- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷിക പരിപാടിയിലെത്തിയ മോദിയെ കാത്ത് തിരുച്ചിറപ്പള്ളിയില്‍ ആയിരങ്ങള്‍; 4,900 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കും തുടക്കം; തഞ്ചാവുര് തൊട്ട് ഇന്തോനേഷ്യ വരെ പടര്‍ന്ന സാമ്രാജ്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി; തമിഴ്നാട് പിടിക്കാന്‍ ബിജെപിയുടെ ചോള നയതന്ത്രം
തമിഴ്നാട് പിടിക്കാന്‍ ബിജെപിയുടെ ചോള നയതന്ത്രം
സംഘടനാപരമായി നല്ല അടിത്തറയുണ്ടായിട്ടും, രാഷ്ട്രീയമായി ബിജെപിക്ക് ഇനിയും മുന്നേറാന്‍ കഴിയാത്ത സ്ഥലമാണ് തമിഴ്നാട്. നേരത്തെ അണ്ണാമലൈ എന്ന മുന്‍ ഐപിഎസ് ഓഫീസറെ ഇറക്കിയും, കൊങ്കുനാട് എന്ന പ്രത്യേക സംസ്ഥാനത്തിനാത്തിനായുമൊക്കെ ബിജെപി നടത്തിയ പ്രചാരണങ്ങള്‍ ആളെകൂട്ടിയിരുന്നെങ്കിലും, അതൊന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. അതിന് പ്രധാന കാരണമായി പറയുന്നത്, ബിജെപിയുടെ ഹിന്ദുത്വയ്ക്ക് ദ്രാവിഡ പൊളിറ്റിക്സില്‍ സ്ഥാനമില്ല എന്നാണ്. എന്നാല്‍ ഇപ്പോള്‍ തമിഴ്നാട്ടിന്റെ എറ്റവും വലിയ സാംസ്‌ക്കാരിക ചിഹ്നമെടുത്ത് ഒരു പുതിയ രാഷ്ട്രീയ കരുനീക്കം നടത്തുകയാണ് ബിജെപി.
കഴിഞ്ഞ ദിവസം, പ്രധാനമന്ത്രി നരേന്ദ്രമോദി, ചോള ചക്രവര്‍ത്തി രാജേന്ദ്ര ചോളന്റെ ജന്മവാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥിയായി തിരുച്ചിറപ്പള്ളിയിലെത്തിയത് ഇത്തരമൊരു നീക്കത്തതിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. അഭൂത പുര്‍വമായ ജനക്കൂട്ടമാണ് മോദിയെ കാണാനെത്തിയത്. ഞായറാഴ്ച നടന്ന ചടങ്ങില്‍ ചോള ഭരണാധികാരിയെ അനുസ്മരിക്കുന്ന ഒരു നാണയവും ചടങ്ങില്‍ മോദി പുറത്തിറക്കി. ആടി തിരുവിഴ ആഘോഷത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി മോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം പുതിയ രാഷ്ട്രീയ കരുനീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഞെട്ടിച്ച റോഡ് ഷോ
തിരുച്ചിറപ്പള്ളിയില്‍ ഒരു റോഡ് ഷോ നടത്തി പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു. ആയിരങ്ങളാണ് മോദിയെ കാണാന്‍ തടിച്ചുകൂടിയത്. മാലിദ്വീപ് സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുദിവസത്തെ തമിഴ്നാട് സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി മോദിയെ ട്രിച്ചി വിമാനത്താവളത്തില്‍ സ്വീകരിച്ചു. എഐഡിഎംകെയുമായി വീണ്ടും യോജിച്ചതിനുശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള രാജേന്ദ്ര ചോളന്റെ ഐതിഹാസിക സമുദ്ര പര്യവേഷണത്തിന്റെ 1,000 വര്‍ഷത്തെ അനുസ്മരണം, ചോള വാസ്തുവിദ്യയുടെ മഹത്തായ ഉദാഹരണമായ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ നിര്‍മ്മാണം എന്നിവയുടെ അനുസ്മരണം ചടങ്ങില്‍ നടന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ (1014-1044 സിഇ) ജനിച്ച രാജേന്ദ്ര ചോളന്‍ ഒന്നാമന്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ശക്തനും ദീര്‍ഘവീക്ഷണമുള്ളതുമായ ഭരണാധികാരികളില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ചോള സാമ്രാജ്യം തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം വ്യാപിച്ചിരുന്നു. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടത്തിയതും രാജേന്ദ്രചോളന്‍ ആയിരുന്നു.
