കൊച്ചി: ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍, 14 ദിവസത്തേക്ക് റിമാന്‍ഡിലായതിന് പിന്നാലെ ബോബി ചെമ്മണൂരിന് ദേഹാസ്വാസ്ഥ്യം. വിധി പ്രസ്താവിച്ചതിന് പിന്നാലെ തനിക്ക് ദേഹാസ്വാസ്ഥ്യം ഉള്ളതായി പ്രതി കോടതിയെ അറിയിച്ചു. വിധിക്ക് പിന്നാലെ ബോബി ചെമ്മണൂരിന്റെ രക്തസമ്മര്‍ദ്ദം ഉയരുകയും പ്രതിക്കൂട്ടില്‍ തളര്‍ന്നിരിക്കുകയും ചെയ്തു. ഇതോടെ, അല്‍പസമയം, കോടതിമുറിയില്‍ തന്നെ വിശ്രമിക്കാന്‍ അനുവദിക്കുകയായിരുന്നു.

പ്രഗത്ഭനായ അഡ്വ രാമന്‍ പിള്ള തനിക്ക് വേണ്ടി ഹാജരായതോടെ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബോബി ചെമ്മണൂര്‍. ജാമ്യം നിഷേധിക്കപ്പെട്ടതോടെ, ബോബി ആകെ തളര്‍ന്നു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(2) യാണ് വിവാദ വ്യവസായിയുടെ ജാമ്യാപേക്ഷ തളളിയത്.

ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂര്‍ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടര്‍ന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. 12.30-ഓടെയാണ് ബോബിയെ കോടതിയില്‍ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം തീര്‍ന്നു. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളില്‍ തന്നെയായിരുന്നു. വാദം അവസാനിച്ചപ്പോള്‍ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു.

ജാമ്യ ഉത്തരവ് വായിക്കുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയായിരുന്ന ബോബി, റിമാന്‍ഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മര്‍ദം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കുഴഞ്ഞുവീണതെന്നാണ് വിവരം. പ്രതിയെ ഉടന്‍ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൈദ്യ പരിശോധനക്ക് ശേഷം ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും

ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി 2 തവണ ബോബിക്ക് വൈദ്യപരിശോധന നടത്തിയിരുന്നു. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.

കുന്തിദേവി പരാമര്‍ശം ദ്വയാര്‍ഥപ്രയോഗമാണെന്നും ലൈംഗികച്ചുവയുള്ള പരാമര്‍ശമാണെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് ജാമ്യം നല്‍കരുത്. ജാമ്യം നല്‍കിയാല്‍ അതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി മോശം പരാമര്‍ശറം നടത്തുന്നവര്‍ക്ക് അതു പ്രോത്സാഹനമാകും. പ്രതി സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ട്. സ്വാധീനം ഉള്ളയാളാണെന്നും ഒളിവില്‍ പോകാനിടയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള 'ബോചെ ആയിരമേക്കര്‍' എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്പോഴാണ് വാഹനം വളഞ്ഞ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബിയെ കസ്റ്റഡിയിലെടുത്തത്. രാത്രി ഏഴരയോടെ കൊച്ചിയിലെ സ്റ്റേഷനിലെത്തിച്ചു രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 67ാം വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും ഹണി റോസ് പ്രതികരിച്ചു.