കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്നു പുറത്തിറങ്ങാതിരുന്നതിനു വ്യവസായി ബോബി ചെമ്മണൂര്‍ പറഞ്ഞ വിചിത്ര ന്യായം ചര്‍ച്ചകളിലേക്ക്. നിസ്സാര കേസില്‍ അറസ്റ്റിലായ സഹതടവുകാര്‍ക്കു ജാമ്യത്തിനു പണം ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലില്‍ കഴിഞ്ഞതെന്നാണു മാധ്യമങ്ങളോടു ബോബി പറഞ്ഞത്. ബോബി ജയിലില്‍നിന്ന് ഇറങ്ങാതിരുന്നതു ഗൗരവമായെടുത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. വീണ്ടും 10.15ന് പരിഗണിക്കാനിരിക്കെയാണ്, ജയിലിലെ ഓഫിസ് സമയമായ രാവിലെ 10ന് മുന്‍പായിത്തന്നെ അതിവേഗം ബോബി പുറത്തിറങ്ങിയത്. അപ്പോഴായിരുന്നു ബോബിയുടെ വിവാദ പ്രതികരണം. അഭിഭാഷകര്‍ ബലം പ്രയോഗിച്ചാണ് ബോബിയെ അവിടെ നിന്നും കൊണ്ടു പോയത്. കൂടുതല്‍ പറഞ്ഞാല്‍ പ്രശ്‌നമാകുമെന്ന തിരിച്ചറിവിലായിരുന്നു അത്.

ലൈംഗിക അധിക്ഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെതിരേ വീണ്ടും കടുപ്പിച്ച് ഹൈക്കോടതി നിലപാട് എടുത്തിട്ടുണ്ട്. ജാമ്യം അനുവദിച്ചിട്ടും ചൊവ്വാഴ്ച പുറത്തിറങ്ങാത്തതില്‍ കൃത്യമായി മറുപടി വേണമെന്ന് കോടതി പറഞ്ഞു. ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നെന്നാണ് ബോബിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ബോബിയുടെ അഭിഭാഷകരുടെ വാദങ്ങള്‍ സ്വീകാര്യമല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. കേസ് 1:45ന് വീണ്ടും പരിഗണിക്കും. ഈ സമയത്ത് വ്യക്തമായ മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു. ജയിലിന് പുറത്തിറങ്ങിയ ശേഷം ബോബി മാധ്യമങ്ങളോട് പറഞ്ഞത് എന്താണെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി പറയണമെന്നും കോടതി വ്യക്തമാക്കി. റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരാണ്. അതിന് ഇവിടെ നീതിന്യായ വ്യവസ്ഥയുണ്ട്. കോടതിക്കെതിരേ യുദ്ധപ്രഖ്യാനമാണോയെന്നും ബോബി നിയമത്തിന് മുകളിലാണോയെന്നും കോടതി ചോദിച്ചു. ഇതോടെ ജയിലിന് പുറത്ത് ബോബി പറഞ്ഞത് കേസില്‍ നിര്‍ണ്ണായകമായി മാറും.

''ഭക്ഷണം കഴിച്ചിട്ട് ഹോട്ടലില്‍ ബില്‍ കൊടുക്കാത്തതിന് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. ഇത്തരത്തില്‍ 10-26 കേസുകള്‍. അവരൊക്കെ 5000, 10000 രൂപയില്ലാത്തതിനാല്‍ ജാമ്യം കിട്ടാതെ വിഷമിക്കുന്നവരാണ്. ഇവര്‍ എന്റെയടുത്തു വന്നപ്പോള്‍ ഞാന്‍ പരിഹരിക്കാമെന്നു പറഞ്ഞു. അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലില്‍നിന്നത്''-ഇതായിരുന്നു ബോബിയുടെ വിശദീകരണം. കോടതിയലക്ഷ്യമല്ലെന്നും ജാമ്യ ഉത്തരവിന്റെ കടലാസ് ഇന്നാണു കിട്ടിയതെന്നും ചോദ്യങ്ങളോടു ബോബി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ വിചാരണ തടവുകാര്‍ക്ക് വേണ്ടിയാണ് താന്‍ ജയിലില്‍ കിടന്നതെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് തന്നെ കോടതിയില്‍ ബോബിയുടെ അഭിഭാഷകന്റെ ഇനിയുള്ള വാദം നിര്‍ണ്ണായകമാണ്. ജയിലിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങളോടും പ്രതികരിക്കുന്നതിനു മുന്‍പ് അഭിഭാഷകസംഘം ബോബിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ബോബിയെ സ്വീകരിക്കാന്‍ ആരും ജയിലിനു മുന്നിലുണ്ടായിരുന്നില്ല. ആദ്യമായാണ് കേരളത്തില്‍ ഒരാള്‍ ജയിലില്‍ നിന്നും ഓടിയിറങ്ങിയതെന്ന കമന്റുമെത്തി. മോചിതനായില്ലെങ്കില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കുമോ എന്ന ആശങ്കയിലായിരുന്നു ഓടിയിറക്കം.

ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലില്‍നിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു പുതിയ സംഭവവികാസങ്ങള്‍. പിന്നാലെ ബോബി ജയില്‍മോചിതനായി. ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങള്‍ നീണ്ടു പോയതിനാല്‍ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് അഭിഭാഷകര്‍ പറയുന്നത്. എന്നാല്‍ ഭക്ഷണം കഴിച്ചിട്ട് ഹോട്ടലില്‍ ബില്‍ കൊടുക്കാത്തതിന് അറസ്റ്റിലായവര്‍ ഉള്‍പ്പെടെ ഇവിടെയുണ്ട്. ഇത്തരത്തില്‍ 10-26 കേസുകള്‍ എന്ന ബോബിയുടെ പ്രതികരണം ഈ സാങ്കേതിക വാദത്തിന് എതിരാണു താനും. ഇതിനോട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണന്‍ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണ്ണായകമാണ്.

റിമാന്‍ഡ് തടവുകാര്‍ക്ക് വേണ്ടിയാണ് താന്‍ കിടന്നതെന്ന് ജയില്‍ മോചനത്തിന് ശേഷം ബോബി ചെമ്മണ്ണൂര്‍ പറഞ്ഞുവോ എന്ന് കോടതി പരിശോധിക്കുന്നത് നിര്‍ണ്ണായകമാണ്. ഇക്കാര്യം ഉടന്‍ അറിയിക്കാന്‍ കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയ്ക്ക് കോടതിയില്‍ എത്താന്‍ കഴിയില്ലെന്നും നാളത്തേക്ക് കേസ് പരിഗണിക്കണമെന്നും ബോബിയുടെ അഭിഭാഷകര്‍ പറഞ്ഞു. രാമന്‍പിള്ളയെന്ന മുതിര്‍ന്ന അഭിഭാഷകനോട് ബോബി ചെമ്മണ്ണൂര്‍ കാട്ടിയത് ശരിയോ എന്നും ചോദിച്ചു. റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ചെമ്മണ്ണൂര്‍ ആരെന്നും കോടതി ചോദിച്ചു. അയാള്‍ അതില്‍ പാര്‍ട്ടിയല്ലെന്നും കോടതി വിശദീകരിച്ചു. ബോബി ചെമ്മണ്ണൂരിനോട് സംസാരിച്ച് കോടതിയില്‍ കാര്യങ്ങള്‍ അറിയിക്കാന്‍ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടു.

രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി വിശദ വാദത്തിനായി ഉച്ചയ്ക്ക് 12 മണിയ്ക്ക് കേസ് പരിഗണിക്കുമെന്ന് അറിയിച്ചു. 12 മണിക്ക് കേസെടുത്തപ്പോഴും നിശത വിമര്‍ശനമാണ് നടത്തിയത്. ഇതിനിടെ കോടതിയില്‍ ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകന്‍ മാപ്പും പറഞ്ഞു. എന്നാല്‍ ബോബി ചെമ്മണ്ണൂര്‍ നിരുപാധികം മാപ്പു പറയണമെന്നും അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ സാങ്കേതികമായി വാദങ്ങള്‍ ഉയര്‍ത്തി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ഇന്നലെ പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി ചെമ്മണ്ണൂര്‍ നിയമത്തിനു മുകളിലാണോ എന്നും ചോദിച്ചു. ബോബി ചെമ്മണ്ണൂര്‍ പുറത്തിറങ്ങാത്തതില്‍ ഒരു തരത്തിലും ഉള്ള ന്യായീകരണവും ഇല്ല. സീനിയര്‍ കൗണ്‍സില്‍ രാമന്‍ പിള്ള കോടതിയിലേക്ക് വരേണ്ടതില്ല. ബോച്ചെ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം മാപ്പ് പറയുക ആണോ ചെയ്തത് എന്ന് പരിശോധിക്കണം. അതോ റിമാന്‍ഡ് പ്രതികള്‍ക്ക് വേണ്ടി ആണു താന്‍ അകത്ത് തുടര്‍ന്നത് എന്ന് പറഞ്ഞോ എന്നും പരിശോധിക്കണമെന്നും ഹൈക്കോടതി ചോദിച്ചു.

ബോബിക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ തയ്യാറായിരുന്നില്ല. വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ബോബി ജയിലില്‍ത്തന്നെ തുടര്‍ന്നത്. ജാമ്യ ഉത്തരവ് ഹാജരാക്കാത്തതിനാലാണ് ചൊവ്വാഴ്ച പുറത്തുവിടാതിരുന്നതെന്നാണ് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം അറിയിച്ചത്.

ജാമ്യവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജയിലിന് പുറത്ത് ബോബി ചെമ്മണൂരിനെ അനുകൂലിച്ച് നൂറുകണക്കിന് പേര്‍ ഒത്തുചേര്‍ന്നിരുന്നു. ഈ സംഭവങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. ജുഡീഷ്യറിയെ വെല്ലുവളിക്കുന്ന രീതിയിലാണ് പ്രതിഭാഗം പ്രവര്‍ത്തിക്കുന്നത് എന്ന വിലയിരുത്തലാണ് കോടതിക്കുള്ളതെന്നാണ് സൂചന. ഈ സമയത്ത് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള അടക്കമുള്ളവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രാമന്‍പിള്ള ഹാജരായില്ല.