കണ്ണൂർ: പെരുമഴക്കാലത്തും ഒരു നാടിനെ മുഴുവൻ ഭീതിയിലാക്കി കണ്ണൂരിലെ മലയോര ഗ്രാമങ്ങൾ ബ്ളാക്ക് മാൻ ഭീതി പടരുന്നു. തുടർച്ചയായി രാത്രികാലങ്ങളിൽ വീടുകളിലെത്തി കതകിലും ജനലിലും തട്ടി വിളിക്കുന്നതാണ് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നത്. തുടർച്ചയായി നാലാം ദിവസമാണ് കണ്ണൂരിലെ മലയോര മേഖലയായ പ്രാപ്പൊയിൽ ഭാഗത്ത് ബ്ളാക്ക്മാനെത്തിയത്. തോർത്തല്ലി കോടപ്പള്ളിയിലാണ് ആദ്യം രാത്രി സഞ്ചാരിയായ നഗ്നനായി മുഖം ധരിച്ചയാൾ തേടിയെത്തുന്നത്.

പിന്നീട് രയരോം, മൂന്നാംകുന്ന്, എയ്യൻകല്ല്, തിരുമേനി, കോക്കടവ്,. പ്രാപ്പൊയിൽ , മുളപ്ര, പാറോത്തുംനീർ, കന്നിക്കുളം, കോലുവള്ളി എന്നിവടങ്ങളിലെല്ലാം ബ്ളാക്ക് മാൻ വിഹരിക്കുകയാണ്. ഇവർ വീട്ടുകാർ ഉറങ്ങികിടക്കവെ വാതിലുകളിലും ജനലുകളിലും തട്ടി ശബ്ദമുണ്ടാക്കിയ ശേഷം കടന്നുകളയുകയാണ് ചെയ്യുന്നത്. പൊലിസ്സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മറ്റാരെയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നാലുദിവസങ്ങളിലായി ഇവിടെ തുടരുന്ന ബ്ളാക്ക് മാൻ ശല്യം ഒഴിവാക്കുന്നതിനായി പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിൽ ജാഗ്രതാസമിതി രൂപീകരിച്ചു രാത്രികാലങ്ങളിൽ പൊലിസിനൊപ്പം പരിശോധന നടത്തുകയും ചിലസ്ഥലങ്ങളിൽ ക്യാംപ് ചെയ്യുന്നുണ്ട്.

രാത്രികാലങ്ങളിൽ സംശയം തോന്നുന്ന വാഹനങ്ങൾ പൊലിസിന്റെ സഹായത്തോടെ പരിശോധിക്കുകയും ചെയ്യുന്നുണ്ട് ബ്ളാക്ക് മാനെ ഇതുവരെ ആരും നേരിട്ടുകാണുകയോ, സി.സി.ടി.വി ക്യാമറയിൽ പതിയുകയോ ചെയ്യാത്തത് പൊലിസിനെ കുഴയ്ക്കുന്നുണ്ട്. പ്രാപ്പൊയിലിലെ ഒരു വീടിന്റെ ഭാഗത്തു നിന്നും രണ്ടു ദിവസം മുൻപ് അടിവസ്ത്രം മാത്രമിട്ട ഒരു രൂപം ഓടി മറിയുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു. ബ്ളാക്ക്മാൻ ഒരാൾ മാത്രമല്ല ഒരു സംഘം തന്നെയാണെന്നാണ് വിലയിരുത്തൽ.

ഒരേസമയം പലയിടങ്ങളിൽ ബ്ളാക്ക് മാൻ പ്രത്യക്ഷപ്പെടുന്നത് വൻസംഘത്തിന്റെ പ്രവർത്തനമാണെന്നും പൊലിസ് സംശയിക്കുന്നുണ്ട്. മയക്കുമരുന്ന്,മദ്യക്കടത്തിനായി പൊലിസിന്റെ ശ്രദ്ധതിരിക്കുകയാണ് സംഘത്തിന്റെ ഗൂഡലക്ഷ്യമാണെന്നാണ് പൊലിസിന്റെ സംശയം. സോഷ്യൽമീഡിയയിലൂടെ ബ്ളാക്ക് മാനെതിരെയുള്ള വ്യാപക പ്രചരണം നടക്കുന്നത് പൊലിസിന് തിരിച്ചടിയായിട്ടുണ്ട്. സോഷ്യൽമീഡിയ ഗ്രൂപ്പുകളിൽ അനാവശ്യമായി ചിലർ ഭീതിപടർത്തുന്നതും ബ്ളാക്ക് മാനെ കുറിച്ചു വ്യാജവാർത്തകൾ ചമച്ചുവിടുന്നതു കാരണം മലയോരങ്ങളിലെ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സ്ത്രീകളും കുട്ടികളും രാത്രികാലങ്ങളിൽ പേടിക്കുകയാണ്.

ജനങ്ങളുടെ ഭീതിയകറ്റാനും മലയോര മേഖലയിൽ ഭീതി വിതയ്ക്കുന്ന ബ്ളാക്ക് മാനെ പിടികൂടുവാൻ ശക്തമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചില സ്ഥലങ്ങളിൽ വീടുകളുടെ പുറത്തെ ചുമരുകളിൽ കൈപ്പത്തി അടയാളം പതിക്കുന്നതും ബൾബൂരി കൊണ്ടു പോകുന്നതും പതിവാണ്. കമ്പി പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചു ജനാലകൾ കുത്തിതുറയ്ക്കുന്നതും പതിവായിട്ടുണ്ട്.