കോഴിക്കോട്: കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നുവെന്ന പ്രവചനവുമായി ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം തലവനും ബ്ലോഗറുമായ മുരളി തുമ്മാരുകുടി മലയാളിയോട് ചിലത് പറഞ്ഞത് ഏപ്രിൽ ഒന്നിനായിരുന്നു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം അപകടസാധ്യതാ മുന്നറിയിപ്പ് നൽകിയത്. കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട് എന്നും എന്നാൽ ഒരിക്കൽ പോലും ഹൗസ്ബോട്ടിൽ ചെല്ലുമ്പോൾ ഒരു സേഫ്റ്റി ബ്രീഫിങ്ങ് ലഭിക്കാറില്ലന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. താനൂരിലെ ദുരന്തം ഹൗസ് ബോട്ടിൽ അല്ല. അതും ടൂറിസത്തിനായുള്ള ബോട്ടാണ്. അതുകൊണ്ട് തന്നെ ഈ ദുരന്തത്തിലും മുരളി തുമ്മാരുകുടി പറഞ്ഞത് എല്ലാം പ്രസക്തമാണ്. എല്ലാ ചട്ടങ്ങളും ലംഘിച്ചു. അതു തന്നെയാണ് താനൂരിലും ദുരന്തമാകുന്നത്.

'ഹൗസ്‌ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ ? ഒരു വിമാനത്തിൽ കയറുമ്പോൾ അല്ലെങ്കിൽ ക്രൂസ് ഷിപ്പിൽ കയറുമ്പോൾ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ്ങ് പോലെ ഒന്ന് എന്തുകൊണ്ടാണ് നമുക്ക് ഹൗസ്ബോട്ടിൽ ഇല്ലാത്തത്? നൂറിൽ ഏറെ ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ആലപ്പുഴയിൽ കണ്ടു, ഒരു അപകടം ഉണ്ടായാൽ എത്ര പേർ ബാക്കി ഉണ്ടാകും??'-ഇതായിരുന്നു മുരളി തുമ്മാരുകുടി ഉയർത്തിയ ചോദ്യം. ജലസുരക്ഷാ കാമ്പയിനിൽ സജീവമായിരുന്നു കുറച്ചു ദിവസമായി മുരളി തുമ്മാരുകുടി. ഇതിന് വേണ്ടി പലതും കുറിച്ചു. ഇന്ന് അൽപം മുമ്പും ഒരു പോസ്റ്റുണ്ടായിരുന്നു. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകൾ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാൻ ശ്രമിക്കരുത്-ഇതായിരുന്നു തുമ്മാരുകുടിയുടെ ഇന്നത്തെ പോസ്റ്റ്. നേരം ഇരുട്ടിയ ശേഷമുള്ള ബോട്ട് സർവ്വീസാണ് താനൂരിൽ അപകടമുണ്ടാക്കിയത്.

ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട്. കോഴിക്കോട് മുതൽ കൊല്ലം വരെ ഉള്ള നദികളിലും കായലുകളിലും ഇപ്പോൾ ഹൗസ് ബോട്ടുകൾ ഉണ്ട്. കേരളത്തിൽ എത്ര ഹൗസ്ബോട്ടുകൾ ഉണ്ട് ? ആ?? ആർക്കും ഒരു കണക്കുമില്ല. ഒരു ടാക്‌സി വിളിക്കാൻ പോലും ഉബറും ഓലയും ഉള്ള നാട്ടിൽ കേരളത്തിലെ ഹൗസ്ബോട്ട് സംവിധാനങ്ങളെ ഒക്കെ കൂട്ടിയിണക്കി എന്തുകൊണ്ടാണ് ഒരു ബുക്കിങ്ങ് സംവിധാനം ഇല്ലാത്തത് ?-ഇതായിരുന്നു ഏപ്രിൽ 1ന് മുരളി തുമ്മാരുകുടി ഉയർത്തിയ ചോദ്യം.

ഏപ്രിൽ ഒന്നിന് മുരളി തുമ്മാരുകുടി ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ

എന്നാണ് വലിയ ഹൗസ് ബോട്ട് അപകടം ഉണ്ടാകാൻ പോകുന്നത് ?

പ്രളയം ആയാലും മുങ്ങിമരണം ആണെങ്കിലും മുൻകൂർ പ്രവചിക്കുക എന്നതാണല്ലോ എന്റെ രീതി

അപ്പോൾ ഒരു പ്രവചനം നടത്താം

കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തുന്നത് ?

ഞാൻ ഒരു കാര്യം മുൻകൂട്ടി പറയുമ്പോൾ അതൊരു ജ്യോതിഷ പ്രവചനമോ ഊഹമോ അല്ല.

