- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരുമേലിയിൽ രണ്ടുപേരെ വകവരുത്തിയ അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്; ജില്ലാ കളക്ടറുടെ ഉത്തരവ് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന്; എരുമേലി-പമ്പ റോഡ് പ്രദേശവാസികൾ ഉപരോധിച്ചു; താൽക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് വേണ്ടതെന്നും നാട്ടുകാർ; കാട്ടുപോത്തിനെ കണ്ടെത്താൻ പരിശ്രമം
കോട്ടയം: എരുമേലിയിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. എ.ഡി.എം, സി.എഫ്.ഒ, എംപി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടുപോത്തിനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കളക്ടർ ഉത്തരവിട്ടത്.
ജനവാസമേഖലയിൽ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എരുമേലി-പമ്പ റോഡ് പ്രദേശവാസികൾ ഉപരോധിച്ചു. താൽകാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എരുമേലി പമ്പാവാലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്നത്തുറ തോമാച്ചൻ ആണ്മരിച്ചത്. പുറത്തയിൽ വീട്ടിൽ ചാക്കോച്ചൻ(65) സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. കാഞ്ഞിരപ്പള്ളിയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വനം വകുപ്പിനെതിരെയാണ് പ്രതിഷേധം. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാൻ ഒന്നും ചെയ്യുന്നില്ലെന്നതാണ് പ്രശ്നം.
കൊല്ലം ഇടമുളയ്ക്കലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധനും കൊല്ലപ്പെട്ടു. കൊടിഞ്ഞൂൽ സ്വദേശി വർഗീസ് (60) ആണ് മരിച്ചത്. രാവിലെ വീട്ടുപറമ്പിൽ നിൽക്കുകയായിരുന്ന വർഗീസിനെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണ് ഇയാൾ ദുബായിൽനിന്ന് എത്തിയത്. വനമേഖലയിൽ നിന്ന് അകലെയുള്ള സ്ഥലമാണിത്. പ്രദേശത്ത് ഇതുവരെ വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഏരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണം കണമല അട്ടിവളവിലായിരുന്നു. മരിച്ചയാൾ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. ചാക്കോച്ചൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചെറുമകൾ മൂന്നു വയസുകാരി ഹന്നയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബഹളം വച്ചതോടെ കാട്ടുപോത്ത് ഒഴിഞ്ഞ പറമ്പിലേയ്ക്ക് ഓടി. പരിക്കേറ്റയാൾ തോട്ടത്തിൽ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി. രണ്ടു പേരും മരിച്ചു.
നിലമ്പൂരിലും വന്യമൃഗ ആക്രമണമുണ്ടായി. നിലമ്പൂരിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. എടക്കര തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)യ്ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉൾക്കാട്ടിൽ തേൻ എടുക്കാൻ പോയ സമയത്താണ് ആക്രമണത്തിനിരയായത്. കരടിയുടെ ആക്രമണത്തിൽ വെളുത്തയുടെ വലതുകാലിന് പരിക്കേറ്റു.
വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധവും ഉടലെടുത്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