- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റു നടിമാര്‍ക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപം പരിശോധിക്കാന്‍ പോലീസ്; യുട്യൂബ് വിഡിയോകള്‍ കൂടുതല്‍ പരിശോധിക്കും; ബോബി ചെമ്മണൂര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തതില്‍ ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും; ബോബിക്ക് കുരുക്കു മുറുകുന്നു
മറ്റു നടിമാര്‍ക്കെതിരെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികാധിക്ഷേപം പരിശോധിക്കാന്‍ പോലീസ്
കൊച്ചി: വ്യവസായി ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണത്തിന് പോലീസ്. സമാനമായ വിധത്തില്‍ ബോബി മറ്റുള്ളവര്‍ക്കെതിരെയും അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. അതിനിടെ, ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബോബിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യവും പരിഗണിക്കും. ഇതോടെ അഴിക്കുള്ളില്‍ കിടക്കുന്ന ബോബിക്ക് ജയില്‍വാസം നീളുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
ബോബിയുടെയും അദ്ദേഹം ഉള്‍പ്പെട്ട മറ്റ് പരിപാടികളുടെയും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച് വരികയാണ്. വിവിധ യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും യുട്യൂബ് ചാനല്‍ പരിപാടി നടത്തുന്നവര്‍ക്കെതിരെയും ദ്വയാര്‍ഥ പ്രയോഗങ്ങളും ലൈംഗികാധിക്ഷേപങ്ങളും നടത്തിയിട്ടുണ്ട് എന്ന പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഒട്ടേറെ വിഡിയോകളും മറ്റും ഇപ്പോഴും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ ഇവ പരിശോധിച്ച് കൂടുതല്‍ കേസുകളെടുക്കാന്‍ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ഓഗസ്റ്റ് ഏഴിനു നടന്ന ഉദ്ഘാടന പരിപാടിക്കു ശേഷം താന്‍ പങ്കെടുക്കുന്ന മറ്റ് പരിപാടികളില്‍ പോലും പിന്തുടര്‍ന്നെത്തി ലൈംഗികാധിക്ഷേപങ്ങളും മറ്റും നടത്തിയെന്ന് ഹണി റോസ് പരാതിപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ ഹണി റോസില്‍ നിന്ന് കൂടുതല്‍ മൊഴി എടുക്കുന്ന കാര്യവും എറണാകുളം സെന്‍ട്രല്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഇത്തരത്തില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് 3 വര്‍ഷം തടവും പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്.
ഇപ്പോള്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവാഴ്ച പരിഗണിക്കുന്നുണ്ട്. തുടര്‍ അന്വേഷണത്തില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ കൂടി ഹാജരാക്കി ജാമ്യത്തെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ ആലോചന. നേരത്തെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ബോബി പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി ജാമ്യാപേക്ഷ തള്ളുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയുമായിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും അടിയന്തര സാഹചര്യമൊന്നും ഇല്ലെന്ന് വ്യക്തമാക്കി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി.
ഹരജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലും ഇല്ലെന്ന് കോടതി പറഞ്ഞു. പൊതുഇടങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യം ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വിശദീകരണം. ബോബിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി.
ഹണിറോസിനെ തനിക്ക് 20 വര്‍ഷത്തോളമായി അറിയാമെന്നും പരാതി തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. തന്റെ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തത് പരാതിക്കാരിയാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരാതി നല്‍കിയത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നിയമവിരുദ്ധമായാണ് തന്നെ പൊലീസ് വയനാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ അല്ലാതെ എത്തിയ ആളുകള്‍ തടഞ്ഞുവച്ചുവെന്നും 24 മണിക്കൂറിലധികം സമയം നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വച്ചുവെന്നും ബോബി അവകാശപ്പെട്ടു.