കൊച്ചി: സിറോ മലബാര്‍ സഭയുടെ ആരാധനാക്രമ തര്‍ക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടപെട്ടു എന്ന തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സീറോ മലബാര്‍ സഭ. മാര്‍ താഴത്തിന്റെ പ്രസ്താവന അതീവ ഗൗരവ തരമെന്നാണ് സിറോ മലബാര്‍ സഭയുടെ നിലപാട്.

ആര്‍ച്ച് ബിഷപ്പിനെ പിന്തുണയ്ക്കുന്നുവെന്നും, ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെ അപലപിക്കുന്നു എന്നും സിറോ മലബാര്‍ സഭയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആര്‍ച്ച് ബിഷപ്പ് മാര്‍ താഴത്ത് ഏതെങ്കിലും മതത്തെയോ മതനേതാക്കളെയോ അവഹേളിച്ചിട്ടില്ലെന്നും വളച്ചൊടിക്കാന്‍ ശ്രമിച്ച ചില തല്പരകക്ഷികള്‍ ആണ് ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും സഭാസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ നിന്നും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സഭാ വക്താവ് ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.

ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശത്തില്‍ ഒരിടത്തും ഇതരമതങ്ങളെയോ മത നേതാക്കന്മാരെയോ മതവിശ്വാസങ്ങളെയോ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. മതസൗഹാര്‍ദത്തിന് വിഘാതമായി ആന്‍ഡ്രൂസ് താഴത്ത് ഒന്നും പറഞ്ഞിട്ടില്ലെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി.

ആന്‍ഡ്രൂസ് താഴത്തിന്റെ അഭിമുഖം വിവാദമാക്കിയത് തെറ്റായി വ്യാഖ്യാനിച്ചവരും സ്വാര്‍ത്ഥ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി പ്രതികരിച്ചവരുമാണെന്നും സഭ അഭിപ്രായപ്പെട്ടു. പരാമര്‍ശത്തിന്റെ പേരില്‍ ആന്‍ഡ്രൂസ് താഴത്തിനെ വ്യക്തിഹത്യ നടത്തുന്നതും ഒറ്റപ്പെടുത്തി ആക്രമിക്കുന്നതും ഒരു വിധത്തിലും ന്യായീകരിക്കാനാവില്ല. ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കുന്നുവെന്നും സഭ വ്യക്തമാക്കി.

ആന്‍ഡ്രൂസ് താഴത്ത് പറയാത്ത കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് നടത്തുന്ന ദുഷ്പ്രചരണങ്ങളെക്കുറിച്ച് വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണം. സഭാ സമൂഹം ഒറ്റക്കെട്ടായി പിതാവിനൊപ്പം നിലകൊള്ളുന്നുവെന്നും സിറോ മലബാര്‍ സഭ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഇത് ആദ്യമായാണ് സിറോ മലബാര്‍ സഭ പ്രതികരിക്കുന്നത്.

സീറോ മലബാര്‍ സഭയിലെ ആരാധനാക്രമ തര്‍ക്കത്തില്‍ ഭിന്നിപ്പുകളുണ്ടാക്കുന്നതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്നായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ ആരോപണം. ആര്‍ച്ച് ബിഷപ്പ് താഴത്തിന്റെ നിലപാടുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ രംഗത്ത് എത്തിയിരുന്നു.