അഹമ്മദാബാദ്: അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് ഗുജറാത്ത് തീരത്ത് കരതൊട്ടു. ഗുജറാത്ത് തീരത്ത് ശക്തമായ മഴയും കടൽക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. അർധരാത്രിവരെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറുമണിക്കൂറോളം ഇത് തുടരും.

മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിലാണ് സൗരാഷ്ട്ര-കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് അറിയിപ്പ്. തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഒരു ലക്ഷത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു.

സൗരാഷ്ട്ര- കച്ച് തീരങ്ങളിലും അതിനോട് ചേർന്നുള്ള പാക്കിസ്ഥാനിലെ മാണ്ഡവി- കറാച്ചി പ്രദേശത്തിനിടയിലും കാറ്റിന്റെ തീവ്രത അനുഭവപ്പെടുമെന്നാണ് പ്രവചനം. വ്യാഴാഴ്ച രാവിലെ മുതൽ ഗുജറാത്തിലെ സൗരാഷ്ട്ര- കച്ച് മേഖലയിൽ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.

ചുഴലിക്കാറ്റിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്നുള്ള ചിത്രം യു.എ.ഇയിലെ ബഹിരാകാശ സഞ്ചാരിയായ സുൽത്താൻ അൽ നെയാദി പുറത്തുവിട്ടു. അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോൾ രണ്ടുദിവസം മുമ്പ് പകർത്തിയ ചിത്രമാണ് പുറത്തുവിട്ടത്.

ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് 15 കപ്പലുകളും ഏഴ് വിമാനങ്ങളും രക്ഷാപ്രവർത്തനങ്ങൾക്കായി തയാറാക്കി നിർത്തിയിട്ടുണ്ട്. നാല് പ്രത്യേക ഡ്രോണിയറുകളും മൂന്ന് ഹെലികോപ്റ്ററുകളും സജ്ജമാണെന്ന് ഇന്ത്യൻ കോസ്റ്റ്ഗാർഡ് കമാൻഡർ, ഇൻസ്പെക്ടർ ജനറൽ എ.കെ. ഹർബോല അറിയിച്ചു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉന്നതതലയോഗം വിളിച്ചു. ഗാന്ധിനഗറിലെ എമർജൻസി ഓപ്പറേഷൻ സെന്ററിലാണ് യോഗം വിളിച്ചത്. മുൻകരുതലിന്റെ ഭാഗമായി ഏതാണ്ട് ഒരുലക്ഷത്തോളം പേരെ ഗുജറാത്തിൽ വിവിധയിടങ്ങളിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

ഗുജറാത്തിന്റെ തീരാ മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്. മൂന്നു സൈനിക വിഭാഗങ്ങളും സർവ്വസജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്നു കപ്പപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ഗുജറാത്തിന്റെ തീരമേഖലയിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്.

ചുഴലിക്കാറ്റ് തീരം തൊടും മുൻപേ തന്നെ കാറ്റും കോളും കടൽക്ഷോഭവും കരയെ വിറപ്പിച്ചു. ആൾനാശം ഒഴിവാക്കാൻ അതീവജാഗ്രതയോടെ ഗുജറാത്തിൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗർ മേഖലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് ഇതുവരെ നൽകിയിരിക്കുന്നത്. പോർബന്ദർ, രാജ്‌കോട്ട്, മോർബി, ജുനഗഡ് മേഖലകളിൽ ശക്തമായ മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ദിവസങ്ങൾ നീണ്ട വലിയ മുന്നൊരുക്കളാണ് കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ഗുജറാത്തിൽ നടക്കുന്നത്.

ജീവഹാനി ഇല്ലാതാക്കുക എന്നതാണ് പരമപ്രധാനം. അതിനായി ഒരു ലക്ഷത്തിനടുത്ത് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇതിൽ കച്ച് മേഖലയിലാണ് കൂടുതൽ ഒഴിപ്പിക്കൽ നടന്നത്. ഏതാണ്ട് അര ലക്ഷത്തിലധികം ആളുകളെ ഇവിടെ നിന്ന് മാത്രം മാറ്റിയിട്ടുണ്ട്. ഇവിടെ കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുഗതാഗതം നിരോധിച്ചു. ജനങ്ങൾ പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.

സൗരാഷ്ട്ര - കച്ച് മേഖലയിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാദൗത്യം മുന്നിൽ കണ്ട് കേന്ദ്രസേനകളെ വലിയ തോതിൽ വിന്യസിച്ചിരിക്കുന്നുണ്ട്. 15 എൻഡിആർഎഫ് സംഘം, 12 എസ്ഡിആർഎഫ് സംഘം. ഇത് കൂടാതെ സ്റ്റേറ്റ് റോഡ്‌സ് ആൻഡ് ബിൽഡിങ്, വൈദ്യുതി വിഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളും സർവസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്.