- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാന്തയിൽ പത്രം വായിച്ചിരിക്കുമ്പോൾ കാട്ടുപോത്ത് ഉയരമുള്ള കയ്യാല തകർത്തു പാഞ്ഞുവന്നു കുത്തി; മുറ്റത്തേക്കു തെറിച്ചുവീണപ്പോൾ വീണ്ടും കുത്തി; കണമലയിലെ വില്ലൻ ഇപ്പോഴും ഒളിവിൽ; വെടിവയ്ക്കാൻ കാട്ടുപോത്തിനെ തേടി വനംവകുപ്പും; കൊടിഞ്ഞലിൽ സാമുവേലിനെ കുത്തി വീഴ്ത്തിയതും അപ്രതീക്ഷിതമായി; മലയോരത്ത് ഭയം തുടരുമ്പോൾ
തിരുവനന്തപുരം: കേരളത്തിന്റെ മലയോരത്ത് പ്രതിഷേധം ശക്തം. സംസ്ഥാനത്തെ ഞെട്ടിച്ച് ജനവാസ മേഖലകളിൽ കാട്ടുപോത്തിന്റെ ആക്രമണം ചർച്ചകൾക്ക് പുതുമാനം നൽകുകയാണ്. ആനയും കരടിയും കടുവയും കാട്ടുപോത്തും വനാതിർത്തിയിലെ ജീവിതം ദുസ്സഹമാക്കുന്നു. കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമത്തിൽ കോട്ടയം എരുമേലി കണമലയിൽ 2 പേരും കൊല്ലം ആയൂരിൽ ഒരാളും കൊല്ലപ്പെട്ടു. കണമല അട്ടിവളവ് പ്ലാവനാക്കുഴി (പുന്നത്തുറ) തോമസ് ആന്റണി (63), പുറത്തേൽ ചാക്കോ (70), ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവേൽ വർഗീസ് (രാജൻ64) എന്നിവരാണു മരിച്ചത്. തൃശൂർ കൊരട്ടി മേലൂരിലും ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി.
കൊട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആദ്യഘട്ടമെന്ന നിലയ്ക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നു വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. കണമലയിലെ ഇരു കുടുംബങ്ങൾക്കുമുള്ള തുക ഇന്നു തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നു കോട്ടയം കലക്ടർ ഡോ.പി.കെ ജയശ്രീ അറിയിച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷമാണ് സർക്കാർ നഷ്ടപരിഹാരം. ബാക്കി 5 ലക്ഷം വീതം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അനന്തരാവകാശികളെ സംബന്ധിച്ച സർട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്കു നൽകുമെന്നു മന്ത്രി പറഞ്ഞു. കൂടുതൽ തുകയ്ക്കു ശുപാർശ ചെയ്യുമെന്നും കലക്ടർ പ്രഖ്യാപിച്ചു.
ശബരിമല വനത്തിൽനിന്നാണ് കണമലയിൽ കാട്ടുപോത്ത് ഇറങ്ങിയത്. പുലർച്ചെ 5.40നു വീടിനടുത്തുള്ള റബർ തോട്ടത്തിൽ ശബ്ദം കേട്ടാണു തോമസ് ആന്റണി പുറത്തിറങ്ങിയത്. തട്ടുതട്ടായുള്ള റബർ തോട്ടത്തിലേക്കിറങ്ങിയ തോമസിനെ മുകളിൽനിന്നു പാഞ്ഞുവന്ന കാട്ടുപോത്ത് കുത്തിവീഴ്‌ത്തി. തോമസ് വീണുകിടക്കവെ തന്നെ ഫോണിൽ സഹോദരങ്ങളെ വിളിച്ചു. ആന്തരികാവയവങ്ങൾ പുറത്തുവരികയും ഇരുകാലുകളും ഒടിയുകയും ചെയ്തിരുന്നു. തോമസിന്റെ വീട്ടിൽനിന്ന് 400 മീറ്റർ താഴെയാണ് ചാക്കോയുടെ വീട്. വരാന്തയിൽ പത്രം വായിച്ചിരിക്കുമ്പോൾ കാട്ടുപോത്ത് ഉയരമുള്ള കയ്യാല തകർത്തു പാഞ്ഞുവന്നു കുത്തുകയായിരുന്നു. മുറ്റത്തേക്കു തെറിച്ചുവീണപ്പോൾ വീണ്ടും കുത്തി.
