- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകണ്ഠൻ നായർ നീതി പാലിക്കണമെന്ന് ആവശ്യപ്പെട്ട് പരിവാർ സംഘടനയുടെ വമ്പൻ പ്രതിഷേധം; മനോരമ ജംഗ്ഷനിൽ നിന്ന് തുടങ്ങിയ മാർച്ചിനെ കടവന്ത്രയിൽ ബാരിക്കേഡുയർത്തി തടഞ്ഞ് പൊലീസ്; 24 ന്യൂസിന്റെ കോർപ്പറേറ്റ് ഓഫീസിലേക്ക് മാർച്ച് ചെയ്ത് ബിഎംഎസ്; സുജയാ പാർവ്വതിക്ക് നീതി നിഷേധിച്ചുവോ?
കൊച്ചി: ബിഎംഎസിന്റെ വേദിയിൽ വനിതാ ദിനത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിഎംഎസ് മാർച്ച്. കടവന്ത്രയിലെ ചാനലിന്റെ മുഖ്യ ഓഫീസിലേക്കാണ് മാർച്ച്. ചാനൽ ഓഫീസിന് അമ്പത് മീറ്റർ അകലെ ബാരിക്കേഡ് കെട്ടി പൊലീസ് മാർച്ച് തടഞ്ഞു.
സുജയയ്ക്ക് സോഷ്യൽ മീഡിയയിലും വലിയ പിന്തുണയാണ് സംഘപരിവാർ അണികളും ബിജെപി അനുഭാവികളും നൽകിയത്. സംഘ പരിവാർ വിരുദ്ധനായി ഒരാൾക്ക് 24 ന്യൂസിൽ ജോലി ചെയ്യാമെങ്കിൽ അനുകൂലിയായ ഒരാൾക്ക് അഥവാ എതിരല്ലാത്ത ഒരാൾക്ക് ആ അവകാശം നിഷേധിക്കുമ്പോൾ അതിനെ എങ്ങനെ നിഷ്പക്ഷമെന്ന് പറയാനാവും എന്നാണ് ചോദ്യം. ബിഎംഎസ് എന്നത് തൊഴിലാളി സംഘടനയാണ്. തൊഴിലാളി സംഘടനയുടെ യോഗത്തിൽ പലരും പങ്കെടുക്കാറുണ്ട്. അതിന്റെ പേരിൽ എങ്ങനെ സുജയയെ പുറത്താക്കിയെന്നാണ് ഉയർത്തുന്ന ചോദ്യം. സുജയയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതിനെ തുടർന്നാണ് ബിഎംഎസ് പ്രതിഷേധം. നൂറുകണക്കിന് പേരെ അണിനരത്തിയാണ് മനോരമ ജംഗ്ഷനിൽ നിന്നും ബിഎംഎസ് മാർച്ച് തുടങ്ങിയത്.
സമാധാനപരമായാണ് മാർച്ച് സംഘടിപ്പിച്ചത്. ശ്രീകണ്ഠൻനായർ നീതി പാലിക്കുകയെന്നതായിരുന്നു മുദ്രാവാക്യം. ചാനലിന്റെ കടവന്ത്ര കോർപ്പറേറ്റ് ഓഫീസിലേക്ക് നടന്ന മാർ്ച്ച് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്തൻ ഉദ്ഘാടനം ചെയ്തു. സുജയ പാർവ്വതിക്ക് ഐക്യദാർഡ്യം എന്ന ബാനറുമായിട്ടായിരുന്നു പ്രതിഷേധം. നേരത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും ബിഎംഎസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഒരു മാധ്യമ സ്ഥാപനത്തിലേക്ക് കേരളത്തിൽ ആദ്യമായാണ് ഒരു സംഘടന വിപുലമായ മാർച്ച നടത്തുന്നത്. അതിനിടെയിലും സുജയ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല. സസ്‌പെന്റ് ചെയ്ത 24 ന്യൂസിന്റെ അടുത്ത നടപടി എന്തെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് മാധ്യമ പ്രവർത്തക.
