- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75 പേരെ കയറ്റേണ്ട ബോട്ടിൽ 97 പേരെ കയറ്റിയപ്പോൾ തേക്കടി ദുരന്തം; കുമരകത്തും ജീവനെടുത്തത് ബോട്ടിലെ ആൾക്കൂട്ടം; ലാഭക്കൊതിയിൽ താനൂരിലും സർവ്വീസുകൾ നടന്നപ്പോൾ കമ്മീഷൻ റിപ്പോർട്ടുകളെല്ലാം അവഗണിക്കപ്പെട്ടു; ജ്യൂഡീഷ്യൽ കമ്മീഷനുകൾ കൊണ്ട് സമൂഹത്തിന് ഒരു ഗുണവുമില്ല; തൂവൽതീരത്തും കണ്ണിൽ പൊടിയിടാൻ കമ്മീഷൻ!
താനൂർ; വീണ്ടുമൊരു ജ്യൂഡീഷ്യൽ കമ്മീഷൻ. വിരമിച്ചൊരു ജഡ്ജിക്ക് ആറു മാസം നല്ലകാലം. എത്ര കഷ്ടപ്പെട്ട് സത്യസന്ധമായി കാര്യ കാരണ സഹിതം റിപ്പോർട്ട് കൊടുത്താലും ഒന്നും സംഭവിക്കില്ല. ഇതാണ് ബോട്ട് ദുരന്തം അന്വേഷിച്ച ജ്യൂഡിഷ്യൽ കമ്മീഷനുകലുടെ കേരളത്തിലെ മുൻകാല ചരിത്രം. ഇതെല്ലാം അറിയാമായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടുമൊരു ജ്യൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണ്. അന്വേഷണമല്ല മറിച്ച് തേക്കടിയിലേയും കുമരകത്തേയും തട്ടേക്കാട്ടിലേയും അന്വേഷണ നിഗമനങ്ങളും ശുപാർശകളും മനസ്സിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടത്.
ഒരു നൂറ്റാണ്ടിനിടക്ക് സംസ്ഥാനത്തുണ്ടായ 20 ഓളം ജലദുരന്തങ്ങളിലായി ഇതുവരെ 240 പേരാണ് മരിച്ചത്. പരിധിയിൽ കൂടുതൽ ആളുകൾ കയറുന്നതാണ് സംസ്ഥാനത്തുണ്ടായ മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. സുരക്ഷാ ക്രമീകരണങ്ങളുടെ കുറവ് ദുരന്ത വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പല്ലനയാറ്റിൽ കുമാരനാശാന്റെ ജീവനെടുത്ത ബോട്ടപകടം മുതൽ കേരളത്തെ നടുക്കിയ അപകടങ്ങളുടെ പട്ടികയിലാണ് താനൂരും ഇടം പിടിച്ചിരിക്കുന്നത്. 1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടത്തിൽ കുമാരനാശാൻ അടക്കം 24 പേരാണ് മരിച്ചത്. 95 പേർക്ക് മാത്രം കയറാവുന്ന ബോട്ടിൽ 145 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
അതിനു ശേഷം നിരവധി ബോട്ടപകടങ്ങൾ. കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം 16 അപകടങ്ങളുണ്ടായി. കടലിൽ പോയ മത്സ്യബന്ധനത്തൊഴിലാളികൾ ഉൾപ്പെടെ കായലിലും കടലിലും ബോട്ട് മറിഞ്ഞ് മരിച്ചതുൾപ്പെടെയാണിത്. ഓരോ ദുരന്തം കഴിയുമ്പോഴും അന്വേഷണ കമീഷനുകളെ നിയമിക്കുയാണ് പതിവ്. കമീഷൻ ചില നിർദേശങ്ങൾ നൽകുമെങ്കിലും പലതും പ്രവർത്തികമാകാറില്ല.
