- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസോ ബിജെപിയോ ആകട്ടെ 26 വർഷമായി ഹൈക്കോടതിയിൽ യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസൽ ഒറ്റയാൾ; കേരള കേഡർ ഐപിഎസ് പട്ടികയിൽ ക്രിമിനലുകൾ കയറിക്കൂടാൻ കാരണവും യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസലെന്ന് ആക്ഷേപം; അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടിലിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷനിൽ പരാതി
കൊച്ചി: കേന്ദ്രം ആരു ഭരിച്ചാലും യുപിഎസ്‌സിയുടെ സ്റ്റാൻഡിങ് കോൺസൽ എന്ന പദവിയിൽ കഴിഞ്ഞ 26 വർഷമായി തുടരുകയാണ് അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടിൽ. 1996 ൽ തുടങ്ങിയ പ്രയാണം കേന്ദ്രത്തിൽ ഭരണം മാറി വന്നിട്ടും തടസമില്ലാതെ തുടരുന്നു. എന്നാൽ ഇപ്പോഴിതാ 26 വർഷത്തെ പ്രവർത്തന പരിചയം അനധികൃത സ്വത്തുസമ്പാദനത്തിന് ഇടയാക്കിയെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രവിജിലൻസ് കമ്മിഷനിൽ പരാതിയെത്തി. ഇതേപ്പറ്റി പ്രാഥമിക അന്വേഷണവും ആരംഭിച്ചുവെന്ന് സൂചന. യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കുന്ന ബിജെപിയുടെ ചില അഭിഭാഷകരും ഇയാൾക്കെതിരേ പരാതിയും ആരോപണവും ഉന്നയിച്ചു കഴിഞ്ഞു. അഡ്വ. തോമസ് മാത്യുവിനെ സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും പരാതിയും ഇവർ അയച്ചു.
കൊല്ലത്ത് നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ ജി. വിപിനനാണ് തോമസ് മാത്യുവിനെതിരേ കേന്ദ്രവിജിലൻസ് കമ്മിഷന് പരാതി നൽകിയത്. വളരെ ഗുരുതരവും ഗൗരവകരവുമായ ആരോപണങ്ങളാണ് വിപിനൻ ഉന്നയിച്ചിരിക്കുന്നത്. 2019, 20 വർഷങ്ങളിലെ കേരള കേഡർ ഐപിഎസ് പട്ടികയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ. ക്രിമിനൽ പശ്ചാത്തലമുള്ള രണ്ട് ഉദ്യോഗസ്ഥരാണ് പട്ടികയിൽ ഇടം പിടിച്ചത്. എൻ. അബ്ദുൾ റഷീദും ജെ. കിഷോർ കുമാറും. അബ്ദുൾ റഷീദ് മാധ്യമപ്രവർത്തകൻ വി.ബി. ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ്. ഇയാളെ വിചാരണ കൂടാതെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. വിധിക്കെതിരേ സിബിഐ സഹിതം നൽകിയ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്നു.
ഇതിന് പുറമേ റഷീദിനെ ഒരു കാരണവശാലും ഐപിഎസിന് പരിഗണിക്കരുതെന്ന് കാട്ടി സിബിഐ നേരിട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് അയയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും റഷീദിന് ഐപിഎസ് നൽകി. ഇതിന് പിന്നിൽ അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടിലിന്റെ ഇടപെടൽ ആണെന്ന് പരാതിയിൽ പറയുന്നു. ജെ. കിഷോർ കുമാർ എന്ന ഉദ്യോഗസ്ഥൻ നിരപരാധികളായ നാലു പേരെ നടക്കാത്ത കൊലക്കേസിൽ പ്രതികളാക്കിയതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടുന്നയാളാണ്. ഇയാൾക്ക് വേണ്ടിയും അഡ്വ. തോമസ് മാത്യു ഇടപെട്ടുവെന്നാണ് പരാതി. പട്ടികയിൽ ഇടം നേടിയ കിഷോർ കുമാറിന് പക്ഷേ, ഐപിഎസ് കിട്ടിയില്ല. അച്ചടക്ക നടപടി പൂർത്തിയാക്കുന്ന മുറയ്ക്ക് നൽകാൻ ശിപാർശയുണ്ട്.
