- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താ സഖാവേ ഇങ്ങനെ? ഭാര്യയും മകളും മരുമകനുമൊക്കെ വിദേശ സർവ്വകലാശാലകളിൽ പഠിച്ചാൽ മതിയോ? നയത്തിൽ വെള്ളം ചേർത്ത് സിപിഎം തെറ്റ് തിരുത്തുമ്പോഴും സിപിഐ നേതാവ് ഇടഞ്ഞു തന്നെ! ഭാര്യയും മകളും മരുമകനും യുകെയിൽ പഠിച്ചിരുന്നപ്പോൾ നിത്യ സന്ദർശകൻ ആയിരുന്ന ബിനോയ് പറയുന്നത് വിദേശ സർവ്വകലാശാലകൾ ശരിയല്ലെന്ന്; ഇത് ഇരട്ടത്താപ്പോ?
ലണ്ടൻ: ''ഇരട്ടത്താപ്പ്'', ഇന്നത്തെ ലോകത്തിൽ ഏറ്റവും യോജിക്കുന്നതാർക്ക്? മറ്റു പാർട്ടികളിൽ ഉള്ളവരെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും ഒക്കെ പേരുകളിൽ ആക്ഷേപിക്കുമ്പോൾ കമ്യുണിസ്റ്റ് നേതാക്കൾ അടുത്തകാലത്തായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പറഞ്ഞതിൽ പിന്നീടു വെള്ളം ചേർക്കേണ്ടി വരുന്ന ഇരട്ടത്താപ്പ് എന്ന അവസ്ഥ. എന്നൊക്കെ എന്തിനെയൊക്കെ നയപരമായി എതിർത്തിട്ടുണ്ടോ, പിന്നീട് അതിനെയൊക്കെ നെഞ്ചോട് ചേർത്ത് പുണരുന്ന കാഴ്ചകൾ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടികളിൽ നിന്നും ലഭ്യമാണ്.
പഴയ തലമുറയ്ക്ക് ഓർമ്മയുള്ള ട്രാക്ടർ സമരവും പുതിയ തലമുറയ്ക്ക് ഓർമ്മയുള്ള കംപ്യുട്ടർ സമരവും മാത്രമല്ല ബൂർഷ്വാ, സാമ്രാജ്യത്വ നയങ്ങളിൽ വരെ വെള്ളം ചേർത്ത്, എന്താ നിങ്ങടെ പരിപാടി എന്ന് ചോദിച്ചാൽ അങ്ങനെയൊന്നും ഇല്ലായെന്ന് അഴകൊഴമ്പൻ മറുപടി പറഞ്ഞു നിൽക്കാനേ ഏതു ബൗദ്ധിക വിശാരദനും ഇന്ന് കമ്യുണിസ്റ്റ് പാർട്ടിയിൽ സാധിക്കൂ. ഈ ഇരട്ടത്താപ്പിൽ ഇപ്പോൾ ഏറ്റവും ഒടുവിലായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നതാണ് വിദേശ സർവകലാശാലകളുടെ പേരിൽ സിപിഐ ഉയർത്തുന്ന എതിർ വാദം.
എതിർത്തതൊക്കെ മണ്ടത്തരം എന്ന് തിരിച്ചറിയുന്നത് പതിറ്റാണ്ടുകൾ കഴിയുമ്പോൾ
ഇന്നും ആവേശത്തോടെ പാർട്ടി അണികൾ വീറോടെ മുദ്രാവാക്യം വിളിച്ചാഘോഷിക്കുന്ന കൂത്തുപറമ്പ് വെടിവയ്‌പ്പ് ഓർമ്മ ദിവസത്തിൽ അഞ്ചു സഖാക്കളെ കൊലയ്ക്ക് കൊടുത്തത് വിദ്യാഭ്യാസ നയത്തിന്റെ പേരിലാണ്. ഇതേ നയവ്യതിയാനത്തിന്റെ പേരിൽ പിന്നീട് വിളനിലം സമരവും നയതന്ത്രജ്ഞൻ ആയിരുന്ന ടി പി ശ്രീനിവാസനെ തല്ലിയതും ഒക്കെ സിപിഎം കുട്ടിസംഘടന എസ്എഫ്ഐയുടെ പേരിലുള്ള നാണക്കേടായി ഇന്നും തെളിഞ്ഞു നിൽക്കുകയാണ്.
