കോഴിക്കോട്: കോഴിക്കോട് നടന്ന കേരള നവദുൽ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ ജോൺ ബ്രിട്ടാസ് എംപി പ്രസംഗിച്ചെന്ന ആരോപണം കടുപ്പിച്ച് ബിജെപി. എംപിക്കെതിരെ രാജ്യസഭ ചെയർമാന് പരാതി നൽകി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറാണ് രാജ്യസഭ ചെയർമാൻ ജഗദീപ് ധൻക്കറിന് പരാതി നൽകിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോൺ ബ്രിട്ടാസിന്റെ പ്രസംഗമെന്നാണ് പരാതി.

എംപിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട്ട് നാലു ദിവസങ്ങളായി നടന്ന കേരള നദ്‌വത്തുൾ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ചർച്ചകൾ അത്രയും കേന്ദ്രീകരിച്ചത് ആർഎസ്എസിലായിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള രാജ്യത്തെ മതമൈത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളോട് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രതികരണമായിരുന്നു ചർച്ചകൾക്ക് തുടക്കമിട്ടത്. പിന്നീട് സിപിഎം എംപി ജോൺ ബ്രിട്ടാസ് സമ്മേളനത്തിൽ നടത്തിയ പരാമർശം ചർച്ചകൾക്ക് കൂടുതൽ ചൂട് പകർന്നു.

സമ്മേളന വേദിയിൽ വെച്ച് മുതിർന്ന ബിനോയ് വിശ്വവും ജോൺ ബ്രിട്ടാസും സംഘ്പരിവാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ശ്രീധരൻ പിള്ളയേയും കേന്ദ്രമന്ത്രി വി മുരളീധരനേയും മുജാഹിദ് സമ്മേളനത്തിലേക്ക് ക്ഷണിച്ചെന്ന വാർത്ത ദിവസങ്ങൾക്ക് മുന്നേ തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ശ്രീധരൻ പിള്ള തന്നെയാണ് തന്റെ പങ്കാളിത്തത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ചർച്ചകളെ ആദ്യം അഭിസംബോധന ചെയ്തത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് വിവാദമാക്കിയതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാ മുസ്ലിം സംഘടനകളുടേയും പരിപാടിയിൽ ഞാൻ പങ്കെടുക്കാറുണ്ട്. ഇന്ത്യയിൽ 130 കോടി ജനങ്ങൾ ഉണ്ട്. അപ്പോൾ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാം. ഇന്ത്യയിലെ മതങ്ങൾ വിശാല കാഴ്‌ച്ചപ്പാട് പുലർത്തുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇതിന് ശേഷം പ്രസംഗിച്ച ബിനോയ് വിശ്വം ആർഎസ്എസ് സൈദ്ധാന്തികൻ എംഎസ് ഗോൾവാൾക്കറുടെ കാഴ്‌ച്ചപ്പാടുകൾ എണ്ണിപ്പറഞ്ഞ് വിമർശനം ഉന്നയിച്ചു. ശ്രീധരൻ പിള്ളയുടെ വാക്കുകളിൽ സത്യസന്ധതയില്ലെന്നാണ് ബിനോയ് വിശ്വം പരോക്ഷമായി പ്രസംഗിച്ചത്. ബിനോയ് വിശ്വത്തിന്റെ വിമർശനത്തിന്റെ തുടർച്ചയേറ്റെടുത്താണ് ജോൺ ബ്രിട്ടാസ് എംപി സംസാരിച്ചത്.

സംവാദം കൊണ്ട് ആർഎസ്എസിനെ മാറ്റാൻ കഴിയുമോയെന്ന് ബ്രിട്ടാസ് സംഘാടകരോട് ചോദിച്ചു. 'ആർഎസ്എസുമായുള്ള സംവാദം കൊണ്ട് അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന് മുജാഹിദിന്റെ നേതാക്കൾ വിചാരിക്കുന്നുണ്ടോ? ഉണ്ടോ? ഉണ്ടോ? ഉണ്ടോ? ഇല്ല. എന്താ ഉറക്കെ പറയാൻ ഒരു മടി പോലെ, പറയണം. അവരെ ഉൾക്കൊള്ളാൻ നിങ്ങൾ കാണിക്കുന്ന താൽപര്യം നിങ്ങളെ ഉൾക്കൊള്ളാൻ അവർ കാണിക്കുമോ? പിന്നോക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാൻ ഇന്ത്യ ഭരിക്കുന്നവർ തയ്യാറുണ്ടോ? തയ്യാറായില്ലെങ്കിൽ അത് അവരുടെ മുഖത്ത് നോക്കി ചോദിക്കാനുള്ള ആർജവും തന്റേടവും നിങ്ങൾ സ്വായത്തമാക്കണം,' കേൾവിക്കാർ തന്റെ വാക്കുകൾക്ക് കൈയടിക്കുന്നത് ബ്രിട്ടാസ് മുജാഹിദ് നേതാക്കളെ ചൂണ്ടിക്കാട്ടി. 'നിങ്ങളുടെ അണികളാണ് കൈയടിച്ചത്,' നേതാക്കളെ നോക്കി ബ്രിട്ടാസ് പറഞ്ഞു.