡയറക്ടർമാർക്കോ ഹോട്ടൽ വ്യവസായമോ റെസ്റ്റോറന്റോ ബാറോ നടത്തിയിട്ട് പരിചയമില്ല. നടത്തിപ്പിന്് അനുമതി കിട്ടി കഴിഞ്ഞാൽ സബ് കോൺട്രാക്ട് കൊടുക്കുകയായിരുന്നു ലക്ഷ്യം. ജനീഷ് ആദ്യകാലത്ത് ഓസ്‌കർ വീഡിയോസ് എന്ന പേരിൽ ചെറിയ കാസറ്റ് കട നടത്തിയിരുന്നു. പിന്നീട് സ്റ്റേജ് ഡെക്കറേഷനിലേക്കും ഇവന്റ് മാനേജ്മെന്റിലേക്കും ചുവട്മാറ്റി. മറ്റൊരു ഡയറക്ടറായ സാജു ഡേവിഡിന് കുറികമ്പനി നടത്തിയാണ് പരിചയം.

കണിമംഗലം കുറീസ്, അഗത ചിറ്റ്സ് എന്നിവയാണ് ഇയാളുടെ മറ്റ് സ്ഥാപനങ്ങൾ എന്ന് രേഖകളിൽ കാണുന്നു. ശക്തൻ ചേംബേഴ്സിന്റെ ടെൻഡർ കോർപ്പറേഷൻ കൗൺസിലോ നിയമവിഭാഗമോ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഇവർക്ക് പിന്നെ എങ്ങനെ താക്കോൽ കിട്ടിയെന്ന കാര്യത്തിൽ ദുരൂഹതയേറുകയാണ്. താക്കാൽ കൈമാറിയാൽ മാത്രമേ പൊളിക്കാൻ പറ്റുകയുള്ളൂ. എന്നാൽ താക്കോൽ ലഭിക്കുന്നതിന് വ്യവസ്ഥ പ്രകാരം ഒരു കോടിയോളം രൂപ നൽകണം. ഇവിടെ അത് ഉണ്ടായിട്ടില്ല. ആരാണ് താക്കോൽ കൈമാറിയതെന്നതിലും ദുരൂഹതയുണ്ട്.

നിയമപ്രകാരം കോർപ്പറേഷൻ സെക്രട്ടറിയാണ് താക്കോൽ കൈമാറേണ്ടത്. എന്നാൽ ആരാണ് ടെൻഡർ നടപടികൾ പൂർത്തിയാകാതെ കമ്പനിക്ക് താക്കോൽ കൈമാറിയതെന്ന കാര്യത്തിൽ മേയർക്കും സെക്രട്ടറിക്കും മറുപടിയില്ല. അരണാട്ടുകരയിൽ ബൈക്ക് റേസ് നടത്തിയതിന്റെ മറവിൽ നെൽവയൽ നികത്തിയതും വിവാദമായിരുന്നു. ടെൻഡർ കിട്ടിയ ജനീഷിന്റെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് പാടം നികത്തിയത്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നെൽവയലാണ് അനധികൃതമായി നികത്തിയത്. കോർപറേഷൻ സംഘടിപ്പിച്ച ബൈക്ക്റേസിന്റെ മറവിലാണ് പാടം നികത്തിയത്.

സംരക്ഷിത വിഭാഗത്തിൽപ്പെട്ട തണ്ണീർത്തടാകമുള്ള പ്രദേശമാണ് നികത്തിയത്. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇപ്പോൾ് നികത്തിയ മണ്ണ് ഏടുത്ത് മാറ്റാൻ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യവ്യക്തിയുടെ ഭൂമി മണ്ണിട്ട് നികത്താൻ ഒത്താശ നൽകിയതിലും നേരത്തെ പറഞ്ഞ രണ്ട് കൗൺസിലർമാർക്കെതിരെ ആരോപണം ഉയർന്നിരുന്നു. അനധികൃത നിലംനികത്തലിന് ഒത്താശ നൽകിയത് കൗൺസിലിൽ വലിയ സ്വാധീനമുള്ള രണ്ട് സിപിഎം കൗൺസിലർമാരാണെന്നാണ് പറയുന്നത്. 600ഓളം ലോഡ് മണ്ണിട്ടാണ് പാടം നികത്തിയത്. അതിനിടെ സിപിഎം സഹസംഘടനയായ അഖിലേന്ത്യ കിസാൻസഭയുടെ സമ്മേളനത്തിന് കോർപറേഷൻ കെട്ടിടമായ ബിനി നൽകിയത് അനധികൃതമായാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. സമ്മേളന കാലാവധിയിലെ വൈദ്യുതി ബിൽ ഇനത്തിൽ രണ്ട് ലക്ഷത്തോളം രൂപ വിട്ടുകൊടുത്തുവെന്നും പറയുന്നു. ഏത് മാനദണ്ഡത്തിലാണ് ഇത് വിട്ടുനൽകിയതെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജോൺ ഡാനിയേൽ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി.

വൈദ്യുതി ബിൽ ഏത് വകയിലാണ് അടച്ചതെന്ന് മേയറും സെക്രട്ടറിയും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് പാർട്ടി സമ്മേളനത്തിന് ചെലവാക്കുന്നതിനെ ചൊല്ലി ഇടതുമുന്നണിയിലും അസ്വാരസ്യം ഉയർന്നിട്ടുണ്ട്. സിപിഐ ഇക്കാര്യത്തിൽ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെങ്കിലും വരും ദിനങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് രംഗത്ത് വന്നേക്കുമെന്ന് സൂചനയുണ്ട്. കൗൺസിലർമാർക്കെതിരെ സിപിഎമ്മിലും കടുത്ത അതൃപ്തി ഉണ്ടാകിയിട്ടുണ്ട്. പാർട്ടിക്ക് കടുത്ത കളങ്കം വരുത്തുന്നതാണ് കൗൺസിലർമാരുടെ നടപടിയെന്ന് ഒരു വിഭാഗം കണക്ക്കൂട്ടുന്നു. ഇക്കാര്യത്തിൽ സിപിഎം ജില്ലാ നേതൃത്വം പരസ്യമായി വിശദീകരണം നൽകിയേക്കും.