ഇതിനെയൊക്കെ ചരിത്രത്തിന്റെ കൂടാരത്തിൽ ഇനിയാരും എന്ത് പറഞ്ഞാലും മറുപടി പറയേണ്ടന്ന ലക്ഷ്യത്തോടെ സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുൻകൈ എടുത്തു അവതരിപ്പിച്ച പരിഷ്‌കരണ അജണ്ടയുടെ ഭാഗമായാണ് ഇപ്പോൾ സിപിഎം വിദേശ സര്വകലാശാലകൾക്ക് ചുവപ്പു കൊടി മാറ്റി പച്ചക്കൊടി ഉയർത്താൻ തയ്യാറായിരിക്കുന്നത്.
എന്നാൽ ചില പ്രത്യേക ലക്ഷ്യത്തോടെ സിപിഐ നേതാക്കൾ ഒന്നടങ്കം ഈ നയത്തെ എതിർക്കുന്നു. പാർട്ടി സമ്മേളനത്തിൽ നവകേരളം പടുത്തുയർത്താൻ എന്ന ആവേശം പകരുന്ന തലക്കെട്ടോടെയാണ് പിണറായി വിജയൻ വിദേശ സർവ്വകലാശാലകൾക്ക് കേരളത്തിൽ നിക്ഷേപ അവസരം നൽകണം എന്ന നിർദ്ദേശം ഉയർത്തിയത്. എന്തുകൊണ്ടും ചർച്ചയും എതിർപ്പും ഒക്കെ ഉണ്ടാകേണ്ട വിഷയം കാണേണ്ടവരെയൊക്കെ കാണേണ്ട പോലെ വിജയൻ സമ്മേളനത്തിനു മുൻപ് തന്നെ കണ്ടിരുന്നതിനാൽ എതിർ ശബ്ദം ഒന്നും ഉയർന്നില്ല.
സമ്മേളനത്തിന് മുൻപ് തന്നെ അദ്ധ്യാപക, വിദ്യാർത്ഥി സംഘടനാ നേതാക്കൾക്കും എന്താണ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുക എന്നതിനെ പറ്റി സൂചനകൾ ലഭിച്ചിരുന്നു. അതിനാൽ കാര്യങ്ങളൊക്ക പാർട്ടി സമ്മേളനത്തിൽ അവതരിപ്പിച്ചു നയവ്യതിയാനത്തിനു പച്ചക്കൊടി വാങ്ങിയാണ് എറണാകുളം സമ്മേളനം കൊടിയിറങ്ങിയത്. ഈ നവകേരള രേഖ തന്നെയാണ് പേരുമാറ്റി സിപിഎം വികസന രേഖയായി എൽഡിഎഫ് സമ്മേളനത്തിൽ എത്തിച്ചതും.
കുടുംബത്തിൽ എത്തിയ സൗഭാഗ്യം മറന്നുള്ള നേതാവിന്റെ ഇരട്ടത്താപ്പ്
എന്നാൽ കേരളത്തിൽ അർത്ഥഗർഭമായ മൗനം പാലിച്ച സിപിഐ ഡൽഹിയിൽ സടകുടഞ്ഞ് എണീറ്റിരിക്കുകയാണ്. പാർട്ടിയുടെ മുഖപത്രമായ ന്യൂ ഏജ് വാരികയിൽ വിഷയത്തെ കുറിച്ച് ഗഡാഗഡിയൻ ലേഖനം എഴുതിയാണ് പാർട്ടി എംപി ബിനോയ് വിശ്വം യഥാർത്ഥ സാമ്രാജ്യത്വ വിരുദ്ധനായി സഖാക്കൾക്ക് ഉശിരു പകരാൻ ശ്രമിച്ചിരിക്കുന്നത്. ഈ ലേഖനം ഇപ്പോൾ പലയിടത്തും ചർച്ചയാണ്. ഗൗരവ വായനക്കുള്ള പല വിദേശ വെബ് സൈറ്റുകളിലും ഇന്ത്യയിലെ എംപി വിദേശ സർവ്വകലാശാലകൾ എത്തുന്നതിനെ എതിർക്കുന്ന വിവരം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബിനോയ്ക്ക് സ്വന്തം ചിന്തകൾ പറയാനുള്ള എല്ലാ സ്വതന്ത്രവും അവകാശവും ഉള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ കുടുംബം തന്നെ ഈ വിദേശ സർവ്വകലാശാലകളുടെ ഏറ്റവും വലിയ ഗുണഭോക്താവ് ആണെന്ന കാര്യമാണ് നേതാവ് സൗകര്യ പൂർവം മറന്നു പോയത്. ഈ വിരോധാഭാസവും ഇരട്ടത്താപ്പുമാണ് കമ്യുണിസ്റ്റ് സഹജമായ മൂല്യച്യുതിയായി ഇപ്പോൾ വിമർശവും നേരിടുന്നത്. ഭാര്യയും മകളും മരുമകനും യുകെയിൽ പഠിച്ചിരുന്നവരാണ് എന്ന് ബിനോയ് വിശ്വം മറന്നു പോയാലും ചുരുങ്ങിയ പക്ഷം കുറെയേറെ യുകെ മലയാളികൾ എങ്കിലും അത്ര വേഗം മറന്നു പോകില്ല.
