- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരത്ത് മാലിന്യം എവിടെ നിന്നൊക്കെ കൊണ്ടുവരുന്നു എന്നതിന് കൃത്യമായ വിവരങ്ങളില്ല; ആകെയുള്ളത് കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്ക് മാത്രം; ബയോമൈനിങ് പൂർണ പരാജയം; മാലിന്യ മല നീക്കിയില്ലെങ്കിൽ തീപിടിത്തം ആവർത്തിക്കും; ഉത്തരവാദിത്തം കൊച്ചി കോർപറേഷനെന്നും ഹരിത ട്രിബ്യൂണൽ നിയോഗിച്ച സമിതി
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിൽ കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതി പൂർണ പരാജയമെന്ന് ഹരിത ട്രിബ്യൂണൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. പരിസ്ഥിതി നിയമങ്ങൾ, ഗ്രീൻ ട്രിബ്യൂണൽ നിർദ്ദേശങ്ങൾ എന്നിവ പൂർണമായി ലംഘിക്കപ്പെട്ടു. മാലിന്യ മല നീക്കിയില്ലെങ്കിൽ തീപിടിത്തം ആവർത്തിക്കുമെന്നും സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
പൂർണ ഉത്തരവാദിത്തം കൊച്ചി കോർപറേഷനാണെന്നും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നടന്നുവെന്നും സമിതി ഹരിത ട്രിബ്യൂണൽ ചെന്നൈ ബെഞ്ചിന് റിപ്പോർട്ട് നൽകി. യുദ്ധകാല അടിസ്ഥാനത്തിൽ മാലിന്യ മല നീക്കം ചെയ്തില്ലെങ്കിൽ തീപിടുത്തം ഇനിയും ഉണ്ടാകും. തീപിടുത്തം ഉണ്ടായാൽ അത് അണയ്ക്കാൻ പറ്റുന്ന സൗകര്യങ്ങളൊകക്കെ കുറവാണ് . ഉള്ള പമ്പുപോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. എവിടെ നിന്നൊക്കെ മാലിന്യം കൊണ്ടുവരുന്നു എന്നതിന്റെ കൃത്യമായ വിവരങ്ങൾ ബ്രഹ്മപുരത്തില്ല. കീറിപ്പറിഞ്ഞ ഒരു ലോഗ് ബുക്കാണ് അവിടെ ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഹൈക്കോടതി റിട്ട: ജസ്റ്റിസ് എ. വി. രാമകൃഷ്ണ പിള്ള ചെയർമാനായ സമിതി മാർച്ച് 13 നാണ് ഹരിത ട്രിബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ചത്. ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലമില്ലെന്ന് ഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചിട്ടുണ്ടെന്നും നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.
ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണം. സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ലെന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ബ്രഹ്മപുരം പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല. ആകെയുള്ളത് ഒരു ഷെഡ് മാത്രം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊച്ചിയിൽ സോണ്ട ഇൻഫ്രാടെക് തിട്ടപ്പെടുത്തിയ മാലിന്യം 4.75 ലക്ഷം ക്യുബിക് മീറ്റർ ആണ്. റീ ടെൻഡറിൽ കെഎസ്‌ഐഡിസി അംഗീകരിച്ച കരാർ തുക 55.52 കോടി രൂപ. ക്യൂബിക് മീറ്റർ നിരക്ക് നോക്കിയാൽ 1168 രൂപ. എന്നാൽ, കൊച്ചി കോർപറേഷനു വേണ്ടി കോഴിക്കോട് എൻഐടി നടത്തിയ പഠനത്തിൽ, മാലിന്യത്തിന്റെ അളവ് 5.52 ലക്ഷം ക്യുബിക് മീറ്ററാണെന്നു കണ്ടെത്തിയിട്ടുണ്ട്.
തീപിടിത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ജില്ലാ കലക്ടറുടെ ചേംബറിൽ ചേരുന്ന യോഗത്തിൽ കൊച്ചി കോർപറേഷൻ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്.
ബ്രഹ്മപുരത്തെ ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ചയാകും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരറിയിപ്പുണ്ടാകുന്നത് വരെ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകരുതെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമെടുത്തിരുന്നു. നിലവിൽ ജൈവമാലിന്യങ്ങൾ അമ്പലമുകളിലെ കിൻഫ്രയുടെ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണം ശാസ്ത്രീയമായ രീതിയിലാകുന്നത് വരെ ഇത് തുടരും. ജൈവമാലിന്യം കഴിവതും ഉറവിട സംസ്‌കരണത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനും സാധ്യതയുണ്ട്.
ബ്രഹ്മപുരത്തെ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള വിൻഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തരമായി നന്നാക്കാനുള്ള പ്രവൃത്തികളാകും ആദ്യം നടത്തുക. പ്ലാന്റിലേക്ക് മതിയായ റോഡ് സൗകര്യം ഇല്ലാത്തത് തീപിടിത്തമുണ്ടായപ്പോൾ അഗ്‌നിരക്ഷാസേനയുടെ പ്രവർത്തനങ്ങൾക്ക് ഏറെ വെല്ലുവിളി ഉയർത്തിയിരുന്നു. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സർവേയും മെഡിക്കൽ ക്യാംപ് പ്രവർത്തനങ്ങളും യോഗം വിലയിരുത്തും.
മറുനാടന് മലയാളി ബ്യൂറോ