താനൂർ: താനൂർ അപകടത്തിൽ പെട്ട ബോട്ട് ഓടിച്ചിരുന്നത് ആരെന്നത് ആർക്കും അറിയില്ല. ബോട്ടിലെ ഡ്രൈവർക്ക് എ്ന്തു സംഭവിച്ചുവെന്നതും അജ്ഞാതം. ബോട്ടിലെ യാത്രക്കാർക്ക് ആരാണ് ടിക്കറ്റ് നൽകിയതെന്നും കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല. അതിനിടെ ഉടമ നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ബോട്ടുടമ അപകടത്തിൽപെട്ടവരുടെ ലിസ്റ്റും കൈമാറിയിട്ടില്ല. ബോട്ടുടമയെ കണ്ടെത്തിയാൽ മാത്രമേ ഡ്രൈവറെ തിരിച്ചറിയാൻ കഴിയൂ. ലൈസൻസുള്ള ഡ്രൈവറാണോ ബോട്ട് ഓടിച്ചതെന്നും ആർക്കും ഉറപ്പില്ല. അങ്ങനെ സർവ്വത്ര ദുരൂഹതയാണ് തൂവൽതീരത്തെ ബോട്ടപകടം ഉണ്ടാക്കുന്നത്. ആർക്കും എങ്ങനെ വേണമെങ്കിലും എന്തും ചെയ്യാമെന്ന അവസ്ഥ.

മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. . രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും.

തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ലൈസൻസ് അടക്കമുള്ള കാര്യങ്ങളിലേക്ക് പൊലീസ് അന്വേഷണം നടത്തും. ഇതെല്ലാം എങ്ങനെയാണ് സംഘടിപ്പിച്ചതെന്ന ചോദ്യം സജീവമായി ഉയരുന്നുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമ്മാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയത്.

ഈ ബോട്ടിനെ പറ്റി ചില പരാതികളുണ്ടായിരുന്നു. ഇത് അനുസരിച്ച് താനൂർ പൊലീസ് ബോട്ടുടമയെ താക്കീത് ചെയ്തിരുന്നു. എന്നാൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള നാസറിന് അതൊന്നും പ്രശ്‌നമായില്ല. പൊലീസിന്റെ വിലക്ക് രണ്ടു ദിവസമായി ചുരുങ്ങി. പഴയതു പോലെ ബോട്ട് സർവ്വീസിനെത്തുകയും ചെയ്തു. പൊലീസിന് കിട്ടിയ പരാതിയിൽ ഗൗരവമായ ഇടപെടലുണ്ടായിരുന്നുവെങ്കിൽ താനൂരിലെ ദുരന്തം ഒഴിവാകുമായിരുന്നു.

ഒട്ടുംപുറം തൂവൽതീരത്ത് ഞായറാഴ്ച രാത്രി 7നും 7.40നും ഇടയിൽ, വിനോദ സഞ്ചാരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിഞ്ഞു. ദുരന്തത്തിൽ മരണം 22 ആയി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുരന്തരത്തിൽ ദുഃഖം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണമാണ്.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.