എട്ടു വർഷം മുൻപ് സർക്കാർ പരിപാടികളിലും എങ്ങനെയെങ്കിലും പ്രതിനിധിയായി കയറിപ്പറ്റി യുകെയിൽ ഇടയ്ക്കിടെ വരുക എന്നതൊരു ബിനോയ് വിശ്വത്തിന്റെ ശീലം കൂടിയായിരുന്നു. അതിന് അദ്ദേഹത്തിന് വ്യക്തിപരമായ കാരണവും ഉണ്ടായിരുന്നു. സ്‌കോട്ലൻഡിൽ നിയമ വിദ്യാർത്ഥിയായി മകൾ സൂര്യയും മരുമകനും കഴിഞ്ഞിരുന്നതിനാൽ അത്തരം സന്ദർശനങ്ങൾ അവരെക്കൂടി കാണുവാനുള്ള അവസരം കൂടി ആയി മാറി. ഇക്കാലത്തു തന്നെയാണ് ഭാര്യ ശൈല സി ജോർജ് നോട്ടിൻഹാമിൽ ക്രിയേറ്റിവ് റൈറ്റിംഗിൽ വിദ്യാർത്ഥിനിയുടെ റോളിൽ ഉണ്ടായിരുന്നതും. ഇരുവർക്കും യുകെ പഠനം പിന്നീടവരുടെ ജീവിതത്തിൽ കൂടുതൽ തെളിമ നൽകി എന്നതാണ് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നത്.
രാഷ്ട്രീയ പിൻബലം കൂടി ഉള്ളതിനാൽ നാട്ടിൽ മടങ്ങി എത്തിയ സൂര്യക്ക് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷക എന്ന റോളിലേക്ക് ഗൗൺ എടുത്തണിയാൻ വിദേശ പഠനം തീർച്ചയായും അധിക യോഗ്യത ആയി എടുത്തു കാട്ടാനായി. മുൻ മന്ത്രിയുടെ മകൾ എന്ന ആക്ഷേപം ഉയർത്തി വന്നവർക്കു മുൻപിൽ ഉള്ള ചുരികയായി വിദേശ പഠനം മാറുകയും ചെയ്തു. എഴുത്തിൽ പയറ്റി തെളിയാൻ നോട്ടിൻഹാമിലെ പഠനം സഹായിച്ചത് വഴി റെയ്ൻ ഇൻ ദി ആറ്റിക് എന്ന കവിത സമാഹാരം പുറത്തിറക്കാൻ ശൈല ജോർജിനും സാധിച്ചു.
മലയാളം കണ്ട പ്രമുഖ എഴുത്തുകാരി കൂത്താട്ടുകുളം മേരിയുടെ മകളാണ് ശൈല. ബാങ്കിങ് ജീവിതത്തിൽ നിന്നും വിരമിക്കാൻ രണ്ടു വർഷം ബാക്കി നിൽക്കെയാണ് ശൈല കവിത സമാഹാരവുമായി തന്റെ പൈതൃക പുണ്യം മലയാളിക്ക് പരിചയപ്പെടുത്താൻ തയ്യാറായത്.