ബോട്ടു ദുരന്തവുമായി ബന്ധപ്പെട്ട് ഒരു ഡസനിലധികം അന്വേഷണ കമീഷൻ റിപ്പോർട്ടുകൾ സർക്കാറിന് കിട്ടിയിട്ടുണ്ട് സ്വകാര്യ ടൂറിസം സംവിധാനമായ ഉല്ലാസബോട്ടുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതിനിടെയാണ് താനൂരിലെ ബോട്ട് ദുരന്തം. നിയന്ത്രണങ്ങളൊന്നുമില്ലാതെയാണ് പലയിടത്തും ഉല്ലാസനൗകകൾ പെരുകുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബോട്ട് ദുരന്തം 2009ലെ തേക്കടി തടാകത്തിലെ ഡബിൾഡക്കർ ബോട്ടപകടമായിരുന്നു. 45 പേർക്കായിരുന്നു ജീവൻ നഷ്ടമായത്. സമാന അനാസ്ഥയാണ് താനൂരിലും ഉണ്ടായിരിക്കുന്നത്.
തേക്കടിയിലെ ദുരന്തം അന്വേഷിക്കാൻ ആദ്യം നിയോഗിച്ചത് ചീഫ് ബോട്ട് ഇൻസ്‌പെക്ടറെയും കെ.ടി.ഡി.സിയുടെ എം.ഡിയെയുമായിരുന്നു. കെ.ടി.ഡി.സിയുടേതായിരുന്നു ബോട്ട്. യഥാർഥ പ്രതികളെ തന്നെ അപകടകാരണം കണ്ടെത്താൻ നിയോഗിച്ച വിചിത്ര സംഭവമായിരുന്നു അത്. 2002ൽ കുമരകത്തുണ്ടായ ബോട്ടപകടത്തിൽ 29 പേർ മരിച്ചിരുന്നു. 25 വർഷത്തിന് മുമ്പ് നടത്തിയ ഫിറ്റ്‌നസ് പരിശോധനയുടെ ബലത്തിൽ സർവിസ് നടത്തിയ ബോട്ടായിരുന്നു.
കുമരകം ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷൻ കണ്ടെത്തിയ കാരണം ബോട്ട് മൺതിട്ടയിൽ ഇടിച്ചതാണെന്നായിരുന്നു. കുമരകം, തട്ടേക്കാട്, തേക്കടി ദുരന്തങ്ങളെ തുടർന്ന് അന്വേഷണ കമ്മീഷനുകളെത്തി. എന്നാൽ ആ ജ്യൂഡീഷ്യൽ കമ്മീഷനുകളുടെ ശുപാർശ ആരും നടപ്പാക്കിയില്ല. ഇതിന്റെ ബാക്കി പത്രമാണ് താനൂരിലെ അപകടവും.
റിപ്പോർട്ടുകൾ അവഗണിക്കുമ്പോൾ
ജല അപകടങ്ങൾ ഉണ്ടാകുമ്പോൾ നിയമിക്കപ്പെടുന്ന അന്വേഷണ കമ്മിഷനുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ അവഗണിക്കുന്നതാണ് പുതിയ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കാൻ പലപ്പോഴും കാരണമാകുന്നത്. എറണാകുളം ജില്ലയിലെ കണ്ണമാലിയിൽ 1980ൽ ഉണ്ടായ അപകടം മുതൽ 2009ലെ തേക്കടി ദുരന്തം വരെ വിവിധ കമ്മിഷനുകൾ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പൂർണമായി നടപ്പിലാക്കിയിട്ടില്ല. അതിന്റെ ബാക്കി പത്രമാണ് താനൂരിലെ ദുരന്തവും. താനൂർ കെട്ടുങ്ങൽ തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങുമ്പോഴും ആ ബോട്ടും എല്ലാ ചട്ടവും ലംഘിച്ചിരുന്നു. രാത്രിയിൽ സർവ്വീസ് പാടില്ലെന്നത് പോലും നടപ്പാക്കാനുള്ള സംവിധാനം കേരളത്തിൽ ഇല്ല.
