തിരുവനന്തപുരം: 'എമ്പുരാന്‍' സിനിമയ്ക്കെതിരായ സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. ഇപ്പോഴുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിപരമാണെന്നും സംഘടനയുടേതല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ പറഞ്ഞു. എമ്പുരാന്‍ സിനിമക്കെതിരെ ബിജെപി ഒരു ക്യാമ്പയിനും തുടങ്ങിയിട്ടില്ലെന്നും പി സുധീര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി അഡ്വ. എസ്. സുരേഷിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സിനിമ, സിനിമയുടെ വഴിക്ക് പോകും. സിനിമ ആസ്വാദകര്‍ എന്ന നിലയില്‍ പലരും അഭിപ്രായം പറയുമെന്നും പി സുധീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പോസ്റ്റര്‍ വിവാദം പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ്. പിന്നില്‍ പുറത്തുനിന്നുള്ള ആളുകളാണ്. അന്വേഷിച്ച് കണ്ടെത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധീര്‍ പറഞ്ഞു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് സുധീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

'സിനിമയ്ക്കെതിരെ ബിജെപി കാംപെയ്ന്‍ തുടങ്ങിയിട്ടില്ല. ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ല. സിനിമ, സിനിമയുടെ വഴിക്ക് പോവും. പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്ക് പോവും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല', മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുധീര്‍ പറഞ്ഞു. 'സിനിമ ആസ്വാദകര്‍ എന്ന നിലയില്‍ ഓരോരുത്തരും അവര്‍ കാണുമ്പോള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. പാര്‍ട്ടിയെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്നത് വ്യക്തിപരമായ അഭിപ്രായമാണ്, സംഘടനയുടേത് അല്ല', സുധീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിമര്‍ശനങ്ങളെ വകവെക്കാതെ സിനിമ വിജയം കുറിച്ച് മുന്നേറുകയാണ്. ഒരു മലയാള സിനിമ നേടിയ വലിയ ഓപ്പണിംഗ് കളക്ഷന്‍ എമ്പുരാന്‍ സ്വന്തം പേരിലാക്കിയെന്നു പൃഥ്വിരാജും ഫേസ്ബുക്കില്‍ കുറിച്ചു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നില്‍ക്കും കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യന്‍ നെറ്റ് കളക്ഷനാണ് ചിത്രത്തിന്റേതായി സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. എമ്പുരാന്‍ ഓപ്പണിംഗില്‍ ഇന്ത്യയില്‍ 22 കോടി നെറ്റായി നേടി എന്നാണ് സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട്. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങളുമുണ്ടായിരുന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഓപ്പണിംഗ് വീക്കെന്‍ഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സംവിധായകന്‍ പൃഥ്വിരാജാണ് എന്നതാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.

2025 ജനുവരി 26 നു ആദ്യ ടീസര്‍ പുറത്ത് വിട്ടു കൊണ്ട് പ്രമോഷന്‍ ജോലികള്‍ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഓരോ നടീനടന്‍മാരും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകള്‍ പുറത്തു വിടുന്നത് ഫെബ്രുവരി ഒന്‍പത് മുതല്‍ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്റര്‍, വീഡിയോ എന്നിവയിലൂടെയാണ്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടര്‍ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കില്‍, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്.