- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യം; ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്ജ്; ആഴൂരിലും ആലപ്പുഴയിലും പക്ഷികളെ കൊന്നൊടുക്കി പ്രതിരോധത്തിന് തുടക്കം; പക്ഷിപ്പനിയിൽ നിതാന്ത ജാഗ്രതയ്ക്ക് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പക്ഷികൾക്ക് പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെങ്കിലും കരുതൽ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം.
രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ഡോക്ടറെ അറിയിക്കേണ്ടതാണ്. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും മന്ത്രി അഭ്യർത്ഥിച്ചു. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം അഴൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ പക്ഷികളെ കൊന്നൊടുക്കും. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എൻ ഐ എച്ച് എസ് എ ഡി ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായ അഴൂർ ഗ്രാമപഞ്ചായത്തിലെ പെരുങ്ങുഴി ജങ്ഷന്റെ (വാർഡ് 15) ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളിലെ പക്ഷികളെ തിങ്കളാഴ്ച മുതൽ കൊന്നൊടുക്കും. പെരുങ്ങുഴി ജങ്ഷന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വാർഡുകളായ റെയിൽവേ സ്റ്റേഷൻ വാർഡ് (വാർഡ് 17) പൂർണമായും, പഞ്ചായത്ത് ഓഫീസ് വാർഡ് (വാർഡ് 16), കൃഷ്ണപുരം വാർഡ് ( വാർഡ് 7 ), അക്കരവിള വാർഡ് (വാർഡ് 14), നാലുമുക്ക് (വാർഡ് 12) കൊട്ടാരം തുരുത്ത് (വാർഡ് 18) എന്നീ വാർഡുകളിലെ ഭാഗികമായി ഉൾപ്പെട്ട പ്രദേശങ്ങളിലെയും മുഴുവൻ കോഴി, താറാവ്, മറ്റ് വളർത്തുപക്ഷികൾ എന്നിവയെ കൊല്ലും. ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.
ആലപ്പുഴ നഗരത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ 172 വളർത്തുപക്ഷികളെ കൊന്നൊടുക്കിയിരുന്നു. 300 കിലോഗ്രാം തീറ്റയും 36 മുട്ടയും നശിപ്പിച്ചു. ആലപ്പുഴ നഗരസഭ എട്ടാം വാർഡ് തിരുമല രത്‌നാലയത്തിൽ എ.ആർ. ശിവദാസന്റെ വളർത്തുകോഴികൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടർന്ന് തിരുമല വാർഡും സമീപത്തെ പള്ളാത്തുരുത്തി വാർഡും ഉൾപ്പെടുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുന്ന പക്ഷികളെ പിടികൂടി കൊന്ന് കത്തിച്ചു. കോഴി-86, താറാവ്-12, പ്രാവ്-15, ലൗ ബേഡ്‌സ്-42, ഗിനിക്കോഴി-അഞ്ച്, കാട-12 ഉൾപ്പെടെ 172 പക്ഷികളെയാണ് കൊന്നത്.
എന്താണ് പക്ഷിപ്പനി
പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ. ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയിൽ ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് രൂപഭേദം സംഭവിക്കാം. ആ വൈറസ് ബാധ ഗുരുതരമായ രോഗകാരണമാകാം.
പക്ഷികളുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കേണ്ടവ
കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം.
കേരളത്തിൽ ഈ രോഗം മനുഷ്യരെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ടില്ല. എങ്കിലും രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.
പ്രതിരോധ മാർഗങ്ങൾ
രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.
ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.
രോഗലക്ഷണങ്ങൾ
ശക്തമായ മേല് വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തിൽ രക്തം മുതലായവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കുക.
പക്ഷികൾ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിർദ്ദേശാനുസരണം നടപടി സ്വീകരിക്കുക.
രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.
മറുനാടന് മലയാളി ബ്യൂറോ