ആ രംഗത്തെ അപകട സാധ്യത അവലോകനം ചെയ്യുന്നു, മുൻകരുതലുകൾ ശ്രദ്ധിക്കുന്നു, ചെറിയ അപകടങ്ങളുടെ ട്രെൻഡ് നിരീക്ഷിക്കുന്നു. സ്ഥിരമായി മദ്യപിച്ച് ബൈക്ക് ഓടിക്കുന്ന പയ്യൻ റോഡപകടത്തിൽ പെടും എന്ന് പ്രവചിക്കാൻ ജ്യോത്സ്യം വേണ്ട.

ഒരു ഉദാഹരണം പറയാം

ഒരു മാസത്തിൽ അഞ്ചു ആരോഗ്യ പ്രവർത്തകരാനാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്. ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല.

അത് ഭാഗ്യം മാത്രമാണ്

അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്

ഇപ്പോൾ 'ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്' എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും. സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.

ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം

എന്നാൽ ഒന്നിൽ കൂടുതൽ ആളുകളുടെ ജീവൻ പോകാൻ പോകുന്ന ഒരപകട സാധ്യതയെപ്പറ്റി ഇന്ന് പറയാം

അത് നമ്മുടെ ഹൗസ് ബോട്ട് ടൂറിസം രംഗത്തെ പറ്റിയാണ്

ഇന്നിപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസം പ്രോഡക്ട് ആണ് ഹൗസ് ബോട്ട്

കോഴിക്കോട് മുതൽ കൊല്ലം വരെ ഉള്ള നദികളിലും കായലുകളിലും ഇപ്പോൾ ഹൗസ് ബോട്ടുകൾ ഉണ്ട്

കേരളത്തിൽ എത്ര ഹൗസ്ബോട്ടുകൾ ഉണ്ട് ?

ആ??

ആർക്കും ഒരു കണക്കുമില്ല

ഒരു ടാക്‌സി വിളിക്കാൻ പോലും ഉബറും ഓലയും ഉള്ള നാട്ടിൽ കേരളത്തിലെ ഹൗസ്ബോട്ട് സംവിധാനങ്ങളെ ഒക്കെ കൂട്ടിയിണക്കി എന്തുകൊണ്ടാണ് ഒരു ബുക്കിങ്ങ് സംവിധാനം ഇല്ലാത്തത് ?

പണ്ടൊക്കെ മദ്രാസിൽ ട്രെയിൻ ഇറങ്ങുമ്പോൾ ലോഡ്ജുകളുടെ ഏജന്റുമാർ ഏറെ പ്ലാറ്റ്ഫോം തൊട്ട് ഉണ്ടാകും.

ഇപ്പോൾ മൊബൈൽ ആപ്പുകൾ വന്നപ്പോൾ അവരെയൊന്നും കാണാനില്ല

പക്ഷെ ആലപ്പുഴയിൽ ഹൗബോട്ട് ജെട്ടിയിലേക്ക് ഉള്ള വഴിയിൽ മൊത്തം ഇത്തരം ഏജന്റുമാരാണ്.

ബോട്ടുകളുടെ ലഭ്യതയെപ്പറ്റി, റേറ്റിനെ പറ്റി, റേറ്റിങ്ങിനെ പറ്റി ഒക്കെ റിയൽ ടൈം ഇൻഫോർമേഷൻ നൽകാനുള്ള ഒരു ആപ്ലിക്കേഷൻ എന്തുകൊണ്ടാണ് ഒരു സ്‌റുഡന്റ്‌റ് പ്രോജക്ട് ആയി പോലും ഉണ്ടാകാത്തത് ?

പക്ഷെ എന്റെ വിഷയം അതല്ല

പലപ്രാവശ്യം ഹൗസ്ബോട്ടിൽ പോയിട്ടുണ്ട്

മനോഹരമാണ്

പക്ഷെ ഒരിക്കൽ പോലും ഹൗസ്ബോട്ടിൽ ചെല്ലുമ്പോൾ ഒരു സേഫ്റ്റി ബ്രീഫിങ്ങ് ലഭിച്ചിട്ടില്ല.

ഈ ഹൗസ്‌ബോട്ടിലെ ഡ്രൈവർമാർക്ക് ആരെങ്കിലും സുരക്ഷാ പരിശീലനം നൽകിയിട്ടുണ്ടോ ?

ഒരു വിമാനത്തിൽ കയറുമ്പോൾ അല്ലെങ്കിൽ ക്രൂസ് ഷിപ്പിൽ കയറുമ്പോൾ ലഭിക്കുന്ന സേഫ്റ്റി ബ്രീഫിങ്ങ് പോലെ ഒന്ന് എന്തുകൊണ്ടാണ് നമുക്ക് ഹൗസ്ബോട്ടിൽ ഇല്ലാത്തത്?

നൂറിൽ ഏറെ ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ആലപ്പുഴയിൽ കണ്ടു, ഒരു അപകടം ഉണ്ടായാൽ എത്ര പേർ ബാക്കി ഉണ്ടാകും ?

