തിരുവനന്തപുരം: പൊതു ഇടങ്ങളിലെ മോശം പെരുമാറ്റം മൂലം പൊലീസ് ഉദ്യോഗസ്ഥർ സേനയ്ക്കു 'ചീത്തപ്പേര്' ഉണ്ടാക്കുന്നുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിൽ ക്രമസമാധാന ചുമതലയുള്ള ഫീൽഡ് ഉദ്യോഗസ്ഥർക്കായി ഏർപ്പെടുത്തിയ ക്യാമറ സംവിധാനവും പൂട്ടിക്കെട്ടി. ഒരുകോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോൺ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. വേണ്ടത്ര സാങ്കേതിക പരിശോധനയൊന്നും കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന വിമർശനം തുടക്കം മുതലുണ്ടായിരുന്നു.

വാഹനപരിശോധനക്കിടെ പൊലീസുകാർ മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും പൊലീസുകാർക്കാർക്കെതിരെ ആക്രമണുമുണ്ടാൽ തെളിവ് ലഭിക്കാനും മാത്രമല്ല ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് ക്യാമറ നൽകി തിരക്ക് നിരീക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പാക്കിയത്. ക്രമസമാധാന പ്രശ്‌നമുണ്ടായാൽ തൽസമയം അവ കൺട്രോൾ റൂമിൽ കാണുന്നതിനും റെക്കോർഡ് ചെയ്യുന്നതിനുമായാണ് ബോഡി വോൺ ക്യാമറകൾ വാങ്ങിയതും പരീക്ഷിച്ച് തുടങ്ങിയതും. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നിരീക്ഷണ സംവിധാനം മാസങ്ങൾക്കകം പൂട്ടിക്കെട്ടി.

310 ക്യാമറകളാണ് ആകെ വാങ്ങിയത്. 50 ക്യാമറകൾ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡിൽനിന്നും 260 ക്യാമറകൾ ആര്യ കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് സർവീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് വാങ്ങിയത്.

ക്യാമറകൾ പലതും മാസങ്ങൾക്കകം കേടായി.  മൂന്നു വർഷം വാറന്റിയും 3 വർഷത്തേക്കു വാർഷിക അറ്റകുറ്റപ്പണിയും നടത്താമെന്നായിരുന്നു കരാർ. ക്യാമറകൾ വാങ്ങിയതിനു പിന്നിൽ വലിയ അഴിമതി നടന്നതായാണ് സേനയ്ക്കുള്ളിലെ സംസാരം.

180 ക്യാമറയിൽ ലൈവ് സ്ട്രീമിങ് സംവിധാനം. ആകെ ചെലവ് 99,50,055 രൂപ. ട്രാഫിക് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ പ്രവർത്തനം. ക്രമസമാധാന പ്രശ്‌നങ്ങളും ഗതാഗത നിയമലംഘനങ്ങളും ഡ്യൂട്ടി സംബന്ധമായ മറ്റു കാര്യങ്ങളും തൽസമയം റെക്കോർഡ് ചെയ്യാൻ ക്യാമറയിൽ സംവിധാനമുണ്ടായിരുന്നു.

പുഷ് ടു ടോക്ക് സംവിധാനം വഴി സംഭവസ്ഥലത്തെ ദൃശ്യങ്ങളും ഫോട്ടോയും ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറാനും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാനും കഴിയുമായിരുന്നു. ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ കൺട്രോൾ റൂമിലെ സെർവറിലാണ് സൂക്ഷിച്ചത്.

ആവശ്യമുള്ളപ്പോൾ ഇതു പരിശോധിക്കാനും സൗകര്യമൊരുക്കിയിരുന്നു. ടച്ച് സ്‌ക്രീൻ, നൈറ്റ് വിഷൻ സംവിധാനങ്ങളുമുണ്ടായിരുന്ന ക്യാമറയിൽ, 4ജി സിം വഴിയാണ് ദൃശ്യങ്ങളും സന്ദേശങ്ങളും കൈമാറിയിരുന്നത്. 32 ജിബി മെമ്മറി കാർഡ് ഉപയോഗിക്കാനാകുന്ന ക്യാമറയുടെ ബാറ്ററി ശേഷി 8 മണിക്കൂറായിരുന്നു. തോളിലോ ബെൽറ്റിലോ ഘടിപ്പിക്കുന്ന ക്യാമറ വഴി പൊലീസുകാരുടെ നീക്കങ്ങൾ ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാൻ കഴിയുമായിരുന്നു.

എന്നാൽ, ഉപയോഗിച്ചു തുടങ്ങി മാസങ്ങൾക്കകം ക്യാമറ ചൂടുപിടിച്ചു തുടങ്ങി. സങ്കേതിക തകരാറുകൾകൂടി വന്നതോടെ ഉദ്യോഗസ്ഥർ ക്യാമറകൾ ഉപേക്ഷിച്ചു. ശരിയാക്കിയെടുക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

യൂണിഫോമിൽ ക്യാമറയും ഘടിപ്പിച്ച് പൊലീസുകാരിൽ ഒരു സ്ഥലത്തുനിന്നാൽ ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ വരെ ലഭിക്കുമായിന്ന സംവിധാനത്തിന് പക്ഷെ ആഴ്ചകൾ മാത്രമായിരുന്നു ആയുസ്സ്. ദേഹത്ത് ഘടിപ്പിച്ച് വയ്ക്കുന്ന ക്യാമറ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായി പൊലീസുകാര് ഉന്നയിച്ചതിന് പിന്നാലെ ഉപയോഗം നിർത്തിവച്ചു.

വിവിധ ജില്ലകളിലേക്ക് നൽകിയ ക്യാമറകൾ മാസം രണ്ട് കഴിയും മുമ്പേ പൂട്ടിക്കെട്ടി. സാങ്കേതിക പ്രശ്‌നങ്ങളുണ്ടായാൽ തിരിച്ചെടുക്കണമെന്ന ടെണ്ടർ വ്യവസ്ഥ മുതലാക്കാൻ പോലും പൊലീസ് ശ്രമിച്ചതുമില്ല, എല്ലാ യൂണിറ്റിലെയും സ്റ്റോറുകളിൽ കെടുകാര്യസ്ഥതയുടെയും ധൂർത്തിന്റെയും പ്രതീകമായി പൊടിയടിച്ച് കിടക്കുകയാണ് ലക്ഷങ്ങൾ വിലവരുന്ന ക്യാമറകളിപ്പോൾ.

പൊതുജനങ്ങളോട് മോശമായി പെരുമാറിയാൽ കൈയോടെ പിടിവീഴുന്ന സംവിധാനമായതിനാൽ ചില ഉദ്യോഗസ്ഥർക്ക് തുടക്കമുതലേ ഉപയോഗിക്കാനും മടിയായിരുന്നു. ക്യാമറകളെന്ത് ചെയ്‌തെന്ന് ഉന്നത ഉദ്യോഗസ്ഥരാരും ഇതുവരെ അന്വേഷിച്ചിട്ടുമില്ല. പലവഴി പാഴാക്കിയ കോടികൾക്കിടയിൽ ക്യാമറക്ക് മുടക്കിയ കാശും സംസ്ഥാന സർക്കാരിന്റെ ധൂർത്തിന്റെ പ്രതീകമായി മാറി.