മൈസൂരു: കർണാടകയിലെ മൈസൂരു കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8:30-ഓടെയാണ് അപകടമുണ്ടായത്. മരിച്ചയാളെ ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ സലീം എന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹം ബലൂൺ കച്ചവടക്കാരനാണ്. ക്രിസ്മസ് അവധിയും കൊട്ടാരത്തിലെ പുഷ്പമേളയും പ്രമാണിച്ച് വൻ ജനത്തിരക്കുള്ള സമയത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

പരിക്കേറ്റവരെ ഉടൻതന്നെ മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രദേശം വളയുകയും തുടർന്ന് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) മൈസൂരു പാലസിന് മുന്നിൽ പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനായി പോലീസ്, ഫോറൻസിക്, എൻ.ഐ.എ. അന്വേഷണങ്ങൾ തുടരുകയാണ്.

സ്ഫോടനശബ്ദം കേട്ട് പരിഭ്രാന്തരായ ജനങ്ങൾ ചിതറി ഓടിയത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. സംഭവത്തെത്തുടർന്ന് കൊട്ടാരത്തിലെ സംഗീത പരിപാടി നിർത്തിവെക്കുകയും ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. മൈസൂരു പോലീസ് കമ്മീഷണർ സീമ ലാത്കർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. സ്ഫോടനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നും പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

പൊതുസ്ഥലങ്ങളിൽ ഇത്തരം ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഈ അപകടം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ ബലൂൺ കച്ചവടക്കാർ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം ഉയരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.