- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ പഠനകാലത്ത് പിതാവ് സോമൻ കരൾ രോഗം ബാധിച്ചു മരിച്ചു; 10 വർഷം മുൻപ് അമ്മ പൊള്ളലേറ്റും മരിച്ചു; ഒടുവിൽ മോക്ക്ഡ്രില്ലിലെ അപകടത്തിൽ ബിനുവിന്റെ ദാരുണ മരണവും; കുടുബത്തെ വേട്ടയാടി ദുരന്തങ്ങൾ; ബിനു സോമൻ മുങ്ങിത്താഴുന്നത് കണ്ട പലരും ആദ്യം കരുതിയത് അഭിനയമെന്ന്; മുങ്ങിത്താണപ്പോൾ എല്ലാം കൈവിട്ടു; ബിനുവിന് ഉറ്റവരായി നാട്ടുകാർ, കണ്ണീരോടെ വിട നൽകി
പത്തനംതിട്ട: ദുരന്തനിവാരണ പ്രചാരണ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ വീഴ്‌ച്ചകൾ കുടുതൽ പ്രകടമാകുന്നു. ആസൂത്രണപ്പിഴവെന്ന് കളക്ടറുടെ റിപ്പോർട്ട്. മോക്ഡ്രിൽ സംഘടിപ്പിച്ചതിൽ ഏകോപനക്കുറവുണ്ടായി. മുൻനിശ്ചയിച്ച സ്ഥലം എൻ.ഡി.ആർ.എഫ്. ഏകപക്ഷീയമായി മാറ്റി. രക്ഷാപ്രവർത്തനം വൈകിയെന്നും കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതേസമയം മരിച്ച ബിനു സോമിന് നാട് കണ്ണീരോടെ വിട നൽകി.
കരയാൻ ഏറെ ഉറ്റവരില്ലെങ്കിലും ഒരു ഗ്രാമത്തിന്റെ മുഴുവൻ കണ്ണീർ ഇന്നലെ കാക്കരകുന്നിൽ വീട്ടിൽ ഉയർന്നുകേട്ടു. ബിനുവിന്റെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചതു മുതൽ നാട് ഒഴുകി എത്തുകയായിരുന്നു.ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവന്റിലെ സിസ്റ്റേഴ്‌സ് ഉൾപ്പെടയുള്ളവരായിരുന്നു ബന്ധുക്കളുടെ സ്ഥാനത്തുണ്ടായിരുന്നത്. ബിനു പഠിച്ച പുതുശേരി എംജിഡി ഹൈസ്‌കൂളിലെ അദ്ധ്യാപകരും സംസ്‌കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
സ്‌കൂൾ പഠനകാലത്ത് ബിനുവിന്റെ പിതാവ് സോമൻ മരിച്ചതിനെ തുടർന്ന് അദ്ധ്യാപകരുടെയും സഹപാഠികളുടെയും സംരക്ഷണത്തിലായിരുന്നു കുടുംബം. രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും സാന്നിധ്യമറിയിച്ചു. ബിനു സോമന്റെ സംസ്‌കാരം ഇന്നലെ മൂന്നരയോടെ പഞ്ചായത്ത് ശ്മശാനത്തിൽ നടത്തി.
മാതാപിതാക്കളുടെയും സഹോദരന്റെയും മരണത്തിനു ശേഷം വർഷങ്ങളായി ഒറ്റയ്ക്കു താമസിച്ചിരുന്ന തുരുത്തിക്കാട് പാലത്തിങ്കൽ കാക്കരക്കുന്നിൽ ബിനു സോമന്റെ ആഘോഷങ്ങളെല്ലാം നാട്ടുകാർക്കൊപ്പമായിരുന്നു. നെയ്യാറ്റിൻകരയിൽനിന്നു 36 വർഷം മുൻപാണ് ബിനുവിന്റെ കുടുംബം ടാപ്പിങ് ജോലികൾക്കായി തുരുത്തിക്കാട് പ്രദേശത്ത് എത്തുന്നത്. 20 വർഷം മുൻപ് പിതാവ് സോമൻ കരൾ രോഗം ബാധിച്ചും 10 വർഷം മുൻപ് അമ്മ വിജയകുമാരി പൊള്ളലേറ്റും മരിച്ചു. 4 വർഷം മുൻപുണ്ടായ ബൈക്ക് അപകടത്തിൽ സഹോദരൻ വിനോദും മരിച്ചതോടെ ബിനു തനിച്ചായി. പിന്നീട് നാട്ടുകാരായിരുന്നു ബിനുവിന്റെ എല്ലാം. ഏക സഹോദരി വിനീത വിദേശത്തായതിനാൽ ബിനുവിന്റെ സംസ്‌കാരത്തിൽ പങ്കെടുക്കാനായില്ല.
