- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ഓഫീസുകളിൽ ബയോ മെട്രിക് പഞ്ചിങ് കർശനമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം; തീരുമാനം എടുത്ത് അഞ്ചുവർഷമായിട്ടും നടപ്പാകാത്തതിൽ കടുത്ത അതൃപ്തി; ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതോടെ മുങ്ങിയാൽ ശമ്പളം പോകും
തിരുവനന്തപുരം: സർക്കാർ ഓഫീസൂകളിൽ വന്ന് ഒപ്പിട്ട് ജോലി ചെയ്യാതെ മുങ്ങുന്നവർക്ക് ഇനി പിടി വീഴും. ഓഫീസുകളിൽ പഞ്ചിങ് കർശനമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു. ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്റ്റ്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിങ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച മുൻ നിർദ്ദേശങ്ങൾ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താൻ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധ സർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ് സംവിധാനം നടപ്പാക്കുന്നതിനു നേരത്തേ തന്നെ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇപ്പോൾ സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള പ്രധാന ഓഫിസുകളിൽ മാത്രമാണ് പഞ്ചിങ് മെഷീനെ സ്പാർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 5.44 ലക്ഷം സർക്കാർ ഉദ്യോഗസ്ഥരാണുള്ളത്. പഞ്ചിങ് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ആവശ്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അതിനാലാണു പുതിയ സർക്കുലറെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും 2023 ജനുവരി ഒന്നിന് മുൻപായി ബയോമെട്രിക് പഞ്ചിങ് നടപ്പാക്കി ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കണം. മറ്റ് എല്ലാ ഓഫിസുകളിലും 2023 മാർച്ച് 31ന് മുൻപ് നടപ്പാക്കണം. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ പഞ്ചിങ് നടപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തും.
ഓരോ വകുപ്പിലെയും അഡിഷനൽ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിയെ അതതു വകുപ്പിനു കീഴിലുള്ള ഓഫിസുകളിൽ പഞ്ചിങ് നടപടികൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തണം. ഈ ഓഫിസറുടെ വിശദാംശങ്ങൾ പൊതുഭരണ വകുപ്പിനു ലഭ്യമാക്കണം. ബയോമെട്രിക് പഞ്ചിങ് സ്പാർക്കുമായി ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഓഫീസുകളിൽ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ 2020 ജനുവരി 13ലെ ഉത്തരവ് പ്രകാരമായിരിക്കുമെന്നും ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ വ്യക്തമാക്കി
സെക്രട്ടറിയേറ്റിൽ 2018 ജനുവരി ഒന്ന് മുതൽ ബയോ മെട്രിക് പഞ്ചിങ് ഉണ്ട്. 2018 നവംബർ 1 മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അത് ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് കർശന നിർദ്ദേശം. മുങ്ങിയാൽ ശമ്പളം പോകും. ഇനി സമയം നീട്ടിനൽകില്ലെന്നാണ് കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമുള്ള ഉത്തരവ്.
രാജ്ഭവൻ, ഹൈക്കോടതി, പിഎസ് സി വിവരാവകാശ കമ്മീഷൻ ഓഫീസ്, സർവ്വകലാശാലകൾ തുടങ്ങി എല്ലാ ഓഫീസുകൾക്കും ഉത്തരവ് ബാധകമാണ്. ബയോ മെട്രിക് പഞ്ചിംഗിനെതിരെ ആദ്യം സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഉയർന്നിരുന്നു. സെക്രട്ടറിയേറ്റിൽ പഞ്ചിങ് നിർബന്ധമാക്കുമ്പോഴും കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങളുമുണ്ട്. ഒരു മാസം 10 മണിക്കൂർ കൂടുതലായി ജോലി ചെയ്താൽ അധികമായി ഒരു ദിവസത്തെ അവധി കിട്ടും. വളരെ അത്യാവശ്യമുള്ള സമയങ്ങളിൽ അല്പ സമയം വൈകി എത്തിയാലും പ്രശ്‌നമല്ല. ഒരു മാസം 300 മിനുട്ട് വരെ ഇപ്രകാരം ഗ്രേസ് ടൈം ആയി നിശ്ചയിച്ചിട്ടുണ്ട്. ഈ ആനുകൂല്യങ്ങൾ മറ്റ് ഓഫീസുകളിലും ഉണ്ടാകും.
മറുനാടന്‍ മലയാളി ബ്യൂറോ