നേട്ടങ്ങളൊക്കെ വീട്ടിലാകാം, നാട്ടിൽ വേണ്ട
മകളും ഭാര്യയും വിദേശ സർവ്വകലാശാല പഠനത്തിന്റെ തെളിവുമായി തന്റെ കുടുംബത്തിൽ നിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വിദേശ സർവ്വകലാശാല ഇന്ത്യയിൽ വരുന്നതിനെ എതിർത്ത് ''ഓപ്പൺ ഓഫർ റ്റു ഫോറിൻ യൂണിവേഴ്സിറ്റീസ് റ്റു സെറ്റ് അപ് കാമ്പസ് ഇൻ ഇന്ത്യ ഈസ് നോട് ഇൻ നാഷണൽ ഇന്ററസ്റ്റ് '' എന്ന തലകെട്ടിൽ നെടുങ്കൻ ലേഖനം എഴുതി ബിനോയ് വിശ്വം യഥാർത്ഥ കമ്മ്യുണിസ്റ്റ് ആയി അഭിനയിച്ചിരിക്കുന്നത്.
മുതലാളിത്ത രാജ്യത്തു വന്നു പഠിച്ച ഭാര്യയെയും മകളെയും കൂടി അപമാനിക്കും വിധമാണ് കമ്മ്യുണിസ്റ്റ് നേതാവിന്റെ വിദേശ സർവ്വകലാശാലയോടുള്ള എതിർപ്പ് എന്നാണ് ലേഖനത്തിനു സോഷ്യൽ മീഡിയ നൽകുന്ന വിശേഷണം. സ്വതവേ മിതഭാഷിയും മാന്യനായ രാഷ്ട്രീയകാരനുമായി മലയാളി മനസ്സിൽ ഇടമുള്ള ബിനോയ്ക്ക് ഇങ്ങനെയൊക്കെ പറയാനും എഴുതാനും സാധിക്കുന്നത് കമ്മ്യുണിസം എന്ന ഇരട്ടത്താപ്പ് തലയിൽ ഉള്ളതുകൊണ്ടാണ് എന്ന വിമർശവും ഉയരുന്നുണ്ട്.
വിദേശ സർവകലാശാല വന്നാൽ സാമൂഹ്യ സംവരണ തത്വം അട്ടിമറിക്കപ്പെടും എന്നതാണ് ബിനോയുടെയും പാർട്ടിയുടെയും ആശങ്ക. എന്നാൽ നേതാവിന്റെ ഭാര്യയെയും മകളെയും പോലെ വിദേശത്തു പോയി പഠിക്കാൻ നിർവാഹം ഇല്ലാത്തവർക്ക് കൂടി വിദേശ സർവ്വകലാശാലകൾ ഇന്ത്യയിൽ എത്തിയാൽ അവസരങ്ങളുടെ വാതിൽ അല്ലെ തുറന്നിടുക എന്ന ചോദ്യം തൽക്കാലം എതിർ വാദക്കാരുടെ തലയിൽ കയറില്ല. കാരണം ആദ്യം എന്തിനെയും എതിർക്കുക എന്ന നയം ഇനിയും തുടരുക എന്നതാണ് ഈ നൂറ്റാണ്ടിലും സിപിഐ കരുതുന്നുണ്ടാവുക.
ഏട്ടന്മാരായ സിപിഎം തങ്ങളുടെ നയത്തിൽ വെള്ളം ചേർത്ത് കഴിഞ്ഞ കാല പാപങ്ങൾ കഴുകാൻ തയ്യാറായി എത്തുമ്പോളാണ് ചെറു കക്ഷിയായ സിപിഐ വികട സ്വരം ഉയർത്തുന്നത് എന്നതാണ് കൂടുതൽ ശ്രദ്ധേയം. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മുന്നണിയിൽ കേരള കോൺഗ്രസിനൊപ്പം പ്രാമുഖ്യം പിടിച്ചു നിർത്താൻ പല വിഷയത്തിലും ഒറ്റയാനായി നിൽക്കാനുള്ള സിപിഐ ശ്രമമായും വിദേശ സർവകലാശാല വിഷയം വിലയിരുത്തപ്പെടുകയാണ്.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.