- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാന്‍ ചെയ്തത് പടക്കം പൊട്ടിച്ചും കൊട്ടും കുരവയും ഇട്ടുള്ള വീരോചിത സ്വീകരണം; 'എന്തായാലും പടക്കം പൊട്ടിക്കും സാറേ..' എന്നു പറഞ്ഞ് ഫാന്‍സുകാര്‍ വാങ്ങിയ ഓലപ്പടക്കവും വെറുതേയായി; കോടതിയുടെ വിരട്ടലില്‍ മാപ്പു പറഞ്ഞ് വാപൊത്തി ബോബി; ബോച്ചെയുടെ ദ്വയാര്‍ഥ അഭ്യാസങ്ങള്‍ക്ക് തല്ക്കാലം വിരാമം
'എന്തായാലും പടക്കം പൊട്ടിക്കും സാറേ..'
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ അകത്തായ ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ വന്‍ പി ആര്‍ അഭ്യാസഭങ്ങളായിരുന്നു പ്ലാന്‍ ചെയ്തത്. ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന ബോച്ചെ ഇരട്ടിക്കരുത്തോടെ എത്തുമെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളായിരുന്നു രണ്ട് ദിവസമായി നടന്നത്. ഹൈക്കോടതിയെ പോലും കുറ്റംപറഞ്ഞു കൊണ്ടായിരുന്നു ബോബി ഫാന്‍സുകാരും രംഗത്തുവന്നത്. എന്നാല്‍, ഹൈക്കോടതിയുടെ തുടര്‍ ഇടപെടലില്‍ ബോബിയുടെ പി ആര്‍ പ്ലാനുകളെല്ലാം വെറുതേയായി. ഏറ്റവും ഒടുവില്‍ കോടതിയോടെ മാപ്പു പറഞ്ഞ് വാപൊതിക്ക ഓടുന്ന ജുവല്ലറി മുതലാളിയെയാണ് കേരളം കണ്ടത്. ഫാന്‍സുകാര്‍ പൊട്ടിക്കാന്‍ വെച്ച പടക്കങ്ങള്‍ പോലും വെറുതേയായി.
ഇന്നലെ മകരവിളക്ക് ആയതിനാല്‍ മാധ്യമ ശ്രദ്ധ അങ്ങോട്ടു പോകുമെന്ന് കരുതിയാണ് ബോബി ഇന്നലെ പുറത്താറങ്ങാതെ ഇന്നത്തേക്ക് പുറത്തിറങ്ങാന്‍ തയ്യാറായത്. ഇന്ന് കൂടുതല്‍ വിപുലമായ സ്വീകരണവും അണിയറയില്‍ ഒരുങ്ങിയിരുന്നു. എന്നാല്‍, രാവിലെ ഹൈക്കോടതി വടിയെടുത്തതോടെ ഈ പണിപാളി. പുറത്തിറങ്ങിയ ശേഷവും വാര്‍ത്തകളില്‍ നിറയാന്‍ ബോബി ശ്രമം നടത്തി. എന്നാല്‍, ഹൈക്കോടതിയുടെ ഇടപെടലില്‍ പണി പാളുകയാണ് ഉണ്ടായത്.
കാക്കനാട് ജില്ലാ ജയിലിന് പുറത്ത് ബോബിയുടെ ആരാധാകര്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പോലീസുകാര്‍ വിലക്കിയെങ്കിലും ആരാധകര്‍ തര്‍ക്കിക്കുകയായിരുന്നു ''ഇപ്പോ പൊട്ടിക്കും.. ഹണി റോസിന്റെ ഹണി ട്രാപ്പാണിത്... എന്തായാലും പടക്കം പൊട്ടിക്കും സാറേ.. ' എന്നാണ് ബോബിക്ക് സ്വീകരണം നല്‍കാനെത്തിയ ആരാധകര്‍ പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞത്. ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ ആളുകള്‍ എന്നവകാശപ്പെട്ട് എത്തിയവരാണ് ജയിലിന് പുറത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇവരുടെ കയ്യില്‍ നിന്നും പടക്കം പോലീസ് പിടിച്ചെടുക്കേണ്ട അവസ്ഥയും ഉണ്ടായി.
