- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ബോഡിമെട്ടിൽ നിന്നും 27 കിലോമീറ്ററാണ് തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കുള്ള ദൂരം; ചെന്നൈയിൽ നിന്ന് തേനി വഴി തീവണ്ടി ബോഡിനായ്ക്കന്നൂരിലേക്ക് എത്തുമ്പോൾ കോളടിക്കുന്നത് മൂന്നാറിനെ പ്രണയിക്കുന്നവർക്കും ശബരിമല തീർത്ഥാടകർക്കും; ഇടുക്കിയുടെ മലയോരത്തിന് പുതിയ പ്രതീക്ഷ
തൊടുപുഴ: കേരളത്തിന്റെ വിനോദ സഞ്ചാരത്തിന് പുതിയ സാധ്യതകൾ നൽകി ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിൻ സർവീസ് എത്തുന്നു. ഇടുക്കിയുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് ബോഡിനായ്ക്കന്നൂർ. പൂപ്പാറയിൽ നിന്നു 40 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്താം. ഇവിടെ നിന്നു ചെന്നൈയിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിനോദസഞ്ചാരികൾക്ക് ചെന്നൈ, മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെ നിന്ന് എളുപ്പത്തിൽ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എത്തിച്ചേരാൻ കഴിയും.
ബോഡിനായ്ക്കന്നൂരിലേക്കുള്ള റെയിൽപാത വികസനം ജില്ലയിലെ സുഗന്ധവ്യഞ്ജന ചരക്കുനീക്കത്തിനും ഗുണകരമാകും. ബോഡിനായ്ക്കന്നൂരിൽ പാസഞ്ചർ ട്രെയിൻ എത്തുന്നതോടെ തമിഴ്‌നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്കും ഇടുക്കി ജില്ലയിൽ നിന്ന് മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവർക്കും യാത്ര എളുപ്പമാകും. ബോഡിനായ്ക്കന്നൂരിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി അവസാനത്തെ ട്രയൽ റൺ വിജയകരമായി കഴിഞ്ഞദിവസം പൂർത്തിയാക്കി. തേനി സ്റ്റേഷനിൽ നിന്നു റെയിൽവേ ജീവനക്കാരെയും വഹിച്ചാണ് 3 കോച്ചുകളുള്ള ട്രെയിൻ ബോഡിനായ്ക്കന്നൂർ സ്റ്റേഷനിലെത്തിയത്.
തേനി മുതൽ ബോഡിനായ്ക്കന്നൂർ സ്റ്റേഷൻ വരെയുള്ള 17 കിലോമീറ്റർ ബ്രോഡ്‌ഗേജ് പാതയുടെ ശേഷി പരിശോധിക്കുന്നതിനായാണ് റെയിൽവേ സൗത്ത് സോൺ സുരക്ഷാ കമ്മിഷണറുടെ മേൽനോട്ടത്തിൽ ട്രയൽ റൺ നടത്തിയത്. മെയ് മുതൽ ചെന്നൈയിൽ നിന്നു മധുര വഴി തേനിയിലേക്ക് പാസഞ്ചർ ട്രെയിൻ സർവീസ് നടത്തുന്നുണ്ട്. ഇത് ബോഡിനായ്ക്കന്നൂർ സ്റ്റേഷൻ വരെ ദീർഘിപ്പിച്ച് ഉടൻ അന്തിമ വിജ്ഞാപനമിറങ്ങും. അതിനു ശേഷം ട്രെയിൻ സർവീസ് ആരംഭിക്കും.
പല ഘട്ടമായാണ് ബോഡിനായ്ക്കന്നൂർ വരെയുള്ള ബ്രോഡ്‌ഗേജ് പാതയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 23 ചെറിയ പാലങ്ങളും 3 പ്രധാന പാലങ്ങളും നിർമ്മിച്ചു. 13 വർഷം മുൻപ് ബോഡിനായ്ക്കന്നൂർ വരെയുള്ള മീറ്റർഗേജ് പാതയിൽ ഗുഡ്‌സ് ട്രെയിൻ സർവീസ് നടത്തിയിരുന്നു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ബോഡിമെട്ടിൽ നിന്നും 27 കിലോമീറ്ററാണ് തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേക്കുള്ള ദൂരം.
ബോഡിനായ്ക്കനൂർ എത്തിയ ട്രയിനെ നാട്ടുകാർ ആർപ്പുവിളികളോടും ആഘോഷത്തോടും എതിരേറ്റു. തേനി മുതൽ പാളത്തിന്റെ ജോലികൾ അതിവേഗം നടക്കുകയുണ്ടായി. തേനിക്കും ബോഡി നായ്ക്കനൂരിനുമിടയിൽ 30 ചെറിയ പാലങ്ങളും മൂന്ന് പ്രധാന മേൽപാലങ്ങളും പണികൾ അതിവേഗം പൂർത്തിയാക്കി. ബോഡി നായ്ക്കനുരിൽ റെയിൽവേ സ്റ്റേഷന്റെ പണികൾ അതിവേഗം പൂർത്തിയായി വരുന്നു. 2011 ൽ മീറ്റർഗേജ് പാത ബ്രോഡ് ഗേജ് ആക്കി മാറ്റുന്നതിന് റെയിൽവേ 450 കോടി അനുവദിച്ചാണ്91 കിലോമീറ്റർ ദൂരം നവീകരണം നടത്തിയത് .
മറുനാടന് മലയാളി ബ്യൂറോ