- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഷപ്പ് കെ പി യോഹന്നാൻ വരവറിയിച്ചത് ഇങ്ങനെ
ആലപ്പുഴ: ആറ് ആൺമക്കളിൽ ഇളയവൻ. തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മാ വിശ്വാസികളായ കുടുംബത്തിൽ ജനിച്ച യോഹന്നാന്റെ അമ്മ തന്റെ ഓരോ കുഞ്ഞിനെയും ദൈവത്തിന് സമർപ്പിച്ചിരുന്നു. അതിലൊരാൾ സുവിശേഷ പ്രചാരകനായി തീരുമെന്ന് സ്വപ്‌നം കണ്ടു. മൂന്നരവർഷത്തോളം രഹസ്യമായി ഉപവാസമനുഷ്ഠിച്ചു. അവർ പ്രാർത്ഥനാനിരതയായ കാലത്ത് കുട്ടികൾ വളർന്ന് മറ്റുജോലികൾ തേടി പോയപ്പോൾ ഒടുവിൽ കുഞ്ഞുയോഹന്നാച്ചൻ മാത്രം അവശേഷിച്ചു. നാണം കുണുങ്ങിയും അരക്ഷിതനുമായിരുന്ന യോഹന്നാച്ചൻ സുവിശേഷകൻ ആകാൻ ഒരുസാധ്യതയും ഇല്ലെന്ന് അമ്മ കരുതി.
സ്‌കൂൾ പഠിപ്പ് കഴിഞ്ഞ സമയത്താണ് നിരണത്ത് എത്തിയ സുവിശേഷക സംഘത്തിൽ നിന്ന് വടക്കേന്ത്യയെ കുറിച്ച് യോഹന്നാൻ അറിഞ്ഞത്. അതോടെ, അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനെന്ന പോലെ, വടക്കേന്ത്യയിൽ സുവിശേഷ പ്രവർത്തന ദൗത്യം ഏറ്റെടുക്കാൻ സംഘത്തിൽ ചേർന്നു. ക്രിസ്തുവിനെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ഗ്രാമങ്ങളിൽ സുവിശേഷമെത്തിക്കാനായിരുന്നു ആലോചന. യൂറോപ്പിൽ നിന്നുള്ള സുവിശേഷ സംഘത്തിനൊപ്പം ചേരാൻ 16 കാരന് വിളി കിട്ടിയത് ജോർജ് വെർവറിൽ നിന്നായിരുന്നു. അന്നുരാത്രി യോഹന്നാന് ഉറങ്ങാൻ കഴിഞ്ഞില്ല. തെരുവിൽ സുവിശേഷം പ്രചരിപ്പിക്കാൻ ദൈവം ആവശ്യപ്പെട്ടാലോ? ആളുകൾ കല്ലെറിയുകയോ, തല്ലുകയോ ചെയ്താലോ എന്നൊക്കെയായിരുന്നു ആശങ്കകൾ. ആ രാത്രി ദൈവ സാന്നിധ്യം താൻ അറിഞ്ഞുവെന്നാണ് യോഹന്നാന്റെ ആത്മകഥയിൽ പറയുന്നത്.
അടുത്ത ഏഴുവർഷം വടക്കേന്ത്യയിൽ സുവിശേഷ പ്രചാരണം. ഓരോ ദിവസത്തെയും ടീമിന്റെ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഫീൽഡ് ഇവാഞ്ചലിസ്റ്റ്, പ്രാദേശിക കോഡിനേറ്റർ എന്നീ നിലകളിൽ യോഹന്നാന്റെ ചുമതലയായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായ ജർമ്മൻകാരി ഗിസേല അന്ന് ആ സുവിശേഷ ദൗത്യത്തിനൊപ്പം സേവനം അനുഷ്ഠിക്കുന്നുണ്ടായിരുന്നു. തന്റെ ദർശനം പങ്കിടുന്ന ഒരാളെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് അന്നത്തെ ചെറിയ കൂടിക്കാഴ്ചകൾക്കിടെ യോഹന്നാന് തോന്നി.
1971 ൽ ജോൺ ഹഗ്ഗായി സിംഗപ്പൂരിൽ തുടങ്ങിയ പുതിയ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമാസം ചെലവഴിക്കാൻ യോഹന്നാന് ക്ഷണം കിട്ടി. അവിടെ വച്ചുണ്ടായ ആത്മീയാനുഭവങ്ങളാണ് പിന്നീട് ഇന്ത്യ വിടാൻ യോഹന്നാനെ പ്രേരിപ്പിച്ചത്. 1974 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ക്രിസ്വെൽ കോളേജിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. ആദ്യ ടേമിന് ശേഷം ഗിസല്ലയെ അവരുടെ ജന്മദേശമായ ജർമ്മനിയിൽ വച്ച് വിവാഹം കഴിച്ചു.
