ലണ്ടൻ:യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളുടേയും മൃതദേഹങ്ങൾ സ്വദേശമായ വൈക്കത്തെത്തിച്ച് സംസ്‌കരിച്ചു.യു.കെ യിൽ നിന്നും നെടുമ്പാശ്ശരേിയിലെത്തിച്ച മൃതദേഹങ്ങൾ വൈക്കത്തെ ഇത്തിപ്പുഴയിലുള്ള വീട്ടിലെത്തിച്ചാണ് സംസ്‌ക്കരിച്ചത്.വീട്ടിൽ നടന്ന പൊതുദർശനത്തിൽ അഞ്ജുവിനേയും കുരുന്നുകളേയും കാണാനായി നാട്ടുകാരും ബന്ധുക്കളുമെത്തി.സംസ്‌ക്കാര ചടങ്ങിന് മുൻപ് പ്രതികരിച്ച അഞ്ജുവിന്റെ പിതാവ് കേസിൽ പ്രതിയായ അഞ്ജുവിന്റെ ഭർത്താവ് സാജുവിന് പരമാവധി ശിക്ഷ നൽകണം എന്ന് പറഞ്ഞു.

കഴിഞ്ഞ ഡിസംബർ 14 നാണ് നോർത്താംപ്ടൺഷയറിലെ കെറ്ററിംഗിലെ വസതിയിൽ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും ഭർത്താവ് സാജു കൊലപ്പെടുത്തിയത്.സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കൾ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.വീട് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു.ഇവർ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി വീട് തുറന്നപ്പോൾ അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു.അഞ്ജു മരിച്ച നിലയിലായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് നടത്തിയ പരിശോധനകളിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിൽ വരഞ്ഞ് മുറിവുകളുണ്ടാക്കുകയായിരുന്നുവെന്ന് കണ്ടെത്തി.സംഭവത്തിൽ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചെലേവാലൻ സാജു(52) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2012 ലാണ് സാജുവിനെ അഞ്ജു വിവാഹം ചെയ്തത്.ആദ്യം ഇവർ സൗദിയിലായിരുന്നു.തുടർന്നാണ് യുകെയിലേക്ക് പോയത്.യുകെയിൽ സർക്കാർ നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു അഞ്ജു.സാജുവിന് ഹോട്ടലിൽ ഭക്ഷണം ഡെലിവറി ചെയ്യുന്ന ജോലിയാണ്.ഒരു വർഷം മുമ്പാണ് ഇവർ യുകെയിൽ എത്തിയത്.പ്രദേശത്തെ മലയാളികൾ ചേർന്നാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ടി വന്ന 28 ലക്ഷത്തോളം രൂപ പിരിച്ചെടുത്തത്.

കൊലപാതകത്തിൽ വിശദമായ അന്വേഷണത്തിനായി ബ്രിട്ടൺ പൊലീസ് കേരളത്തിലെത്തും.കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളും നോർത്താംപ്റ്റൺഷെയർ പൊലീസിലെ ചീഫ് ഇൻവവെസ്റ്റിഗേഷൻ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.അഞ്ജു അശോകിന്റെ വൈക്കത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥർ മാതാപിതാക്കളുടെ മൊഴിയെടുക്കും. പിന്നീടു കേസിലെ പ്രതിയായ കണ്ണൂർ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണു വിവരം. ഇതുകൂടി ചേർത്താകും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയിൽ സമർപ്പിക്കുക.

അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ച ഇന്നലെ രാവിലത്തെ മാഞ്ചസ്റ്ററിൽനിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ഈ പൊലീസ് ഉദ്യോഗസ്ഥർക്കും ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ അവസാന നിമിഷം ഹോം ഓഫിസിന്റെ ഫൈനൽ ക്ലിയറൻസ് ലഭിക്കാതെ വന്നതോടെ യാത്ര മാറ്റുകയായിരുന്നു.ബ്രീട്ടീഷ് പൊലീസ് നാട്ടിലെത്തുന്നതോടെ അന്വേഷണം കൂടുതൽ വേഗത്തിലാകുകയും പ്രതിയായ സാജുവിന് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുകയും ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.