- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണക്കിൽ 80 ലക്ഷമെങ്കിലും കൈമാറിയത് കോടികൾ; ബിനോയ് കോടിയേരിയുടെ കുഞ്ഞിന്റെ അമ്മ ഒത്തു തീർത്തത് നാലു വർഷം നീണ്ട പീഡന കേസ്; പണം നൽകാൻ പ്രവാസി വ്യവസായി അടക്കം കോടിയേരിയുടെ മകനെ സഹായിച്ചെന്ന് സൂചന; യഥാർത്ഥ കണക്ക് പുറത്തു പറയില്ല; മറ്റൊരു കോടതി തലവേദന കൂടി ബിനോയ് ഒഴിവാക്കുമ്പോൾ
മുംബൈ: ബിനോയ് കോടിയേരിയുടെപേരിൽ ബിഹാർ സ്വദേശിനി നൽകിയ ബലാത്സംഗക്കേസ് അവസാനിപ്പിക്കുമ്പോൾ ബിനോയ് കോടിയേരിക്ക് ആശ്വാസമാകുന്നത് ബഞ്ച് മാറ്റം. രണ്ടുപേരുംചേർന്ന് നൽകിയ ഒത്തുതീർപ്പുവ്യവസ്ഥ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. ഒത്തുതീർപ്പുവ്യവസ്ഥപ്രകാരം 80 ലക്ഷം രൂപയ്ക്കാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതിക്ക് പണം നൽകിയതിന്റെ രേഖയും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന് അപ്പുറത്തേക്ക് കോടികൾ കൈമാറിയെന്നാണ് സൂചന. നാല് വർഷമായി തുടരുന്ന തലവേദനയാണ് ബിനോയ് ഒഴിവാക്കുന്നത്.
ഗൾഫിലും ബിനോയിക്ക് സാമ്പത്തിക തട്ടിപ്പ് കേസുണ്ടായിരുന്നു. അതും പണം കൊടുത്താണ് ഒഴിവാക്കിയത്. അന്ന് പ്രമുഖ പ്രവാസിയുടെ ഇടപെടലാണ് തുണയായത്. ഇന്നും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകനെ ചില കേന്ദ്രങ്ങൾ സഹായിച്ചതായി സൂചനയുണ്ട്. അല്ലെങ്കിൽ ഇത്രയും തുക ബിനോയിക്ക് നൽകാനാകില്ലെന്നാണ് സൂചന.
കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീർപ്പുവ്യവസ്ഥയിൽ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആർ.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചു. നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷൻ ബെഞ്ച് വിവാഹക്കാര്യത്തിൽ തീരുമാനം വ്യക്തമാക്കാൻ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ആ ഡിവിഷൻ ബെഞ്ചിൽനിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഇരുവർക്കും ആശ്വാസമായി കേസ് ഒത്തുതീർപ്പിലെത്തിയത്.
2019-ലാണ് യുവതി ബിനോയിയുടെപേരിൽ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. കേസിൽ ദിൻദോഷി സെഷൻസ് കോടതി കുറ്റം ചുമത്താനിരിക്കെയാണ് ഒത്തുതീർപ്പുമായി ബിനോയ് യുവതിയെ സമീപിച്ചത്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച ഡിഎൻഎ പരിശോധനാ ഫലം പുറത്തു വരാതിരിക്കാൻ വേണ്ടി കൂടിയായിരുന്നു ഇത്. ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പാകമ്പോൾ ബിനോയ് കോടിയേരിയ്‌ക്കെതിരെ ഉയരുന്ന കേസിൽ എൺപതു ലക്ഷം എങ്ങനെ കൊടുത്തുവെന്ന ചോദ്യം ചർച്ചയാണ്.
കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്ന് തന്നെയാണ്. ഒത്തുതീർപ്പു കരാറിൽ പറയുന്നത് ഈ തുകയാണെങ്കിലും അതിലേറെ കൊടുത്തെന്നു സൂചനയുണ്ട്.കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങൾ കരാറിൽ എടുത്തുപറയുന്നില്ല. പണം നൽകിയ വിവരങ്ങൾ ബിനോയിയും ബോധിപ്പിച്ചു. തുടർന്ന്, ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീർപ്പാക്കിയത്. എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതി അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. വർഷങ്ങളായി മുംബൈയിൽ താമസിക്കുകയാണിവർ. കുട്ടിയെ വളർത്താനുള്ള പണം ആവശ്യപ്പെട്ടായിരുന്നു പരാതി. വ്യാജക്കേസാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹർജി നൽകിയപ്പോൾ ബോംബെ ഹൈക്കോടതി ഡിഎൻഎ പരിശോധനയ്ക്ക് നിർദേശിച്ചു. ലോക്ഡൗണിനു ശേഷം കോടതിയുടെ പ്രവർത്തനം സാധാരണനിലയിലേക്ക് ആയപ്പോൾ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിലെത്തി. ഇതോടെയാണ് ബിനോയ് ഒത്തുതീർപ്പ് ശ്രമം തുടങ്ങിയത്.