തമിഴ്‌നാട്ടില്‍ 4900 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. തൂത്തുക്കുടി വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ആധുനിക ഇന്ത്യയുടെവികസനത്തിനുള്ള പൗരാണിക രൂപരേഖയായിരുന്നു ചോളസാമ്രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
'ഇന്ത്യാചരിത്രത്തിലെ സുവര്‍ണകാലങ്ങളിലൊന്നായിരുന്നു ചോളസാമ്രാജ്യകാലം. അതിന്റെ ചരിത്രത്തിലും പൈതൃകത്തിലും പ്രതിബിംബിക്കുന്നത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അന്തര്‍ലീനശക്തിയാണ്. രാജരാജ ചോളനും രാജേന്ദ്ര ചോളനും ഇന്ത്യയുടെ സ്വത്വത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളാണ്. ചോളസാമ്രാജ്യം രാജ്യത്തെ സംസ്‌കാരത്തിന്റെ നൂലിഴകൊണ്ടു ബന്ധിപ്പിച്ചു. നൂറ്റാണ്ടുകള്‍നീണ്ട ഈ ഐക്യത്തിന്റെ ബന്ധം ശക്തിപ്പെടുത്താനാണ് കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയ പരിപാടികളിലൂടെ നമ്മള്‍ ശ്രമിക്കുന്നത്''. -പ്രധാനമന്ത്രി പറഞ്ഞു.
ചോളസാമ്രാജ്യത്തിന്റെ നാവികസേനാബലത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മുടെ സായുധസേനകളുടെ കരുത്തു വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡതയ്ക്കുനേരേ ഉയരുന്ന ഏതുഭീഷണിയെയും അതിശക്തമായി നേരിടാനുള്ള ശേഷി നമുക്കുണ്ടെന്ന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ലോകത്തിന് ബോധ്യമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജരാജചോളന്റെയും രാജേന്ദ്ര ചോളന്റെയും കൂറ്റന്‍ പ്രതിമകള്‍ തമിഴ്‌നാട്ടില്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംഗീതജ്ഞന്‍ ഇളയരാജയുടെ തിരുവാസകം ആലാപനവും ഓതുവന്‍മാരുടെ മന്ത്രോച്ചാരണവും ചടങ്ങിനെ ഭക്തിസാന്ദ്രമാക്കി.
തമിഴകത്തിന്റെ സുവര്‍ണ്ണകാലഘട്ടം
ആയിരം വര്‍ങ്ങള്‍ക്ക് മുമ്പ് കാവേരി നദിക്ക് കുറകെ ഒരു ഡാം ഉണ്ടാക്കാന്‍ കഴിവുള്ളവര്‍ ഉണ്ടായിരുന്നു നമ്മുടെ നാട്ടില്‍ എന്ന് പറഞ്ഞാല്‍ ഇന്ന് എത്രപേര്‍ വിശ്വസിക്കും. സിമന്റും കമ്പിയും ഒന്നുമില്ലാത്ത അക്കാലത്ത്, സുര്‍ക്കിയും തദ്ദേശീയ വിഭവങ്ങളും കൊണ്ട്, പ്രാചീന ആര്‍ക്കിടെക്ചറില്‍ നിര്‍മ്മിച്ച ആ റിസര്‍വോയര്‍ ഇപ്പോഴും വര്‍ക്കിങ്ങ് കണ്ടീഷനില്‍ ആണ്. തിരിച്ചിറപ്പള്ളിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകെല കാവേരി നദിക്ക് കുറുകെ കല്ലണൈ എന്ന ഡാം ഒരു കാലത്തിന്റെ അഭിമാന നിര്‍മ്മിതി കൂടിയാണ്. അത്രയും മികച്ച സാങ്കേതിക വിദ്യ ഉള്ളവര്‍ ആയിരുന്നു ചോഴന്‍മാര്‍ എന്ന് തമിഴകം വിളിക്കുന്ന ചോള രാജക്കാന്‍മാര്‍. അല്‍പ്പ സ്വല്‍പ്പം പുതുക്കിപ്പണിയലും ബലം ഉറപ്പിക്കലിനും ശേഷം ഇന്നും ആ ഡാം നിലനില്‍ക്കുന്നു. പൗരാണിക ദക്ഷിണേന്ത്യയുടെ സാങ്കേതിക ശക്തി വിളിച്ചോതി!