അതേസമയം ഇന്നലെ വൈകിട്ട് ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്ത നടപടിയെ ഹൈക്കോടതി ഇന്ന് രൂക്ഷമായി വിമര്‍ശിച്ചു. ഇതിന് തൊട്ടു മുമ്പാണ് മിന്നല്‍വേഗതയില്‍ നീക്കങ്ങള്‍ നടത്തിയ അഭിഭാഷകര്‍ ബോബിയെ പുറത്തിറക്കിയത്. മാധ്യമശ്രദ്ധക്ക് വേണ്ടിയാണ് ഇതെല്ലാം എന്ന് കോടതിക്കറിയാം. നാടകം കളിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ബോബിയെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കോടതിക്ക് കഴിയും. കോടതിക്ക് മുകളിലാണെന്ന തോന്നലുണ്ടെങ്കില്‍ അത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാല്‍ ജമ്യം ലഭിച്ചിട്ടും ജയില്‍ തുടര്‍ന്നതിന് കാരണം തന്റെ നല്ല മനസെന്ന് സ്ഥാപിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമവുമായി ബോബി ചെമ്മണ്ണൂര്‍ രംഗത്തുവന്നത്. ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ചിലര്‍ ഇപ്പോഴും ജയിലിലുണ്ട്. അവര്‍ തന്നെ കാണാനെത്തിയെന്നും ആ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചതിനാലാണ് പുറത്തിറങ്ങല്‍ വൈകിയതെന്നും ആണ് ജയിലിന് പുറത്ത് ബോബി മാധ്യമങ്ങളോട് പറഞ്ഞത്.
''ജയിലില്‍ പത്തിരുപത്താറ് പേരുണ്ട്. ജാമ്യംകിട്ടാന്‍ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അവരെന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടി ഞാന്‍ ഒരുദിവസം കൂടി ജയിലില്‍ നിന്നു. അത്രയേ ഉള്ളൂ'', ബോബി ചെമ്മണൂര്‍ പ്രതികരിച്ചു.
ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെ വൈകിപ്പിച്ചത് കോടതിയലക്ഷ്യമല്ലേ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്നായിരുന്നു ബോബിയുടെ പ്രതികരണം. മാത്രമല്ല, ജാമ്യ ഉത്തരവ് ചൊവ്വാഴ്ച ജയിലില്‍ കിട്ടിയില്ലെന്നും ഇന്നാണ് കിട്ടിയത് എന്നാണ് പറഞ്ഞതെന്നും ബോബി വ്യക്തമാക്കി. മറ്റ് ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ നില്‍ക്കാതെ അതിവേഗം കാറില്‍ കയറി പോവുകയായിരുന്നു ബോബി ചെമ്മണ്ണൂര്‍.
വലിയ സ്വീകരണം ഒരുക്കി പുറത്തിറങ്ങാനുള്ള ബോബിയുടെ നീക്കമാണ് ഹൈക്കോടതി ഇടപെടലില്‍ പൊളിഞ്ഞത്. ബോച്ചെയുടെ വേഷത്തില്‍ ആളുകളെ എത്തിച്ച് മോചനം വലിയ ആഘോഷം ആക്കാനായിരുന്നു നീക്കം. കെട്ടിപിടിച്ച് കരയാന്‍ വരെ ആളെ ഏര്‍പ്പെടുത്തിയിരുന്നു. ഇതെല്ലാം പൊളിഞ്ഞെങ്കിലും ബോബി പുറത്തിറങ്ങിയപ്പോള്‍ ഒരു സ്ത്രീ വന്ന് കെട്ടിപിടിച്ച് കരയുന്നതും അവരെ ബോബിയുടെ ആള്‍ക്കാര്‍ തന്നെ പിടിച്ചുമാറ്റുന്നതും കാണാമായിരുന്നു.
ബോബി പുറത്തിറങ്ങിയെങ്കിലും മാപ്പു പറയിക്കാതെ ഹൈക്കോടതി പിന്‍മാറിയില്ല. ഒടുവില്‍ ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളില്‍ കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞാണ് ബോബി തടിയൂരിയത്. കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ മുന്‍പിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ക്ഷമാപണം നടത്തിയത്. ഇതോടെ ക്ഷമാപണം സ്വീകരിച്ച കോടതി, ഈ കേസിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
ബോബി ചെമ്മണൂര്‍ ഇനി വാ തുറക്കില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുനല്‍കിയത്. നിരുപാധികം മാപ്പുനല്‍കണമെന്നും അപേക്ഷിച്ചു. മാധ്യമങ്ങളെ കണ്ടപ്പോള്‍ ബോബിക്ക് നാക്കുപിഴച്ചതാണെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി മാപ്പ് സ്വീകരിച്ച് സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കിയത്.
കോടതിക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തേണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ബോബിയുടെ അഭിഭാഷകനെ ഓര്‍മിപ്പിച്ചു. കോടതിയോട് യുദ്ധം വേണ്ടെന്നായിരുന്നു ഹൈക്കോടതി ബോബിയുടെ അഭിഭാഷകനോട് പറഞ്ഞത്. ഒളിമ്പിക്സ് മെഡല്‍ കിട്ടിയപോലെയാണ് ബോബി ചെമ്മണൂര്‍ പെരുമാറിയതെന്നും ഹൈക്കോടതി പറഞ്ഞു.