ഇന്നലെ വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിനരികിൽ അടുത്ത ബന്ധുക്കളായി ഉണ്ടായിരുന്നത് സഹോദരി ഭർത്താവ് പ്രിൻസ് കുര്യാക്കോസും മറ്റ് ഏതാനും പേരും മാത്രമാണ്. നാട്ടിൽ ഏതു പരിപാടി നിശ്ചയിച്ചാലും സംഘാടകർ ആദ്യമെത്തിയിരുന്നത് ബിനുവിന്റെ വീട്ടിലേക്കായിരുന്നു. സ്‌കൂൾ കലോത്സവം, കേരളോത്സവം തുടങ്ങി എല്ലാ ആഘോഷങ്ങളുടെയും സംഘാടക സമിതിയിലെ അവിഭാജ്യഘടകമായിരുന്നു ബിനു. ഏറ്റെടുക്കുന്ന ഏത് കാര്യവും നൂറു ശതമാനം ആത്മാർഥതയോടെ പൂർത്തിയാക്കിയിരുന്ന ബിനുവിന്റെ വിയോഗവും ഇത്തരത്തിൽ നാടിനായി സംഘടിപ്പിച്ച ഒരു പരിപാടിയിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
മോക്ഡ്രില്ലിനിടയിൽ ബിനു കയത്തിലേക്ക് മുങ്ങിത്താഴുന്നത് കണ്ട പലരും ആദ്യം കരുതിയത്, ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പു പ്രകാരം ബിനു അഭിനയിക്കുകയായിരുന്നെന്നാണ്. എന്നാൽ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥർ ഇട്ടുനൽകിയ ട്യൂബിൽ പിടികിട്ടാതെ ബിനു മുങ്ങിത്താഴ്ന്നപ്പോഴാണ് പലർക്കും അപകടത്തിന്റെ തീവ്രത മനസ്സിലായത്. ഇന്നലെ ബിനുവിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് സംസ്‌കാര ചടങ്ങിലും ഒഴുകിയെത്തിയ വലിയ ജനാവലി ബിനുവിന് നാടിനോടുള്ള ആത്മബന്ധത്തിന്റെ തെളിവായി.
ബിനുവിന്റെ മരണത്തിൽ ഇടയാക്കിയ സംഭവത്തിൽ ആസൂത്രണ പിഴവ് വ്യക്തമായിരുന്നു. റവന്യൂ, ഫയർഫോഴ്സ്, പഞ്ചായത്ത്, എൻ.ഡി.ആർ.എഫ്, ആരോഗ്യം, പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് മോക്ഡ്രിൽ നടത്താൻ തീരുമാനിച്ചത്. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് മോക്ഡ്രിൽ സംഘടിപ്പിക്കാൻ തീരുമാനമായത്. മണിമലയാറ്റിൽ കോമളം പാലത്തിന് സമീപം അമ്പാട്ടുഭാഗത്ത് മോക്ഡ്രിൽ സംഘടിപ്പിക്കാനായിരുന്നു യോഗത്തിൽ തീരുമാനം. എന്നാൽ, മോക്ഡ്രിൽ നടത്തിയത് അവിടെനിന്ന് നാലുകിലോമീറ്ററോളം മാറിയായിരുന്നു.
മോക്ഡ്രില്ലിന്റെ സ്ഥലം മാറ്റാനുള്ള തീരുമാനം എൻ.ഡി.ആർ.എഫ്. ഏകപക്ഷീയമായി എടുത്തതാണ്. മല്ലപ്പള്ളി തഹസിൽദാരേയോ ഇതുമായി ബന്ധപ്പെട്ട പ്രധാനചുമതലയുള്ള ജില്ലാ കളക്ടറേയോ വിവരം അറിയിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വാഹനം എത്തിപ്പെടാൻ ഏറ്റവും സൗകര്യപ്രദമായ സ്ഥലമെന്ന നിലയിലാണ് പടുതോട് പാലത്തിന് സമീപത്തേക്ക് മാറ്റിനിശ്ചയിച്ചത് എന്നായിരുന്നു എൻ.ഡി.ആർ.എഫ്. വിശദീകരണം.
നാലുപേർ പുഴയിലേക്ക് ചാടുമ്പോൾ മൂന്നുപേരെ രക്ഷപ്പെടുത്തേണ്ട ചുമതല ഫയർഫോഴ്സിനും ഒരാളെ രക്ഷിക്കേണ്ട ചുമതല എൻ.ഡി.ആർ.എഫിനും എന്നായിരുന്നു തീരുമാനം. ഇതുപ്രകാരം ഫയർഫോഴ്സ് മൂന്നുപേരെ രക്ഷിച്ചു. മുൻധാരണപ്രകാരം ഫയർഫോഴ്സ് തങ്ങളുടെ ജോലി അവസാനിപ്പിച്ചു. ഇതേസമയം, മരണപ്പെട്ട ബിനു സോമൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. എൻ.ഡി.ആർ.എഫ്. സംഘം പിന്നീട് എത്തി ബിനു സോമനെ പുറത്തെടുക്കുമ്പോൾ നാൽപ്പതുമിനുറ്റോളം വൈകിയിരുന്നു. ഇത് മരണത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