ആ ഡാം പണിയാന്‍ നേതൃത്യം കൊടുത്ത രാജാവിന്റെ പേര് ഇന്ന് കേരളത്തിലെ സിനിമാ പ്രേമികള്‍ക്കും അറിയാം. ആദിത്യ കരികാലന്‍ ചോളന്‍. മണിരത്നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് വണ്‍ എന്ന പിഎസ്-1ല്‍ വിക്രം അനശ്വരനാക്കിയ യുദ്ധ വീരന്‍. പക്ഷേ പൊന്നിയന്‍ സെല്‍വന്‍ സിനിമ പറയുന്നതിലും എത്രയോ അപ്പുറത്താണ് ചോള രാജവംശത്തിന്റെ പ്രതാപത്തിന്റെ കഥ. ഇന്ത്യയില്‍ ഏറ്റവും കാലം നിലനിന്ന, ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഒരു രാജവംശത്തിന്റെ കഥയാണിത്. തഞ്ചാവൂരില്‍ നിന്ന് തുടങ്ങി മലബാര്‍ തീരവും, ഒഡീഷയും, ബംഗാളുമൊക്കെ കീഴ്പ്പെടുത്തിയ വീരന്‍മാര്‍. ലോകത്തിലെ ഏറ്റവും ശക്തമായ നാവിക സേനയുണ്ടായിരുന്ന രാജവംശം. ബംഗാള്‍ ഉള്‍ക്കെടലിനെ അവര്‍ ചോള തടാകം എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഗംഗാസമതലം കീഴടക്കിയതിന് ശേഷവും തീര്‍ന്നില്ല ചോളസാമ്രാജ്യത്തിന്റെ വികസനം. ലക്ഷദ്വീപ്, ശ്രീലങ്ക തൊട്ട് മലേഷ്യയും ഇന്തോനേഷ്യയും വരെ അവര്‍ കാല്‍ച്ചുവട്ടിലാക്കി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച രാജവംശങ്ങളില്‍ ഒന്നാണ് ചോഴ വംശം എന്ന തമിഴില്‍ അറിയപ്പെടുന്ന ചോള രാജവംശം. ബി സി മൂന്നാംനുറ്റാണ്ടുമുതല്‍ ഇവരെ കുറിച്ച് രേഖകള്‍ ഉണ്ട്. എങ്കിലും ചോളരുടെ പ്രതാപകാലം, 9ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ 13ാം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലമാണ്. ചെറിയ ക്ലാസുകളില്‍ ചോള ചരിത്രം പഠിക്കുന്നിടത്ത് നാം രണ്ട് ചോളന്‍മാരെ കേട്ടത് ഓര്‍മ്മയുണ്ടാവും. രാജരാജ ചോളനും രാജേന്ദ്രചോളനും. അരുള്‍മൊഴി വര്‍മ്മന്‍ എന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തി തന്നെയാണ് രാജരാജ ചോളന്‍ എന്ന ഇന്ത്യയിലെ ഏറ്റവും ശക്തനായ രാജാവായി മാറിയത്.
പൊന്നിയില്‍ സെല്‍വന്‍ അധികാരത്തില്‍ ഏറിയതോടെ രാജരാജ ചോളന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്.രാജ രാജചോളന്റെ ഭരണകാലത്ത് ചോള സാമ്രാജ്യം വളരെ പെട്ടന്ന് വികസിച്ചു. ദക്ഷിണ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി അത് മാറി. തമിഴ് കള്‍ച്ചറിന് വെളിയിലേക്ക് രാജരാജ ചോളന്‍ തന്റെ രാജ്യം വ്യാപിപ്പിച്ചു. കേരളത്തിന്റെ തീരം മലബാര്‍ കോസ്റ്റ്, കലിംഗനാട് എന്ന ഒഡീഷ, ലക്ഷദ്വീപ്, മാലിദ്വീപ്, ശ്രീലങ്ക, എന്നിവടങ്ങളെല്ലാം ചോളപ്പടയുടെ കാല്‍ക്കീളില്‍ ആയി.
പക്ഷേ ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ഭരണാധികാരി ഇനി വരാന്‍ ഇരിക്കുന്നയേയുള്ളൂ. അതാണ് നമ്മുടെ പൊന്നിയില്‍ സെല്‍വന്‍ എന്ന രാജരാജ ചോളന്റെ മകന്‍ രാജേന്ദ്ര ചോളന്‍ എന്ന ഗംഗൈ കൊണ്ട ചോളന്‍. ഗംഗാ സമതലം വെട്ടിപ്പിടിച്ചതുകൊണ്ടാണ് ആ പേര് വന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ നേവിയാക്കി രാജേന്ദ്ര ചോളന്‍ തന്റെ നാവിക സേനയെ മാറ്റി. ബംഗാള്‍ ഉള്‍ക്കടലിനെ അവര്‍ ചോള തടാകം എന്നാണ് വിളിച്ചിരുന്നത്. തങ്ങള്‍ക്ക് കപ്പം കൊടുക്കാതെ ഒരു കപ്പലും അതിലൂടെ കടത്തിവിട്ടില്ല. ബംഗാള്‍ കീഴടക്കിയതാണ് രാജേന്ദ്ര ചോളന്റെ പ്രധാന നേട്ടം. കരുത്തുറ്റ നേവി വഴി ബംഗാള്‍ ഉള്‍ക്കടലിലൂടെ കടന്ന്വന്ന് മ്യാന്‍മാര്‍, മലേഷ്യ, ഇന്തോനേഷ്യവരെ പിടിച്ചെടുത്തു. തഞ്ചാവൂരിന് അടുത്ത് 'ഗംഗൈ കൊണ്ട ചോളപുരം' എന്ന പ്രത്യേക തലസ്ഥാനം തീര്‍ത്തു.
