എരുമേലി: കാടിളക്കി വന്ന കാട്ടു പോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടമായപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരുമുണ്ട്. വീട് വരാന്തയിൽ പത്രം വായിച്ചു കൊണ്ടിരുന്ന ചാക്കോച്ചൻ എന്നയാളെയും റബർ ടാപ്പിങിനിടയിൽ തോമസ് ആന്റണിയെയുമാണ് കാട്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ നടുക്കത്തിലാണ് നാട് ഇപ്പോഴും.

റബർ വെട്ടുന്നതിനിടെ, കാടും പടലും ഞെരിയുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ പതിപ്പള്ളിൽ ജോർജുകുട്ടി കാണുന്നത് ഉയർന്നു നിൽക്കുന്ന രണ്ടു കൊമ്പുകൾ. ഉടൻ കത്തിയും വലിച്ചെറിഞ്ഞ് ഓടി സമീപത്തെ കൊക്കോയിൽ കയറിയതിനാൽ ജീവൻ രക്ഷപ്പെട്ടു. പതിവുപോലെ ടാപ്പിങ്ങിനെത്തിയതായിരുന്നു ജോർജുകുട്ടി. കാട്ടുപന്നിയെ സ്ഥിരമായി കാണാറുണ്ടെങ്കിലും കാട്ടുപോത്തിനെ കൃഷിയിടത്തിൽ നിന്നു നേരിൽ കാണുന്നത് ഇതാദ്യമായാണെന്നു ജോർജുകുട്ടി പറഞ്ഞു.

ശബ്ദം കേട്ട് ഓടിമാറിയിരുന്നില്ലെങ്കിൽ തനിക്കും ചിലപ്പോൾ ജീവൻ നഷ്ടമാകുകമായിരുന്നുവെന്ന് ജോർജുകുട്ടി പറയുന്നു. മരത്തിൽ ഇരിക്കുമ്പോൾ ശരവേഗത്തിൽ പോത്ത് തോമാച്ചൻ ടാപ്പ് ചെയ്യുന്ന ഭാഗത്തേയ്ക്കു പോകുന്നതു കണ്ടിരുന്നു. മുമ്പും ഇവിടെ കാട്ടുപോത്ത് എത്തിയിട്ടുണ്ടെങ്കിലും നേരിൽ കണ്ടിരുന്നില്ലെന്നും ജോർജുകുട്ടി പറഞ്ഞു. ഇനി തോട്ടത്തിലേക്കു പോകുന്ന കാര്യം ഓർക്കുമ്പോൾ ഭയമാണെന്ന് ജോർജുകുട്ടി പറയുന്നു.

ചാക്കോച്ചനെ ആക്രമിച്ചതിന്റെ തൊട്ടു മുൻപ് വരെ മകളുടെ മകൾ മൂന്നു വയസുള്ള ഹന്ന വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്നു. മോൾ നിന്നിരുന്നതിന് സമീപത്തുള്ള കൈയാല തകർത്താണ് ശരവേഗത്തിൽ പോത്ത് പാഞ്ഞെടുത്തത്. ഇതിനു തൊട്ടുമുൻപ് കുട്ടിയെ ചാക്കോച്ചന്റെ ഭാര്യ വീട്ടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടു പോയിരുന്നു. ആക്രമണത്തിൽ നിന്നും ഹന്നയും അത്ഭുകരമായി രക്ഷപ്പെടുകയായിരുന്നു.

പ്ലാവനാക്കുഴിയിൽ ജോർജിന്റെ മകളുമായ നീതു മരിയ കോളജിലേക്കു പോകുമ്പോൾ പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നു. പക്ഷേ നീതു ഇക്കാര്യം അറിഞ്ഞതു മണിക്കൂറുകൾ കഴിഞ്ഞ്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്ലാവനാക്കുഴിയിൽ തോമാച്ചന്റെ സഹോദരന്റെ മകളാണ് മരിയ. അൽപ്പം വൈകിയാൽ സ്ഥിരം ബസ് പോകുമെന്നതിനാൽ ഓടിയാണ് നീതു വീട്ടിൽ നിന്നു ബസ് സ്റ്റോപ്പിലേക്ക് പോയത്. നീതു ഓടിപ്പോയി നിമിഷങ്ങൾക്കകം കാട്ടുപോത്തും ഇതേ വഴിയിലൂടെ ഓടിപ്പോകുന്നതു സി. സി. ടി. വി. ദൃശ്യങ്ങളിൽ കാണാമായിരുന്നു.

നീതു സ്റ്റോപ്പിലെത്തി ബസിൽ കയറി പോയെങ്കിലും കാട്ടുപോത്ത് നാട്ടിലിറങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല. കോളജിൽ എത്തിയ ശേഷമാണ് പിതൃസഹോദരൻ കൊല്ലപ്പെട്ട വിവരം അറിയുന്നതും വീട്ടിലേക്കു മടങ്ങുന്നതും. ഇതിനു ശേഷമാണ് താൻ പോയതിനു പിന്നാലെ കാട്ടുപോത്തുമുണ്ടായിരുന്നുവെന്ന കാര്യവും നീതു അറിഞ്ഞത്. കൂവപ്പള്ളി അമൽജ്യോതി കോളജിലെ എം.സി. എ. വിദ്യാർത്ഥിയാണ് നീതു.

കാറിൽ ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോഴാണ് മുന്നിൽ കൂടി ഒരു കാട്ടുപോത്ത് പാഞ്ഞു പോകുന്നത് കാണുന്നത്. കാർ നിർത്തിയിട്ട് അൽപ്പ സമയം സ്തംഭിച്ചിരുന്നു. ഒരു നിമിഷത്തേയ്ക്ക് കാട്ടു പോത്തിന്റെ ശ്രദ്ധ തനിക്ക് നേരെ തിരിഞ്ഞിരുന്നെങ്കിൽ അത് ഓർക്കാൻ പോലും കഴിയില്ലെന്ന് കണമല മധുവിന്റെ മകൾ സവിതമോൾ പറയുന്നു. നാടിനെ വിറപ്പിച്ച് ഓടിയ പോത്തിന് മുൻപിൽപ്പെടാതെ ഓടിരക്ഷപ്പെട്ടവർ നിരവധി പേരാണ്. അപകടത്തിൽ പലർക്കും പരുക്കേറ്റിട്ടുണ്ട്. ഭയന്നോടിയ വെട്ടിക്കൽ ഓലിക്കൽ ജോസഫിനും പരുക്കേറ്റ് ചികിത്സയിലാണ്.