കണ്ണൂര്‍: കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഇതിന് പരിഹാരമായി യുവാക്കള്‍ 18 വയസ് മുതല്‍ പ്രണയിക്കണമെന്നും 25 വയസിന് മുമ്പ് വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും മാര്‍ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

വിശ്വാസികളുടെ എണ്ണം കുറയുന്നതിനുള്ള പരിഹാരമെന്നോണമാണ് പാംപ്ലാനിയുടെ ആഹ്വാനം. യുവാക്കള്‍ ജോലിക്കായി വിദേശത്തേക്ക് പോകുന്നത് സമുദായത്തെ തകര്‍ക്കുമെന്നും പാംപ്ലാനി പറഞ്ഞു. 'മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണ് തന്റെ കല്യാണം നടക്കാതിരുന്നതിന് കാരണമെന്ന് ഒരു നാല്‍പതുകാരന്‍ എന്നോട് പറഞ്ഞു. 18 വയസിന് ശേഷം പ്രണയിക്കുന്നതില്‍ ഒരു കുറ്റവുമില്ല. അതിനെ ദോഷമായി ആരും കാണേണ്ട കാര്യമില്ല. അതുപോലെ നമ്മുടെ യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30, 40 ലക്ഷം വായ്പയെടുത്ത് വിദേശത്തേക്ക് പോകാന്‍ യുവജനങ്ങളില്‍ ഒരു വ്യഗ്രതയുണ്ട്. ഇത് സമുദായത്തെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്,' പാംപ്ലാനി പറഞ്ഞു.

സമുദായത്തിനുള്ളില്‍ നിരവധി ആളുകള്‍ വിവാഹം കഴിക്കാതെ തുടരുന്നുണ്ട്. അത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സമുദായത്തിലെ യുവജനങ്ങള്‍ നാണംകുണികളും താഴോട്ട് നോക്കിയിരിക്കുന്നവരുമാണെന്നുമാണ് തന്റെ അഭിപ്രായം. ഇതില്‍ മാറ്റം വരുത്തി യുവാക്കള്‍ 25 വയസിനുള്ളില്‍ വിവാഹം കഴിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും പാംപ്ലാനി പറഞ്ഞു.

നേരത്തെ വെള്ളാപ്പള്ളി നടേശന്‍ ഈഴവസമൂഹം ശക്തമാകണെന്ന് വാദിച്ചത് വിവാദമായിരുന്നു. ഈഴവര്‍ രാഷ്ട്രീയശക്തിയാകണം. അംഗങ്ങള്‍ അവരവരുടെ പാര്‍ട്ടികളില്‍നിന്ന് അവകാശം നേടിയെടുക്കണം. തദ്ദേശതിരഞ്ഞെടുപ്പിലും അസംബ്ളി തിരഞ്ഞെടുപ്പിലും സമുദായത്തിന് അര്‍ഹമായ അംഗീകാരം തരുന്നവരെ ജയിപ്പിക്കാന്‍ നോക്കണം. സമുദായത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അധികാരത്തിലെത്താന്‍ ശ്രമംവേണമെന്നം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

കേരളം മുസ്ലിം ഭൂരിപക്ഷ പ്രദേശമാകുമെന്നും മുഖ്യമന്ത്രിസ്ഥാനമാണ് മുസ്ലിംലീഗിന്റെ ലക്ഷ്യമെന്നുമുള്ള, എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വന്‍ വിവാദമാണ് ഉയര്‍ത്തിവിട്ടത്. മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ദ്ധിക്കുകയാണ്, കേരളത്തിലെ മറ്റിടങ്ങളില്‍ ജനസംഖ്യ കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങള്‍ കൂടുകയാണ് ചെയ്യുന്നത്, മുസ്ലിങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുകയാണ്, ലീഗ് തിരു- കൊച്ചിയില്‍ സീറ്റ് ചോദിച്ചുവാങ്ങും എന്നൊക്കെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. ഈ പ്രസ്താവനയെ തുടര്‍ന്ന് വിവിധ മേഖലകളില്‍ നിന്ന് വെള്ളാപ്പള്ളിയെ അനുകൂലിച്ചും വിമര്‍ശിച്ചും അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ഇപ്പോല്‍ കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ വര്‍ധിക്കാത്ത കാര്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.