പരാതിയിൽ പറയുന്ന ഗുരുതരമായ ആരോപണങ്ങൾ ഇവയാണ്
ഹൈക്കോടതി, സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ(ക്യാറ്റ്), യുപിഎസ്‌സി എന്നിവയിൽ സ്റ്റാൻഡിങ് കോൺസൽ ആയ തോമസ് മാത്യു 1996 മുതൽ ഈ സ്ഥാനത്ത് തുടരുന്നു. ഒരാൾക്ക് മൂന്നു വർഷം മാത്രം കാലാവധിയുള്ള തസ്തികയിലാണ് 26 വർഷമായി മാറ്റമില്ലാതെ ഇദ്ദേഹം തുടരുന്നത്. ഇതു കാരണം കേന്ദ്രസർക്കാരിലും യുപിഎസ്‌സിയിലുമടക്കം ഉന്നത തല ബന്ധങ്ങൾ തോമസ് മാത്യു ഉണ്ടാക്കിയെടുത്തു. ഈ ബന്ധം ഉപയോഗിച്ച് വൻ തോതിൽ ധനസമ്പാദനം നടത്തി. ക്രിമിനൽ കേസ് പ്രതികളായ എൻ. അബ്ദുൾ റഷീദ്, ജെ. കിഷോർ കുമാർ എന്നിവർക്ക് ഐപിഎസ് വാങ്ങി നൽകുന്നതിനായി വഴിവിട്ട് പ്രവർത്തിച്ചു. റഷീദിനെതിരേ ഹൈക്കോടതിയിൽ വന്ന ഹർജിയിൽ സ്റ്റാൻഡിങ് കോൺസൽ ആയ തോമസ് മാത്യു നൽകിയ മറുപടി ഐപിഎസ് പട്ടിക പ്രസിദ്ധീകരിച്ചിട്ടേയുള്ളൂ നിയമനം നടന്നിട്ടില്ല എന്നായിരുന്നു. ഇവിടെ റഷീദിന്റെ ക്രിമിനൽ പശ്ചാത്തലം തോമസ് മാത്യു വ്യക്തമാക്കിയില്ല. ഇതു കാരണം ഹർജി ഹൈക്കോടതി തീർപ്പാക്കുകയും ക്രിമിനൽ പശ്ചാത്തലമുള്ള റഷീദ് ഐപിഎസ് നേടി സർവീസിൽ പ്രവേശിക്കുകയും ചെയ്തു.
അച്ചടക്ക നടപടി നേരിടുന്ന കിഷോർ കുമാറിന്റെ ഹർജി ക്യാറ്റിന് മുൻപാകെ വന്നപ്പോൾ യുപിഎസ് സി സ്റ്റാൻഡിങ് കോൺസലായ തോമസ് മാത്യു മൗനം അവലംബിച്ചു. ഇതു കാരണം കിഷോറിന് അനുകൂലമായ വിധി ഉണ്ടായി. അബ്ദുൾ റഷീദിന് ഐപിഎസ് ലഭിക്കാനുള്ള തടസങ്ങൾ നീക്കാൻ തോമസ് മാത്യു നേരിട്ട് ഇടപെട്ടു. ഡൽഹിയിൽ റഷീദുമൊത്ത് ക്യാമ്പ് ചെയ്ത് തന്റെ 26 വർഷത്തെ ബന്ധങ്ങൾ ഉപയോഗിച്ച് കരുക്കൾ നീക്കി. ഒടുക്കം ഐപിഎസ് വാങ്ങി നൽകുകയും ചെയ്തു. ഇതിന് പ്രതിഫലമായി കുടുംബസമേതം യൂറോപ്യൻ ട്രിപ്പ് ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു യാത്ര. വൻതോതിൽ പണവും ലഭിച്ചു.
തോമസ് മാത്യുവിന് എതിർപ്പും സഹായവും ബിജെപി പക്ഷത്ത് നിന്ന്
26 വർഷമായി സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്ത് തുടരുന്ന തോമസ് മാത്യുവിന് സഹായവും എതിർപ്പും ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ട്. കോൺഗ്രസ് ഭരണം മാറി ബിജെപി വന്നപ്പോൾ തോമസ് മാത്യു തെറിക്കുമെന്നാണ് ബിജെപി നേതാക്കൾ കരുതിയത്. യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസൽ സ്ഥാനത്ത് നിന്ന് തോമസ് മാത്യു തെറിക്കുമെന്നും പകരം കയറാമെന്നും കരുതി കുപ്പായം തയ്പിച്ചവർ നിരവധി. എന്നാൽ, അവരെയൊക്കെ ഞെട്ടിച്ചു കൊണ്ട് തോമസ് മാത്യു തുടരുകയാണ്. ഇയാൾക്ക് സഹായം ചെയ്യുന്നത് ബിജെപിയുടെ ഉന്നത നേതാവ് തന്നെയാണെന്ന വിവരം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. റഷീദിന് ഐപിഎസ് കിട്ടുന്നതിനായി ഈ നേതാവും പ്രവർത്തിച്ചുവെന്ന് പറയുന്നു. തോമസ് മാത്യുവിനെ കോൺസൽ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യവുമായി ഒരു പറ്റം ബിജെപി അഭിഭാഷകർ രംഗത്തുണ്ട്. ഇവർ സംസ്ഥാന പ്രസിഡന്റ് കെ. സൂരേന്ദ്രനും കേന്ദ്രനേതൃത്വത്തിനും ഇതു സംബന്ധിച്ച് പരാതി നൽകി.
മറുനാടന് മലയാളി ബ്യൂറോ