കാട്ടുപോത്തിനെ കണ്ടു ഭയന്നോടിയ വെട്ടിക്കൽ ഓലിക്കൽ ജോസഫിനു (54) വീണു പരുക്കേറ്റു. പോത്ത് റോഡിലൂടെ സമീപത്തെ പള്ളിയുടെ വളപ്പിലേക്കാണ് ഓടിപ്പോയത്. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കോട്ടയം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ജനവാസ മേഖലയിൽ വീണ്ടുമെത്തിയാൽ വെടിവയ്ക്കും. വീടിനു പിന്നിലെ റബർ തോട്ടത്തിൽവച്ച് ഇന്നലെ രാവിലെ എട്ടരയോടെയാണു സാമുവേൽ വർഗീസിനു കുത്തേറ്റത്. സമീപത്തെ റബർ തോട്ടത്തിൽ അവശനിലയിൽ കണ്ട കാട്ടുപോത്ത് പിന്നീടു ചത്തു. ദുബായിൽ മകൾക്കൊപ്പമായിരുന്ന സാമുവേലും ഭാര്യ സാറാമ്മയും കഴിഞ്ഞദിവസമാണു തിരിച്ചെത്തിയത്.
വീടിനടുത്തുള്ള റബർ തോട്ടത്തിൽ സുഹൃത്തിനോട് സംസാരിച്ചുനിന്ന അദ്ദേഹത്തെ കാട്ടുപോത്ത് പിന്നിൽ നിന്നും അക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സമീപത്തെ മരത്തിൽ കയറിയതിനാൽ രക്ഷപ്പെട്ടു. വനമേഖലയല്ലാത്ത പ്രദേശത്ത് കാട്ടുപോത്ത് എങ്ങിനെ എത്തി എന്നതിൽ വ്യക്തതയില്ല. പോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാട്ടുപോത്തിന്റെ ആക്രമണം പ്രദേശത്ത് ആദ്യമായിട്ടാണെങ്കിലും ഇതിന് മുൻപ് പന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
'ഞാൻ റബർ വെട്ടിക്കൊണ്ട് ഇരിക്കുമ്പോൾ അദ്ദേഹം ഞാനുമായി സംസാരിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. താഴെ നിന്ന് അതിവേഗത്തിലവായിരുന്നു പെട്ടെന്ന് കാട്ടുപോത്ത് വന്നത്. എന്റെ നേരെയാണ് ആദ്യം വന്നത്, എന്നാൽ ഞാൻ സമീപത്തെ മരത്തിൽ കയറി. അദ്ദേഹത്തിന് മരത്തിൽ കയറാൻ കഴിയാത്തതിനാൽ കാട്ടുപോത്ത് അച്ചായനെ അക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തൊടയിലും നെഞ്ചിലും കാട്ടുപോത്ത് കുത്തി ഇടിച്ചു കളഞ്ഞു'- ദൃക്സാക്ഷിയായ സജിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയാണ്.
കൊരട്ടി മേലൂരിൽ പുലർച്ചെയാണു കാട്ടുപോത്തിനെ ആദ്യം കണ്ടത്. ഉച്ചയോടെ കല്ലുകുത്തിയിൽ വച്ചു കാണാതായി. വൈകിട്ട് 5.30നു ശാന്തിപുരം പള്ളിയുടെ പിന്നിൽ വീണ്ടും കണ്ടെത്തി. ആക്രമണസ്വഭാവമില്ലാത്തതിനാൽ മലയാറ്റൂർ വനത്തിലേക്കു കടത്തിവിടാനാണു വനപാലകരുടെ ശ്രമം. മലപ്പുറം എടക്കരയിൽ കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസിക്കു കരടിയുടെ ആക്രമണത്തിൽ പരുക്കേറ്റു. മുണ്ടേരി തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത (55) മീന്മുട്ടിയിൽ വ്യാഴാഴ്ച വൈകിട്ടാണ് കരടിക്കുമുന്നിൽപെട്ടത്. രക്ഷപ്പെടാൻ മരത്തിൽ ഓടിക്കയറുന്നതിനിടെ പിന്നിൽനിന്നായിരുന്നു ആക്രമണം.
മറുനാടന് മലയാളി ബ്യൂറോ