കേരളത്തിലെ കഥകളി രൂപങ്ങൾ ഒക്കെ ഉപയോഗിച്ച് ഒരു എയർ ലൈൻ സേഫ്റ്റി വീഡിയോ കണ്ടിട്ടുണ്ട്.

അത്തരത്തിൽ ക്രിയേറ്റിവ് ആയ ഒരു ടൂറിസം ബോട്ട് സേഫ്റ്റി വീഡിയോ എല്ലാ ബോട്ടുകളിലും നിര്ബന്ധമാക്കേണ്ടേ?

ഹൗസ് ബോട്ടിലെ ഭക്ഷണം ആണ് അതിന്റെ പ്രധാന ആകർഷണം

ബോട്ടിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്

ഹൗസ് ബോട്ട് മൊത്തം എളുപ്പത്തിൽ കത്തി തീരാവുന്ന വസ്തുക്കൾ ആണ്

ഒരു അപകടം ഉണ്ടാകാൻ ഒരു ചെറിയ അശ്രദ്ധ മതി

അപകടങ്ങൾ ഉണ്ടാകുന്നുണ്ട്

ടൂറിസം ബോട്ടുകളുമായി (ഹൗസ് ബോട്ട്, പാർട്ടി ബോട്ട്, ശിക്കാര ഒക്കെ കൂട്ടിയാണ് പറയുന്നത്) ആളുകൾ മരിക്കുന്നുണ്ട്

അപകടങ്ങൾ ഉണ്ടാകുന്നുണ്ട്

ഹൗസ്ബോട്ടിൽ അഗ്‌നിബാധകൾ ഉണ്ടാകുന്നുണ്ട്

ഇത്തരം ബോട്ടുകൾ കായലിന്റെ നടുക്ക് മുങ്ങാൻ പോകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്

ഒറ്റക്കൊറ്റക്കായി ആളുകൾ മരിക്കുന്നുമുണ്ട്

ഇത്തരം ചെറിയ ചെറിയ അപകടങ്ങൾ അല്ലെങ്കിൽ അപകട സാഹചര്യങ്ങൾ ശ്രദ്ധിച്ചാണ് വലുതെന്തോ വരാറുണ്ടെന്ന് ഞങ്ങൾ പ്രവചിക്കുന്നത്

പക്ഷെ ഒരു പത്തു പേർ മരിച്ച സംഭവം ഇതുവരെ ഉണ്ടായിട്ടില്ല

അതുകൊണ്ട് തന്നെ ഇതൊന്നും വർത്തയാകുന്നില്ല, ചർച്ചയാകുന്നില്ല, അധികാരികളുടെ ശ്രദ്ധ അങ്ങോട്ട് തിരിയുന്നില്ല,

പക്ഷെ അതുണ്ടാകും

ലൈസൻസ് ഇല്ലാത്ത ബോട്ടുകൾ അനവധി ഉണ്ടായിരുന്നു എന്ന് കണ്ടെത്തും

പരിശീലനം ഇല്ലാത്ത ഡ്രൈവർമാർ ഉണ്ടായിരുന്നു എന്ന് വാർത്ത വരും

ടൈറ്റാനിക്കിലെ പോലെ ആവശ്യത്തിന് വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇല്ലായിരുന്നു എന്ന് കണ്ടെത്തും

മാധ്യമങ്ങളിൽ 'ഡ്രൈവർ മദ്യപിച്ചിരുന്നത്രേ' വരും

ഹൗസ് ബോട്ട് സുരക്ഷാ വിദഗ്ദ്ധരുടെ വലിയ സംഘം ചാനലുകളിൽ പറന്നിറങ്ങും

ബോട്ട് സുരക്ഷയെപ്പറ്റി 'ആസ്ഥാന ദുരന്തൻ ഒന്നും പറഞ്ഞില്ല' എന്നുള്ള കുറ്റപ്പെടുത്തൽ ഉണ്ടാകും

കളക്ടറോ മന്ത്രിയോ 'ഹൗസ് ബോട്ടുകൾ ഉടൻ നിരോധിക്കും'

കുറച്ചു നാളേക്ക് നാട്ടുകാരും മറുനാട്ടുകാരും ഇത്തരം ബോട്ടുകളിൽ കയറാതാകും

അവസരം നോക്കി ശ്രീലങ്കയോ ഐവറി കോസ്റ്റോ ഹൗസ് ബോട്ട് ടൂറിസത്തിൽ മേൽക്കൈ നേടും

അതൊക്കെ വേണോ ?

ഇപ്പോൾ ടൂറിസം ബോട്ട് ഉടമകളും സർക്കാർ സംവിധാനവും ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ രംഗത്ത് കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരാൻ സാധിക്കില്ലേ ?

മുരളി തുമ്മാരുകുടി