ബീഹാറുകാരിയായ മുൻ ബാർ ഡാൻസറുമായുള്ള കേസും നൂലാമാലകളും കോടിയേരി ബാലകൃഷ്ണന്റെ മകൻ വലിയ പുലിവാലാണ് പിടിച്ചത്. നേരത്തേയും യുവതിക്ക് പണം നൽകി പ്രശ്നം തീർക്കാൻ ബിനോയ് ശ്രമിച്ചിരുന്നു. എന്നാൽ ചോദിക്കുന്ന തുക കൊടുക്കാനുണ്ടായിരുന്നില്ല. മുമ്പ് ഗൾഫിൽ സാമ്പത്തിക കേസിൽ ബിനോയ് പെട്ടപ്പോൾ കേരളത്തിലെ ചില മുതലാളിമാരാണ് പണം നൽകി പരിഹാരമുണ്ടാക്കിയത്. ഇത്തവണയും അത് ബിനോയ് പ്രതീക്ഷിച്ചു. എന്നാൽ മുതലാളിമാർ ആരും പണം നൽകിയില്ല. ഗൾഫിലെ പ്രശ്നം തീർക്കാൻ മുന്നിൽ നിന്ന കാസർഗോട്ടെ സിനിമാക്കാരൻ പോലും അടുത്തില്ല. ഗൾഫിലെ വ്യവസായിയും മുഖം തിരിച്ചു. ഇതും തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതിനിടെ കോടിയേരിയുടെ രോഗം ചർച്ചകളിലെത്തി. ചിലർ സഹായിക്കാനും തയ്യാറായി. ഇതാണ് ആശ്വാസമായത്.
കേസിൽ ബിനോയിയിൽ നിന്ന് പണം വാങ്ങിയുടെ കുട്ടിയുടെ ഭാവി സുരക്ഷിതമാക്കനായിരുന്നു ബീഹാറിലെ ഡാൻസറിനും കൂടുതൽ താൽപ്പര്യം. നിയമപരമായി കേസിനെ പ്രതിരോധിക്കാനാകില്ലെന്ന് ബിനോയ് തിരിച്ചറിഞ്ഞു. ബിനോയ് തന്നെ വിവാഹം കഴിച്ചതാണെന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീൽ നോട്ടീസിൽ യുവതി പറഞ്ഞിരുന്നു. എന്നാൽ പൊലിസിൽ നൽകിയ പരാതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആൺകുട്ടിയുടെ അച്ഛൻ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി 2015 ജനുവരി 28 ന് സത്യവാങ്മൂലം മുംബൈ നോട്ടറിക്ക് മുമ്പാകെ രേഖപ്പെടുത്തി എന്നും യുവതി പറയുന്നു.
പരാതിക്കാരിയായ യുവതിക്ക് ജീവനാംശം നൽകാൻ നേരത്തെ തന്നെ കോടതിക്ക് പുറത്ത് നീക്കം നടന്നിരുന്നു. ഒടുവിൽ ഈ നീക്കം ഫലം കണ്ടതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും കൂടി കോടതിയിൽ അപേക്ഷ നൽകിയത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ആദ്യം ബോംബൈ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഡിഎൻഎ പരിശോധനയിലൂടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാൻ കോടതി ഉത്തരവിട്ടു.
ഇതേ തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയുടെ ഫലം രണ്ട് വർഷമായി കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. ഇതിനിടയിലാണ് കേസ് ഒത്തുതീർപ്പാവുന്നത്. കുട്ടിയുടെ ഭാവി മുൻനിർത്തിയാണ് ഒത്തുതീർപ്പിലേക്ക് പോകുന്നത് എന്ന് കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നത്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് യുവതിയും എഫ്‌ഐആർ റദ്ദാക്കണമെന്ന് ബിനോയിയും അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഇതൊരു ക്രിമിനൽ കേസ് ആയതിനാൽ വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കാം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
മറുനാടന്‍ മലയാളി ബ്യൂറോ