സുരക്ഷാ വീഴ്ചയാണ് കേരളത്തിലെ ബോട്ട് അപകടങ്ങൾക്കെല്ലാം കാരണം. അപകടത്തിൽപ്പെട്ടതിൽ ഭൂരിഭാഗവും കാലപ്പഴക്കം ചെന്ന ബോട്ടുകളുമായിരുന്നു. കുമരകം ദുരന്തമുണ്ടാക്കിയ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ലൈഫ് ജാക്കറ്റുകളോ ബോയകളോ അഗ്നിശമന സാമഗ്രികളോ ഉണ്ടായിരുന്നെങ്കിൽ ഇത്രയേറെ പേർ ബോട്ട് അപകടങ്ങളിൽ മരിക്കില്ലായിരുന്നു. ബോട്ടിന് താങ്ങാവുന്നതിലപ്പുറം യാത്രക്കാർ കയറിയതും ദുരന്തങ്ങൾക്ക് കാരണമായി.
കേരളത്തിൽ നടന്ന മൂന്ന് ബോട്ടപകടങ്ങളെ പ്പറ്റി ജുഡീഷ്യൽ അന്വേഷണം നടന്നിരുന്നു. കുമരകം ബോട്ട് ദുരന്തം ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷനും തേക്കടി ദുരന്തം ജസ്റ്റിസ് ഇ മൈതീൻ കുഞ്ഞ് കമ്മിഷനും തട്ടേക്കാട് ദുരന്തം പരീതുപിള്ള കമ്മിഷനും അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ആ റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ കാണിച്ച അനാസ്ഥയാണ് വീണ്ടും ജലദുരന്തങ്ങളിലേയ്ക്ക് നാടിനെ തള്ളിവിടാൻ കാരണം.
ബോട്ടുകളുടെ സുരക്ഷ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ സംവിധാനം ഉണ്ടാകണമെന്നും യാത്രക്കാർക്ക് ലൈഫ് ജാക്കറ്റ് നിർബന്ധമാക്കണമെന്നും അധികം യാത്രക്കാരെ കയറ്റുന്ന ബോട്ടുകൾക്കെതിരെ നടപടി വേണമെന്നുമുള്ള ശിപാർശകൾ ഇപ്പോൾ ഫയലിൽ ഉറങ്ങുകയാണ്. തേക്കടി ബോട്ട് ദുരന്തം ഉണ്ടായപ്പോൾ സംസ്ഥാന മാരിടൈം ബോർഡ് രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ഇ മൈതീൻകുഞ്ഞ് 232 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും എല്ലാ കാര്യങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരാനുമാണ് സംസ്ഥാന മാരിടൈം ബോർഡ് രൂപവത്കരിക്കണമെന്ന് ശിപാർശ ചെയ്തത്. പകഷേ അത് ഇനിയും നടന്നിട്ടില്ല.
കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് കമ്മിഷൻ സർക്കാരിനു 2003 ഏപ്രിലിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ പ്രധാന ശുപാർശളും തട്ടേക്കാട് ബോട്ടപടകത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എം എം പരീത് പിള്ള കമ്മിഷന്റെ നിർദേശങ്ങളും പൂർണമായി നടപ്പാക്കാനായിട്ടില്ല. ബോട്ടുകളുടെ, പ്രത്യേകിച്ച് കാലപ്പഴക്കം ചെന്നവയുടെ അറ്റകുറ്റപ്പണികൾ യഥാസമയം നിർവഹിക്കുന്നെന്ന് ഉറപ്പാക്കണമെന്നായിരുന്നു നാരായണക്കുറുപ്പ് കമ്മിഷന്റെ ഒരു ശുപാർശ. എന്നാൽ, ഇതിനു മതിയായ സംവിധാനമില്ല. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി കഴിഞ്ഞാൽ പരിശോധനയില്ല. ബോട്ടുകളുടെ ഫിറ്റ്‌നസും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധന വ്യാപകമാക്കണമെന്ന നിർദേശവും നടപ്പിലായില്ല.