ഇവർക്ക് രണ്ട് മക്കളുമുണ്ട്. 1978ൽ ഭാര്യയുമായി ചേർന്ന് ടെക്‌സാസിൽ ഗോസ്പൽ ഫോർ എഷ്യ എന്ന സ്ഥാപനം സ്ഥാപിച്ചു. ഭാര്യയോടൊപ്പം സുവിശേഷ പ്രവർത്തനം ആരംഭിച്ച കെ.പി യോഹന്നാൻ വർഷങ്ങൾ നീണ്ട വിദേശവാസത്തിനുശേഷം 1983 ൽ തിരുവല്ല നഗരത്തിനു ചേർന്ന മാഞ്ഞാടിയിൽ ഗോസ്പൽ ഏഷ്യയുടെ ആസ്ഥാനം നിർമ്മിച്ച് കേരളത്തിൽ വരവറിയിച്ചു. ആത്മീയ യാത്രയെന്ന സുവിശേഷ പ്രഘോഷണത്തിനായുള്ള റേഡിയോയും അവിടെ നിന്നും ആരംഭിച്ചു. സവിശേഷമായ ശൈലിയിലൂടെ സുവിശേഷ വേലയിലേർപ്പെട്ട യോഹന്നാന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ആത്മീയ യാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ നാടറിഞ്ഞു
ആത്മീയയാത്ര റേഡിയോ പ്രഭാഷണ പരമ്പരയിലൂടെ ശ്രദ്ധേയനായി. 1990ൽ സ്വന്തം സഭയായ ബിലീവേഴ്സ് ചർച്ചിനു രൂപം നൽകി. 2003ൽ സ്ഥാപക ബിഷപ്പായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്ന പേര് സ്വീകരിച്ച അദ്ദേഹം, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയർന്നത് അടുത്ത കാലത്താണ്.
തിരുവല്ല കുറ്റപ്പുഴ ആസ്ഥാനമായ ബിലീവേഴ്‌സ് സഭയോടു ചേർന്ന് ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രി സ്ഥാപിച്ചു. 52 ബൈബിൾ കോളജുകൾ ഉൾപ്പെടെ നൂറിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരംഭിച്ചു. തിരുവല്ലയിൽ 200 ഏക്കർ സ്ഥലത്ത് ജൈവോദ്യാനം സ്ഥാപിച്ചു. മുന്നൂറോളം പുസ്തകങ്ങൾ രചിച്ചു. അടുത്ത കാലത്തായി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന പുനർനാമകരണം ചെയ്തിനു പിന്നിൽ പൗരസ്ത്യ ക്രൈസ്തവ ആരാധനാക്രമത്തോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ആദരവുമാണ് പ്രതിഫലിക്കുന്നത്.
ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്ന വിധം മെത്രാപ്പൊലീത്ത ഉൾപ്പെടെ 12 ബിഷപ്പുമാരാണ് ബിലീവേഴ്‌സ് സഭയുടെ കേരളത്തിലെ വിവിധ ഭാഗങ്ങളിലെ ഭദ്രാസനങ്ങൾക്കു നേതൃത്വം നൽകുന്നത്. യുഎസിലും കാനഡയിലും യുകെയിലും ഓസ്‌ട്രേലിയയിലുമായി ഏകദേശം 900 റേഡിയോ സ്റ്റേഷനുകളിലൂടെ പ്രക്ഷേപണം നടത്തുന്ന യാഥാർഥ്യത്തിലേക്കുള്ള വഴി എന്ന റോഡ് ടു റിയാലിറ്റി ശ്രദ്ധേയമായ പ്രവർത്തനമാണ്.
ശതകോടികളുടെ ആസ്തി
ബിലീവേഴ്സ് ചർച്ചിന് ഇപ്പോൾ ശതകോടികളുടെ ആസ്തിയുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്സ് സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് സ്ഥാപനങ്ങളിൽ പ്രധാനമായത്. എസ്.എൻ.ഡി.പി മുൻ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി ഇപ്പോൾ ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ് നിലകൊള്ളുന്നത്. തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ സഭയ്ക്ക് റെഡിഡൻഷ്യൽ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് കാർമൽ ട്രസ്റ്റിൽ നിന്നും ബിലീവേഴ്സ് ചർച്ച് വാങ്ങി. ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷൻ ചാനലിനൊപ്പം ഒരു സ്വകാര്യ വാർത്താ ചാനലിന്റെ ഓഹരികളും യോഹന്നാനു സ്വന്തമായുണ്ട്. ആത്മീയയാത്ര എന്ന ചാനൽ പിന്നീട് നിർത്തലാക്കി.
റിയൽ എസ്റ്റേറ്റ് മേഖലയിലും വൻ നിക്ഷേപമുണ്ട് യോഹന്നാന്. കേരളത്തിൽ അങ്ങോളമിങ്ങോളമായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലം വിവിധ ട്രസ്റ്റുകളുടെ പേരിലായി സഭയ്ക്കുണ്ട്. ബിലീവേഴ്സിന്റെ മാതൃസംഘടനയായ ഗോസ്പൽ ഏഷ്യയുടെ പേരിലും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. ഹാരിസൺ മലയാളത്തിൽ നിന്നും ബിലീവേഴ്സ് വാങ്ങിയ എരുമേലിക്കടുത്ത ചെറുവള്ളി എസ്റ്റേറ്റ് എന്ന 2263 ഏക്കർ ഭൂമി നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുത്തെങ്കിലും ഹൈക്കോടതി റദ്ദാക്കിയിരുന്നു.
പ്രഭാഷകൻ മാത്രമല്ല എഴുത്തുകാരനും
ഏഷ്യയിൽ 200 ലേറെ പുസ്തകങ്ങൾ കെ പി യോഹന്നാന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎസിൽ 11 പുസ്തകങ്ങളും. റവല്യൂഷൻ ഇൻ വേൾഡ് മിഷൻസ് എന്ന 39 ലക്ഷം വിറ്റഴിഞ്ഞ പുസ്തകം ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറാണ്. ചെന്നൈയിലെ ഹിന്ദുസ്ഥാൻ ബൈബിൾ കോളേജിൽ നിന്ന് ഓണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.