ബിജെപിയുടെ ചോള നയതന്ത്രം
തമിഴകത്തിന്റെ സുവര്‍ണ്ണകാലഘട്ടം എന്നാണ് ചോളന്‍മാരുടെ ഭരണകാലം അറിയപ്പെടുന്നത്. ഇന്നും ശരാശരി തമിഴനെ സംബന്ധിച്ച് ചോളന്‍മാര്‍ ഒരു വികാരമാണ്. അതിലേക്കാണ് ബിജെപി ഇറങ്ങിക്കളിക്കുന്നത്. ഹിന്ദുത്വ മാറ്റിവെച്ച് പുര്‍ണമായും തദ്ദേശീയ പൊളിറ്റിക്സിലേക്ക് മാറാനാണ് അവര്‍ ശ്രമം നടത്തുന്നതെന്ന്, മോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ദ ഹിന്ദു അടക്കമുള്ള പത്രങ്ങള്‍ എഴുതിയിരുന്നു.
എന്നാല്‍ ചോളന്‍മാരെ ബിജെപിക്ക് ഏറ്റടുക്കാന്‍ കഴിയില്ലെന്നും അവര്‍ ഹിന്ദുക്കള്‍ പോലുമല്ലെന്നും വാദമുണ്ട്. നേരത്തെ പൊന്നിയന്‍ സെല്‍വന്‍ സിനിമ ഇറങ്ങിയ സമയത്തും ഈ വിവാദമുണ്ടായിരുന്നു. രാജ രാജ ചോളന്‍ ഹിന്ദുമത വിശ്വാസിയായിരുന്നില്ലെന്ന സംവിധായകന്‍ വെട്രിമാരന്റെ പ്രസ്താവനയോടെയാണ് അന്ന് വിവാദം കൊഴുത്തത്. നമ്മുടെ പ്രതീകങ്ങളെല്ലാം തുടര്‍ച്ചയായി തട്ടിപ്പറിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നാണ് ഒരു ചടങ്ങിനിടെ വെട്രിമാരന്‍ പറഞ്ഞത്. തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജ ചോളനെ ഹിന്ദു രാജാവായി വിശേഷിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സിനിമ ഒരു പൊതു മാധ്യമമായതിനാല്‍, ഒരാളുടെ പ്രാതിനിധ്യം സംരക്ഷിക്കാന്‍ രാഷ്ട്രീയം മനസ്സിലാക്കേണ്ടത് പ്രധാനമാണെന്നും വെട്രിമാരന്‍ പറഞ്ഞു.
വെട്രിമാരനെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റും,നടനുമായ കമല്‍ ഹാസന്‍ രംഗത്തെത്തിയിരുന്നു. ഹിന്ദു മതം എന്ന പ്രയോഗം രാജ രാജ ചോളന്റെ കാലഘട്ടത്തിലുണ്ടായിരുന്നില്ലെന്ന് കമല്‍ പറഞ്ഞു. വൈഷ്ണവം, ശൈവം, സമാനം എന്നിങ്ങനെയായിരുന്നു പറഞ്ഞിരുന്നത്. ബ്രിട്ടീഷുകാരാണ് ഹിന്ദു എന്ന പദം കൊണ്ടുവന്നത്. തൂത്തുക്കുടിയുടെ പേര് അവര്‍ എങ്ങനെ മാറ്റിയെന്നത് തന്നെ ഇതിനുള്ള ഉദാഹരണമാണെന്നും വെട്രിമാരനെ പിന്തുണച്ചുകൊണ്ട് കമല്‍ പറഞ്ഞു.
അതേസമയം, വെട്രിമാരന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് എച്ച്.രാജ് രംഗത്തെത്തി. രാജ രാജ ചോളന്‍ ഹിന്ദു രാജാവാണെന്ന് രാജ പറഞ്ഞിരുന്നു. ഇപ്പോള്‍ മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നും, സമാനമായ വാദങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പോര് മുറുകുകയാണ്.