ബോട്ടുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കരുതെന്നും അറ്റകുറ്റപ്പണികൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു പരീത്പിള്ള കമ്മീഷന്റെ ശുപാർശ. ഇവയിൽ ഒന്നുപോലും നടപ്പായില്ല. കാലപ്പഴക്കം ചെന്ന ബോട്ടുകളുടെ യാത്രാനുമതി റദ്ദാക്കണമെന്നായിരുന്നു മറ്റൊരു ശുപാർശ. എന്നാൽ, സർവ്വീസ് നടത്തുന്ന ബോട്ടുകളിൽ അധികവും കാലപ്പഴക്കം ചെന്ന ഫിറ്റ്‌നസ് ഇല്ലാത്ത ബോട്ടുകളാണ്. അടിയന്തര സാഹചര്യങ്ങളിൽ രക്ഷപ്പെടാൻ സഹായകമായ ലൈഫ് ജാക്കറ്റുകളും ഈ ബോട്ടുകളിൽ ഇല്ല.
തേക്കടി അപകടം
2009 സെപ്റ്റംബർ 30നാണ് തേക്കടിയിൽ കെടിഡിസിയുടെ ജലകന്യക ബോട്ട് മറിഞ്ഞ് 45 പേർ മരിച്ചത്. സർവ്വീസ് ആരംഭിച്ച് 45ാം ദിവസമായിരുന്നു അപകടം. അമിതഭാരമാണ് അപകടത്തിനു കാരണമായത്. 75 പേരെ കയറ്റേണ്ട ബോട്ടിൽ 97 പേരെ കയറ്റി. കൂടുതൽ പേരും മുകളിലത്തെ ഡെക്കിലായിരുന്നു. ആർക്കും ലൈഫ് ജാക്കറ്റ് നൽകിയിരുന്നുമില്ല. ടൂറിസം വകുപ്പിലെയും കെടിഡിസിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണു ബോട്ട് ദുരന്തം ഉണ്ടായതെന്ന് ഇതേക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ഇ. മൈതീൻകുഞ്ഞ് കമ്മിഷൻ കണ്ടെത്തിയിരുന്നു. അമിതമായി ആളെ കയറ്റി പെട്ടെന്നു വെട്ടിത്തിരിച്ചപ്പോഴാണ് 180 ഡിഗ്രിയിൽ ബോട്ട് മറിഞ്ഞത്. ഭാവിയിൽ ഇത്തരം ദുരന്തം ആവർത്തിക്കാതിരിക്കാൻ സംസ്ഥാന മാരിടൈം ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തു.
കുമരകം ബോട്ടപകടം
2002 ജൂലൈ 27 നാണ് കുമരകം ബോട്ടപകടം നടന്നത്. മുഹമ്മയിൽ നിന്നു പുലർച്ചെ 5.45ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്ക് പോയ ജലഗാഗതവകുപ്പിന്റെ എ 53-ാം നമ്പർ ബോട്ടാണ് മുങ്ങിയത്. കുമകരം ജെട്ടിയിൽ എത്തുന്നതിന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു അപകടം. മരിച്ചവരിൽ 15 പേർ സ്ത്രീകളായിരുന്നു. എണ്ണത്തിൽ കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടകാരണമെന്നാണ് കണ്ടെത്തിയത്. ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നാരായണക്കുറുപ്പ് കമ്മീഷനെ നിയോഗിച്ചു. ലൈഫ് ജാക്കറ്റുകൾ ഉഫയോഗിക്കണമെന്ന നിർദേശവും പൂർണമായും നടപ്പിലായില്ല.
തട്ടേക്കാട് ബോട്ട് അപകടം
ഭൂതത്താൻ അണക്കെട്ടിന് സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 30ന് ബോട്ട് മുങ്ങി 18 പേർ മരിച്ചു. അങ്കമാലിയിലെ ഒരു സ്‌കൂളിൽ നിന്നും വിനോദ യാത്രയ്ക്ക്‌പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 15 വിദ്യാർത്ഥികളും അദ്ധ്യാപകരും അപടകത്തിൽ മരിച്ചു. യാത്രാബോട്ടിന്റെ അടിഭാഗം ഇളകിയതാണ് അപകടകാരണമായി കണ്ടെത്തിയത്. അധികം യാത്രക്കാരെ കയറ്റിയതും അപകടത്തിന് കാരണമായി.
മറുനാടന് മലയാളി ബ്യൂറോ