- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ പോകുവാടോ...മരിക്കും; ആയിരം കിലോയുള്ള ഒരുത്തനാ എന്നെ ഇടിച്ചത്; കട്ടപ്പനയിലെ മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് പോയ ഭാര്യ; രാവിലെ തോട്ടത്തിൽ പോയ തോമാച്ചനെ കുത്തി മലർത്തി കാട്ടുപോത്തും; മരണ കാരണമായത് വയറ്റിലെ കുത്ത്; കണമല അട്ടവളവിൽ വേദന നിറയുമ്പോൾ
കോട്ടയം: ''ഞാൻ പോകുവാടോ...മരിക്കും. ആയിരം കിലോയുള്ള ഒരുത്തനാ എന്നെ ഇടിച്ചത്.'' കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ച കണമല പ്ലാവനാകുഴിയിൽ തോമസിന്റെ മണമൊഴിയാണ് ഇത്. അപകടം അറിഞ്ഞെത്തിയ കൂട്ടുകാരൻ വെട്ടിക്കൽ ഓലിക്കൽ ജോസഫ് ജോസഫിനോടാണ് ഇങ്ങനെ പറഞ്ഞത്. പോത്ത് ഇടിച്ചുവീഴ്‌ത്തിയ ഉടനെ തോമസ് ആദ്യം വിളിച്ചുവരുത്തിയത് ജോസഫിനെയാണ്.
''കോട്ടയം മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിൽ ആംബുലൻസിൽവെച്ച് തോമാച്ചൻ മരിക്കുന്നത് ഈ കൈ ചേർത്തുപിടിച്ചാണ്.''-ജോസഫ് ജോസഫ് പറയുന്നു. കണമല ജങ്ഷനിൽ എത്തിയതായിരുന്നു ജോസഫ്. അപ്പോഴാണ് തോമസിന്റെ ഫോൺ വിളിവരുന്നത്. പോത്ത് ഇടിച്ചുവെന്ന് കേട്ടപ്പോഴേ കൂട്ടുകാരെയും കൂട്ടി ഒരു ഓട്ടോയിൽ അരക്കിലോമീറ്റർ അകലെയുള്ള തോട്ടത്തിലേക്കുപോയി. ചെന്നപ്പോൾ തോമസ് ചോരയിൽ കുളിച്ച് കിടക്കുന്നു. കാല് രണ്ടും പിണഞ്ഞ് ഒടിഞ്ഞുനുറുങ്ങിയിരുന്നു. വയറ്റിൽ ആഴത്തിലുള്ള മുറിവ്. തലയിൽനിന്ന് രക്തം ചീറ്റുന്നു. പോത്ത് തന്നെ ഇടിച്ചിട്ട് കുത്തിയശേഷം പോയെന്ന് തോമസ് പറഞ്ഞു.
തോമസിന്റെ ഭാര്യയും ബന്ധുക്കളും കട്ടപ്പനയിൽ മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന് പോയിരിക്കുകയായിരുന്നു. ജോസഫ് വീട്ടിലേക്കോടിപ്പോയി രണ്ട് ബെഡ് ഷീറ്റുകൾ കൊണ്ടുവന്നു. എല്ലാവരും ചേർന്ന് തോമസിനെ അതിൽ കിടത്തി കണമല ജങ്ഷനിലേക്ക് എത്തിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ ആംബുലൻസ് വന്നു. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തിച്ച് ഓക്‌സിജൻ ട്യൂബ് ഘടിപ്പിച്ചു. നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്. ഇതിനിടെ മരണവും.
ശബരിമല വനമേഖലയോട് ചേർന്ന കണമല അട്ടിവളവിന് സമീപം വെള്ളി രാവിലെ എട്ടിന് റബർ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. തുടർന്ന്, വീട്ടുവരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോയെയും കുത്തി. ഇരുവരുടെയും സംസ്‌കാരം പിന്നീട്. ലൈസാമ്മയാണ് തോമസിന്റെ ഭാര്യ. മക്കൾ: അമല, വിമല. മരുമക്കൾ: ജീബിൻ, ഗ്രേസ്. ചാക്കോയുടെ ഭാര്യ ആലീസ്. മക്കൾ: അനു, നീതു, ലിസ. കണമലയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. കാട്ടുപോത്തിനെ വെടിവയ്ക്കാൻ കലക്ടർ ഉത്തരവിട്ടു. ഇരുവരുടെയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജനും പറഞ്ഞു.
ദുബായിലുള്ള മകളെ കാണാൻ സന്ദർശക വിസയിൽ പോയ ഗീവർഗീസ് വ്യാഴം രാത്രിയാണ് നാട്ടിലെത്തിയത്. വെള്ളി രാവിലെ എട്ടോടെ വീടിന്റെ പിന്നിലുള്ള പാറക്കെട്ടിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് കുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ടാപ്പിങ് തൊഴിലാളി സജി റബറിൽ കയറി രക്ഷപ്പെട്ടു. ഗീവർഗീസിന്റെ സംസ്‌കാരം പിന്നീട്. വത്സമ്മയാണ് ഭാര്യ. മക്കൾ: രജി, സുജി. മരുമക്കൾ: അനീഷ്, റോബിൻ. നാട്ടുകാർ തുരത്തി ഓടിക്കുന്നതിനിടെ റോഡിൽനിന്ന് താഴ്ചയിലേക്ക് വീണ കാട്ടുപോത്തും ചത്തു.
തൃശൂർ ചാലക്കുടി മേലൂരിൽ കാട്ടുപോത്തിനെ കണ്ട് ഓടുന്നതിനിടെ വീണ് മൂന്നുപേർക്ക് പരിക്കേറ്റു. നന്തിപുരം അരവിന്ദാക്ഷൻ(54), പുഷ്പഗിരി നാഴിയപറമ്പൽ വിൽസൻ (56), ഭാര്യ ഷീജ(50) എന്നിവർക്കാണ് പരിക്കേറ്റത്.
മറുനാടന് മലയാളി ബ്യൂറോ