മുംബൈ: ഹിന്ദി ചലച്ചിത്ര മേഖലയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന അംഗീകാരം നേടിയത് വമ്പന്‍ നിര്‍മ്മാതാവായ റോണി സ്‌ക്രൂവാലയാണ്. 2025 ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പട്ടികയിലാണ് റോണി സ്‌ക്രൂവാലയുടെ പേര് ഒന്നാമത് എത്തിയത്. എന്നാല്‍ ബോളിവുഡിലെ ഏറ്റവും ശക്തരായ നിര്‍മ്മാതാക്കളില്‍ ഒരാളാകുന്നതിന് വളരെ മുമ്പുതന്നെ, അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തെയും ആത്മവിശ്വാസത്തെയും പരീക്ഷിക്കുന്ന ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ സ്‌ക്രൂവാലയ്ക്ക് നേരിടേണ്ടി വന്നു.

1997 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ പദ്ധതിയായ ദില്‍ കെ ജരോക്കെ മേന്‍ ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു. മനീഷ കൊയ്രാള, മാമിക് സിംഗ്, വികാസ് ഭല്ല എന്നിവര്‍ അഭിനയിച്ച ഈ ചിത്രം യുടിവി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ റോണിയും ഭാര്യ സറീനയും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. പിന്നീട് തുടര്‍ച്ചയായ അഞ്ച് ബോക്സോഫീസ് പരാജയങ്ങളെയാണ് സ്‌ക്രൂവാലാ നേരിടേണ്ടി വന്നത്. ഇതില്‍ നിന്ന് പിന്‍മാറിയാല്‍ മറ്റൊരു കരിയര്‍ തന്റെ മുന്നില്‍ ഇല്ലായിരുന്നു എന്നതാണ് വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ കാരണമായി മാറിയതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

മാധ്യമ സംരംഭങ്ങളും ടെലിവിഷന്‍ ചാനലുകളും ആരംഭിക്കുന്നതില്‍ ആത്മവിശ്വാസം തോന്നിയെങ്കിലും, ചലച്ചിത്ര നിര്‍മ്മാണം തുടക്കത്തില്‍ തന്നെ അനിശ്ചിതത്വത്തിലാക്കിയതായി സ്‌ക്രൂവാലാ വ്യക്തമാക്കി. സ്‌ക്രൂവാലയുടെ നേതൃത്വത്തില്‍ യുടിവി എടുത്ത ഏറ്റവും ധീരമായ തീരുമാനങ്ങളിലൊന്ന്, ലക്ഷ്യ, സ്വദേശ്, രംഗ് ദേ ബസന്തി എന്നിവയുള്‍പ്പെടെ ഒന്നിലധികം അഭിലാഷ പദ്ധതികള്‍ക്ക് ഒരേസമയം അംഗീകാരം നല്‍കിയതായിരുന്നു. ഏതാണ് വിജയിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തമായി കഥകള്‍ പറയുക, യുവ പ്രതിഭകളുമായി സഹകരിക്കുക, പുതിയ സംവിധായകരെ ഉള്‍പ്പെടുത്തുക എന്നിവയായിരുന്നു ടീമിന്റെ ലക്ഷ്യം. താരസാന്നിധ്യത്തേക്കാള്‍ സ്‌ക്രിപ്റ്റുകള്‍ക്ക് മുന്‍ഗണന നല്‍കി. നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയ രംഗ് ദേ ബസന്തിയാണ് നിര്‍ണായക വഴിത്തിരിവായത്, ഇത് ഇന്ത്യന്‍ സിനിമയിലെ ഒരു പ്രധാന സര്‍ഗ്ഗാത്മക ശക്തിയായി യുടിവിയെ ഉറപ്പിച്ചു. യുടിവിയില്‍ നിന്ന് മാറിയ ശേഷം, സ്‌ക്രൂവാല ആര്‍എസ്വിപി മൂവീസ് ആരംഭിച്ചു.

തുടര്‍ന്ന് പ്രശംസ നേടിയ സിനിമകളും ആന്തോളജി പ്രോജക്ടുകളും നിര്‍മ്മിക്കപ്പെട്ടു. ലസ്റ്റ് സ്റ്റോറീസ്, ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്, രാത് അകേലി ഹേ, പാവ കഥൈഗല്‍, സാം ബഹാദൂര്‍ തുടങ്ങിയ നിരവധി സിനിമകള്‍ കമ്പനി നിര്‍മ്മിച്ചു. 2008-ല്‍ എസ്‌ക്വയര്‍ 21-ാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള 75 വ്യക്തികളുടെ കൂട്ടത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

അടുത്ത വര്‍ഷം, ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ 100 പേരില്‍ എഴുപത്തിഎട്ടാം സ്ഥാനത്ത് സ്‌ക്രൂവാലയെ തെരഞ്ഞെടുത്തിരുന്നു. ഈ ബഹുമതികള്‍ക്ക് പുറമേ, ഫോര്‍ച്യൂണ്‍ മാഗസിന്‍ അദ്ദേഹത്തെ ഏഷ്യയിലെ ഏറ്റവും ശക്തരായ 25 ആളുകളില്‍ ഒരാളായി തിരഞ്ഞെടുത്തു. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 അനുസരിച്ച്, റോണി സ്‌ക്രൂവാലക്ക ഇപ്പോള്‍ ഏകദേശം 1.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.