- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പ്രത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; പത്തനംതിട്ട, ആലപ്പുഴ ജില്ലാതിർത്തിയിൽ അതീവ ജാഗ്രത; പക്ഷിപ്പനിബാധിത പ്രദേശത്തെ കോഴി ഉൽപ്പന്നങ്ങളും മുട്ടകളും വിൽക്കുന്ന കടകളും വിപണികളും അടച്ചിടാൻ കളക്ടറുടെ നിർദ്ദേശം
പത്തനംതിട്ട: ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കോഴി ഉൽപ്പന്നങ്ങളും മുട്ടകളും വിൽക്കുന്ന എല്ലാ കടകളും വിപണികളും ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് അടച്ച് ഇടേണ്ടതാണെന്ന് ജില്ലാ കലക്ടറും ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി.
രോഗം സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും ഒരു കിലോമീറ്റർ മുതൽ പത്ത് കിലോമീറ്റർ വരെയുള്ള ചുറ്റളവ് സർവൈലൻസ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്കും കോഴികളേയും മറ്റ് പക്ഷികളേയും കൊണ്ടു പോകുന്നതും കൊണ്ടു വരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു. എച്ച് 5 എൻ 1 വൈറസാണ് സ്ഥിരീകരിച്ചത്. അണുവിമുക്തപ്രവർത്തികൾ പൂർത്തിയാക്കുന്നത് വരെ കടകൾ തുറക്കാൻ പാടില്ല. പക്ഷികളേയോ കോഴി ഉൽപ്പന്നങ്ങളോ വിൽക്കാനോ പുറത്തേക്ക് കൊണ്ടുപോകാനോ അനുവദിക്കില്ല. രോഗവ്യാപനം കണക്കിലെടുത്ത് പൊതുജനസഞ്ചാരം പരിമിതപ്പെടുത്തണം.
സർവൈലൻസ് സോണിലെ എഗ്ഗർ നഴ്സറികളുടെ കാര്യത്തിൽ ജീവനുള്ള കോഴികളുടെ വിൽപന മൂന്ന് മാസത്തേക്ക് നിരോധിച്ചു. ലേയർ ഫാമുകളിൽ നിലവിലുള്ള മുട്ടക്കോഴികളിൽ നിന്നും ഉത്പാദിപ്പിക്കുന്ന മുട്ട അതത് പ്രദേശത്ത് മാത്രം വിൽപ്പന നടത്താം. സ്പെന്റ് ചിക്കൻ സംസ്‌കരിച്ച് മാത്രമേ വിൽപന നടത്താൻ പാടുള്ളു. ബ്രോയിലർ ഫാമുകളുടെ കാര്യത്തിൽ നിലവിൽ ഇറച്ചിക്കോഴികളുണ്ടെങ്കിൽ അവയെ മാത്രം തുടർന്ന് വളർത്താം. ഫാമിനുള്ളിൽ തന്നെ സംസ്‌കരിച്ച് വിപണനം നടത്തണം. മാത്രമല്ല, സർവൈലൻസ് സോണിനുള്ളിൽ ജീവനുള്ള ഇറച്ചിക്കോഴികളെ മൂന്ന് മാസത്തിനുള്ളിൽ വിൽക്കാൻ പാടില്ല. സർവൈലൻസ് സോണിന് ഉള്ളിലുള്ള ഫാമുകളിൽ നിന്നും സംസ്‌കരിച്ച കോഴിയിറച്ചി, മുട്ട എന്നിവ മാത്രം 90 ദിവസത്തേക്ക് സർവൈലൻസ് സോണിന് ഉള്ളിൽ വിൽപ്പന നടത്താം
രോഗം സ്ഥിരീകരിച്ച കോഴികളേയും ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് വളർത്തുപക്ഷികളേയും അടിയന്തിരമായി ദയാവധം ചെയ്യും. രോഗബാധിത പ്രദേശത്തുള്ള മുഴുവൻ വളർത്തു പക്ഷികളേയും പ്രത്യേകം രൂപീകരിക്കപ്പെടുന്ന ദ്രുതകർമ്മ സേനാംഗങ്ങൾ വെള്ളി മുതൽ ഞായർ വരെ ഭവനസന്ദർശനം നടത്തി ശാസ്ത്രീയമായി ദയാവധം നടത്തി സംസ്‌കരിക്കും. തിരുവല്ല തഹസിൽദാർ, പഞ്ചായത്ത് സെക്രട്ടറി, മൃഗസംരക്ഷണ ഓഫീസർ, ചീഫ് വെറ്ററിനറി ഓഫീസർ, വെറ്റിനറി സർജൻ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പൊലീസ് മേധാവി, റേഞ്ച് ഫോറസ്റ്റ് ഓഫീസർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ഡിസ്ട്രിക്ട് ഫയർ ആൻഡ് റെസ്‌ക്യു എന്നിവരടങ്ങിയ ദ്രുതകർമ്മ സേന രൂപീകരിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളായ നെടുമ്പ്രം, പെരിങ്ങര എന്നിവിടങ്ങളിലായി 925 വളർത്തുപക്ഷികളാണ് ആകെയുള്ളത്. മൃഗസംരക്ഷണ വകുപ്പ് മുഖേന നഷ്ടപ്പരിഹാരത്തുക കർഷകർക്ക് അനുവദിക്കാനും ജില്ലാ കളക്ടറും ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ ഡോ.ദിവ്യ എസ് അയ്യർ ഉത്തരവായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്