സുജയ പാർവ്വതിക്ക് സസ്‌പെൻഷൻ ഉത്തരവ് ഇമെയിലിലാണ് കിട്ടിയത്. 24 ന്യൂസിലെ അസോസിയേറ്റ് ന്യൂസ് എഡിറ്ററായ സുജയ പാർവ്വതി സംഘപരിവാർ അനുകൂല പ്രസംഗം നടത്തിയത് ചാനലിനുള്ളിൽ വലിയ വിവാദമായി എന്നാണ് സൂചന. എന്നാൽ മറ്റൊരു വിഷയം പറഞ്ഞാണ് സസ്‌പെൻഷൻ. ബിഎംഎസിനെ വേദിയിൽ പങ്കെടുത്തു എന്ന് മാത്രമല്ല, സംഘപരിവാറിനെയും മോദിയെയും പുകഴ്‌ത്തുകയും ചെയ്തതാണ് സുജയ പാർവതിയുടെ മേൽ ചാർത്തിയിരിക്കുന്ന കുറ്റമെന്ന തരത്തിൽ പരിവാർ അനുകൂലികൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സുജയ്യയ്ക്ക് അനുകൂല പോസ്റ്റുകളാണ് അവർ ഇടുന്നത്. ദേശീയതയെ അനുകൂലിച്ച് സംസാരിച്ചതാണ് സുജയ്യയ്ക്ക് തിരിച്ചടിയായതെന്നാണ് അവരുടെ പ്രചരണം.
അതിനിടെ ട്വന്റി ഫോർ ന്യൂസിന്റെ ന്യൂസ് എഡിറ്റർ സുജയ പാർവതിയെ ചാനലിൽനിന്ന് സസ്പെൻഡ് ചെയ്തു എന്ന വാർത്ത ദേശാഭിമാനിയും നൽകിയിട്ടുണ്ട്. വ്യാജ പീഡന പരാതി നൽകിയതിനാണ് നടപടിയെന്നാണ് സൂചന. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദിനെതിരെ പീഡന പരാതി നൽകിയതിന്മേൽ സ്ഥാപനം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമെന്ന് കണ്ടെത്തുകയും സുജയക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നുവെന്നാണ് ദേശാഭിമാനി പറയുന്നത്.
അർ എസ് എസിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്ത് താൻ സംഘിയെന്ന് പ്രഖ്യാപിച്ചിരുന്നു. ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നും ഇവർ തട്ടിവിട്ടു. ഏത് കോർപറേറ്റ് സംവിധാനത്തിന് കീഴിൽ ജോലി ചെയ്യേണ്ടി വന്നാലും തന്റെ നയവും നിലപാടും അത് തന്നെയായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുജയ്യയെ പുറത്താക്കിയതെന്നാണ് പരിവാർ സംഘടനയായ ബിഎംഎസ് ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ശ്രീകണ്ഠൻ നായരുടെ കോലവും കത്തിച്ചിരുന്നു.
സുജയ പാർവ്വതിയുടെ വിവാദപ്രസംഗം
മോദിയുടെ ഒമ്പതുവർഷക്കാലത്തെ ഭരണം ഇന്ത്യയിൽ വലിയ സ്വാതന്ത്ര്യം കൊണ്ടുവന്നുവെന്ന് സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.'ഇക്കഴിഞ്ഞ ഒമ്പത് വർഷം നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ഒന്ന് തിരിഞ്ഞുനോക്കിയാൽ മതി.'- നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്‌ത്തി സുജയ പാർവ്വതി പറഞ്ഞു.
സിഐടിയു പോലെയും എഐടിയുസി പോലെയും ആദരിക്കപ്പെടേണ്ട സംഘടനയാണ് ബിഎംഎസ് എന്നും ഒരു പക്ഷെ അതിനേക്കാൾ ബഹുമാനിക്കപ്പെടേണ്ട സംഘടനയാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു. ഒരു ജേണലിസ്റ്റ് സാധാരണ ബിഎംഎസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുത്താൽ സംഘിയാണോ എന്ന ചോദ്യം ഉയരുമെന്നും സംഘി എന്ന് വിളിക്കുന്നതിൽ തനിക്ക് അഭിമാനമാണെന്നും സുജയ പാർവ്വതി പ്രസംഗിച്ചിരുന്നു.
ഇടത് സർക്കാരിനെതിരെ ചെറിയ തോതിൽ വിമർശനവും പ്രസംഗത്തൽ ഉയർത്തിയിരുന്നു. സ്ത്രീകൾ കേരളത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സ്ത്രീപീഡനക്കേസുകൾ കേരളത്തിൽ വർദ്ധിക്കുന്നതിനെ ക്കുറിച്ചും സുജയ സംസാരിച്ചിരുന്നതായി അറിയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.