തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെ കണ്ടത് എന്തിനെന്ന് കേരളത്തിന് അറിയാന്‍ ആകാംക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആര്‍.എസ്.എസിന്റെ മേധാവിയുമായി കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്ക് എന്ത് കാര്യങ്ങളാണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.

തൃശ്ശൂര്‍ പൂരം കലക്കല്‍ പോലയുള്ള കാര്യങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് താന്‍ ഈ ചോദ്യം ഉന്നയിക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറിഴ്യക്തമാക്കി. കേരളത്തിന്റെ ആകാംക്ഷയാണ്, ഉത്കണ്ഠയാണ്, ചോദ്യമാണ്. എന്താണ് സംസാരിച്ചതെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാ കേരളീയര്‍ക്കും സി.പി.ഐക്കുമുണ്ട്. കൂടിക്കാഴ്ചയേപ്പറ്റി പുറത്തുവന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അത് ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിലെ ജനങ്ങളുടെ സാംസ്‌കാരികോത്സവമായ പൂരം അലങ്കോലമാക്കിയതില്‍ പോലീസിന്റെ പങ്കിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ പൊന്തിവരവെ കൂടിക്കാഴ്ചയ്ക്ക് അതീവപ്രാധാന്യമുണ്ട്. എല്‍.ഡി.എഫിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധവുമില്ല, ഉണ്ടാകുക വയ്യ. ആശയപരവും രാഷ്ട്രീയവും സൈദ്ധാന്തികവുമായി എല്‍.ഡി.എഫിനും ആര്‍.എസ്.എസിനും ഇടയില്‍ ഒന്നുമില്ലെന്നും ബിനോയ് വിശ്വം അടിവരയിട്ടു.

എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നുള്ളത് വെറും വാര്‍ത്തയാണ്. വസ്തുത അല്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഗൗരവമായ കാര്യമാണെന്നും സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തൃശൂര്‍ പൂരം കലക്കാനാണ് എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതെന്നാണ് വാര്‍ത്തകള്‍. അങ്ങനെയെങ്കില്‍ പൂരം കലക്കാന്‍ കൂട്ടുനിന്നതില്‍ ഒരു കക്ഷി ആര്‍എസ്എസ് ആണെന്ന് ഉറപ്പിക്കാം. പൂരം കലക്കാന്‍ ഉദ്ദേശമുണ്ടെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ആര്‍എസ്എസ് അത് തടയണമായിരുന്നു. പൂരത്തോട് സ്നേഹമുണ്ടായിരുന്നെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നു. പൂരം കലക്കിയാല്‍ ജയിക്കുമെന്നുള്ളത് ആര്‍എസ്എസിന്റെ താത്പര്യമായിരുന്നുവെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാരിനെ പൂര്‍ണമായും വിശ്വസിക്കുന്നു. പൂരം കലക്കല്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടണമെന്നാണ് ആഗ്രഹം. സത്യം പുറത്ത് വരണം. ഇതിന് പിന്നിലുള്ള രാഷ്ട്രീയത്തെ പറ്റി ഒന്നും പറയുന്നില്ലെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തില്‍ ഒപ്പംപഠിച്ചയാളുടെ ക്ഷണപ്രകാരം ഹൊസബാളയെ കണ്ടിരുന്നുവെന്ന് എം.ആര്‍. അജിത് കുമാര്‍ സമ്മതിച്ചിരുന്നു. ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറിയെ എ.ഡി.ജി.പി. തൃശ്ശൂരില്‍വെച്ച് കണ്ടെന്ന് കഴിഞ്ഞി ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആരോപണം ഉന്നയിച്ചത്.

2023 മെയ് 22-നായിരുന്നു എം.ആര്‍.അജിത് കുമാര്‍-ഹൊസബളെ സന്ദര്‍ശനം. പാറമേക്കാവ് വിദ്യാമന്ദിറില്‍ ആര്‍.എസ്.എസ്. ക്യാമ്പിനിടെയായിരുന്നു സന്ദര്‍ശനം. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.ജി.പിക്കും ഇന്‍ലിജന്‍സ് വിഭാഗത്തിനും കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആര്‍.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട്.